മണിപ്പൂര്‍ ശാന്തമാകുന്നു എന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ഉഖ്രുല്‍ ജില്ലയില്‍ നിന്ന് പുതിയ സംഘര്‍ഷ വാര്‍ത്തകള്‍ പുറത്തുവരുന്നത്. തങ്ഖുല്‍ നാഗ, കുക്കി-സോ സമുദായങ്ങള്‍ക്കിടയില്‍ ഉടലെടുത്ത തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും സംസ്ഥാനത്തെ വീണ്ടും അരാജകത്വത്തിലേക്ക് കൊണ്ടുപോകുമോ എന്ന ഭീതി വര്‍ദ്ധിപ്പിക്കുകയാണ്.
മാര്‍ച്ച് 11 ന് ഉഖ്രുല്‍-ഇംഫാല്‍ റോഡില്‍ ഷാങ്കായ് ഗ്രാമത്തിന് സമീപം, 21 തങ്ഖുല്‍ നാഗ സിവിലിയന്മാരെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയി. കുക്കി തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് നാഗ സംഘടനകള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് നടത്തിയ ശക്തമായ ഇടപെടലുകളും സിവില്‍ സൊസൈറ്റി സംഘടനകളുടെ ചര്‍ച്ചകളും വഴി വ്യാഴാഴ്ച പുലര്‍ച്ചെയോടെ ബന്ദികളെ വിട്ടയച്ചു. ഈ സംഭവം പ്രദേശത്ത് വീണ്ടും വര്‍ഗീതയുടെ വിത്ത് മുളപ്പിക്കുകയാണ്.
നാഗ സിവിലിയന്മാര്‍ മോചിതരായതിന് പിന്നാലെ, കാണാതായ രണ്ട് കുക്കി യുവാക്കളുടെ മൃതദേഹങ്ങള്‍ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. തങ്ഖുല്‍ വളണ്ടിയര്‍മാരാണ് തങ്ങളുടെ ആളുകളെ വധിച്ചതെന്ന് കുക്കി ഗ്രാമ അധികാരികള്‍ ആരോപിക്കുന്നു. കുടിലുകള്‍ കത്തിക്കലും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇരു സമുദായങ്ങളും പരസ്പര വിശ്വാസമില്ലായ്മയുടെയും പകപോക്കലിന്റെയും വക്കിലാണ്.
മണിപ്പൂരിലെ വംശീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ബിജെപി സര്‍ക്കാര്‍ പുതിയൊരു സാമൂഹിക പ്രാതിനിധ്യ ഫോര്‍മുല അവതരിപ്പിച്ചിരുന്നു. മെയ്തി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയും, നാഗ, കുക്കി വിഭാഗങ്ങളില്‍ നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതായിരുന്നു ഈ ഭരണസംവിധാനം. എന്നാല്‍ ഇത് ലക്ഷ്യം കണ്ടില്ല.
കുക്കി വിഭാഗത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി നെംച കിപ്‌ജെന് ഇംഫാലിലെ ഓഫീസില്‍ ഇരിക്കാന്‍ പോലുമുള്ള സുരക്ഷിതത്വം നിലവിലില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു മാസമായിട്ടും ഇംഫാലിലേക്ക് പോകാന്‍ കഴിയാത്ത അവര്‍ കാങ്പോക്പിയിലെ വീട്ടിലിരുന്നാണ് ഭരണനിര്‍വഹണം നടത്തുന്നത്. കുക്കി സമുദായത്തിന് സ്വയംഭരണം ലഭിക്കാതെ ഇത്തരം പദവികള്‍ സ്വീകരിക്കുന്നതിനെതിനെ സ്വന്തം സമുദായത്തില്‍ നിന്നുള്ളവരുടെ എതിര്‍പ്പുകളും രൂക്ഷമാണ്.
2003 മെയ് മൂന്നിനായിരുന്നു ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന്’ പിന്നാലെയായിരുന്നു അക്രമങ്ങള്‍ ആരംഭിച്ചത്. മെയ്തി വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പിന്നീട് ഇത് ചേരിതിരിഞ്ഞുള്ള വര്‍ഗീയ കലാപമായി മാറുകയായിരുന്നു. തുടര്‍ന്ന് മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലിതാന്‍ ഗ്രാമത്തിലുണ്ടായ തര്‍ക്കത്തില്‍ 30 ലധികം വീടുകള്‍ കത്തിനശിച്ചതും ഇന്റര്‍നെറ്റ് നിരോധിച്ചതും പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്നതായിരുന്നു. ഗ്രാമങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച വില്ലേജ് വളണ്ടിയര്‍മാര്‍ ഇപ്പോള്‍ സായുധ സംഘങ്ങളായി മാറുന്നതാണ് ഏറ്റവും വലിയ ഭീഷണി.
ഉഖ്രുലിലെ നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് മണിപ്പൂര്‍ ഇനിയും സാധാരണ നിലയിലായിട്ടില്ല എന്നാണ്. നാഗ സമുദായം കൂടി ഈ സംഘര്‍ഷങ്ങളുടെ ഭാഗമാകുന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ വെര്‍ച്വല്‍ മീറ്റിംഗുകളില്‍ ഒതുങ്ങുന്നതും മന്ത്രിമാര്‍ക്ക് സ്വന്തം ഓഫീസുകളില്‍ എത്താന്‍ കഴിയാത്തതും ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ വെളിവാക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ അടിയന്തരമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മണിപ്പൂര്‍ വീണ്ടും വലിയൊരു ആഭ്യന്തര കലാപത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Content Summary: Manipur on edge: armed conflict erupts in Ukhrul as Naga-Kuki tensions resurface