June 03, 2026 |
Share on

രാഷ്ട്രീയ തന്ത്രത്തില്‍ തോറ്റ് ബിജെപി, ജനാധിപത്യത്തിന്റെ വാതില്‍ തുറന്ന് പ്രതിപക്ഷം

ഈ പരാജയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കും, പ്രതിപക്ഷത്തിന്റെ മുന്നിലുള്ള അടുത്ത വെല്ലുവിളിയതാണ്

വെള്ളിയാഴ്ച്ച നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ തിരിച്ചടിയുടെയും നാണക്കേടിന്റെയും ദിനമായിരുന്നു. പ്രതിപക്ഷത്തിന് വിജയത്തിന്റെയും. മോദി സര്‍ക്കാരിന്റെ കരുത്ത് യഥാര്‍ത്ഥത്തില്‍ ഐക്യമില്ലാത്ത പ്രതിപക്ഷമായിരുന്നു. എന്നാല്‍ ഇന്നലെ കഥ മാറി. ഭരണഘടന ഭേദഗതി ബില്ലിന്റെ പരാജയം ജനാധിപത്യപരമായ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഭരണഘടനയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള വലിയ അവസരം തുറന്നു നല്‍കല്‍ കൂടിയാണ്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടത് കേവലം ഒരു സാങ്കേതിക തിരിച്ചടിയായല്ല, മറിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കേറ്റ കനത്ത പ്രഹരമായി തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ 12 വര്‍ഷമായി സഭയില്‍ സര്‍ക്കാരിനുണ്ടായിരുന്ന ആധിപത്യം തകരുന്ന കാഴ്ചയ്ക്കാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്. ഈ പരാജയം പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് തെളിയിക്കുന്നതോടൊപ്പം, ഭരണഘടനയുടെ അന്തസത്തയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.

ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി എക്‌സിക്യൂട്ടീവ് അധികാരം ഉറപ്പിക്കുക എന്ന ബിജെപിയുടെ സ്ഥിരം ഭരണശൈലിയുടെ ഭാഗമായിരുന്നു ഈ ബില്ലുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വനിതാ സംവരണമെന്ന വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി ബന്ധിപ്പിച്ചത് ഇതിന്റെ തെളിവാണ്. രാജ്യത്ത് രാഷ്ട്രീയമായ സമവായമുള്ള വനിതാ സംവരണ വിഷയത്തെ മുന്‍നിര്‍ത്തി, ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

സ്ത്രീ ശാക്തീകരണമെന്ന ആശയത്തെ രാഷ്ട്രീയമായി ആയുധമാക്കുകയും അതിലൂടെ ധാര്‍മ്മികമായ മേല്‍ക്കൈ നേടുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ചെയ്തുവന്നത്. എന്നാല്‍ ബില്‍ പരാജയപ്പെട്ടതോടെ, ഈ വിഷയത്തെ ജനങ്ങള്‍ക്കിടയില്‍ വൈകാരികമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചേക്കാം. പ്രതിപക്ഷം വനിതാ വിരുദ്ധരാണെന്ന പ്രചാരണം ഇതിനോടകം തന്നെ ഭരണപക്ഷം ആരംഭിച്ചു കഴിഞ്ഞു. അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ജനങ്ങളെ അണിനിരത്തുന്ന ബിജെപി തന്ത്രത്തിന് മുന്നില്‍, വസ്തുതകള്‍ നിരത്തി പ്രതിരോധം തീര്‍ക്കുക എന്നത് പ്രതിപക്ഷത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി പരീക്ഷിച്ച രാഷ്ട്രീയ പരീക്ഷണങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഈ ഭേദഗതിയെന്നും ആക്ഷേപമുണ്ട്. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനുള്ള നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെ തകര്‍ക്കുകയും പ്രാദേശികമായ ചേരിതിരിവുകള്‍ക്ക് കാരണമാവുകയും ചെയ്യും.

ഈ തിരിച്ചടിയിലൂടെ ബിജെപിയുടെ ‘സ്ഥിരമായ വിപ്ലവം’ എന്ന തന്ത്രത്തിന് താല്‍ക്കാലികമായി തടയിടാന്‍ പ്രതിപക്ഷത്തിനായി. എങ്കിലും, ജനാധിപത്യം നേരിടുന്ന ഭീഷണികള്‍ അവസാനിച്ചിട്ടില്ല. ഭരണഘടനാപരമായ ചര്‍ച്ചകള്‍ കേവലം രാഷ്ട്രീയ അവസരവാദത്തിനപ്പുറം സത്യസന്ധവും സുതാര്യവുമാകേണ്ടതുണ്ടെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ സമവായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമോ അതോ രാഷ്ട്രീയ പോരാട്ടം തുടരുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Content Summary; Constitutional Amendment Bill fails in Lok Sabha, Major setback for Modi govt, opposition proved their unity

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×