ചെന്നൈ നീലാങ്കരൈയിലെ തങ്ങളുടെ കുടുംബവീട്ടില്‍ താമസം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ വിജയുടെ ഭാര്യ സംഗീത ചെങ്ങല്‍പേട്ട് ജില്ലാ കോടതിയില്‍ ഇടക്കാല ഹര്‍ജി നല്‍കി.
1954-ലെ പ്രത്യേക വിവാഹ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സമര്‍പ്പിച്ചിട്ടുള്ള വിവാഹമോചന ഹര്‍ജിക്കൊപ്പമാണ് ഈ ഉപഹര്‍ജിയും ഫയല്‍ ചെയ്തിരിക്കുന്നത്. വിവാഹമോചനത്തിന് പുറമെ, സ്ഥിരമായ ജീവനാംശം കേസ് തീര്‍പ്പാക്കുന്നത് വരെയോ അല്ലെങ്കില്‍ സമാനമായ മറ്റൊരു താമസമൊരുക്കുന്നത് വരെയോ നീലങ്കരൈയിലെ ശ്രീ കപാലീശ്വര്‍ നഗറിലെ കാസുവാരിന ഡ്രൈവ് നമ്പര്‍ 36 ലെ ഭര്‍തൃഗൃഹത്തില്‍ താമസിക്കാനുള്ള അവകാശം എന്നിവയാണ് സംഗീത ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. ഫെബ്രുവരി 22-ന് നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ കഴിഞ്ഞ 26 വര്‍ഷമായി വിജയ്‌യുടെ ഭാര്യയാണെന്നും അദ്ദേഹത്തിന്റെ ജീവിതനിലവാരത്തിന് അനുസൃതമായി ഒരു ഉത്തമ കുടുംബിനിയായി ജീവിച്ചതായും സംഗീത വ്യക്തമാക്കുന്നു. തങ്ങളുടെ മക്കളായ ജേസണ്‍ സഞ്ജയ് (25), ദിവ്യ സാഷ (20) എന്നിവരെ വളര്‍ത്തുന്നതിനും വീട് പരിപാലിക്കുന്നതിനുമാണ് താന്‍ ജീവിതം സമര്‍പ്പിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
തമിഴ് സിനിമയിലെ മുന്‍നിര നായകനെന്ന നിലയിലും ‘തമിഴക വെട്രി കഴകം’ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിലൂടെ സജീവ രാഷ്ട്രീയക്കാരനെന്ന നിലയിലുമുള്ള വിജയ്‌യുടെ പൊതു വ്യക്തിത്വത്തെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കോടതിയെ സമീപിക്കുന്നതിന് മുമ്പ് തര്‍ക്കങ്ങള്‍ സൗഹാര്‍ദ്ദപരമായി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെട്ടുവെന്നും 48-കാരിയായ സംഗീത പറയുന്നു. നിയമപരമായി പിരിയാന്‍ തീരുമാനിച്ചാല്‍ കുടുംബവീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് വിജയ്യുടെ അഭിഭാഷകന്‍ സൂചിപ്പിച്ചതായും ഇത് തനിക്ക് വലിയ ആശങ്കയുണ്ടാക്കിയെന്നും അവര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ലണ്ടനില്‍ നിന്നുള്ള ബയോമെഡിക്കല്‍ സയന്‍സ് ബിരുദമുണ്ടെങ്കിലും നിലവില്‍ ഭര്‍ത്താവിന്റെ പദവിക്ക് അനുയോജ്യമായ മറ്റൊരു താമസസ്ഥലം ലഭ്യമല്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍, സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 151 പ്രകാരം നീലാങ്കരൈയിലെ വീട്ടില്‍ എല്ലാ സൗകര്യങ്ങളോടും കൂടി താമസം തുടരാന്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് വേണമെന്നാണ് സംഗീതയുടെ ആവശ്യം. വിജയ്‌യുടെ പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏറെ പ്രാധാന്യമുള്ള വിലാസമാണ് ഈ വീട് എന്നതിനാല്‍ത്തന്നെ കേസിന് വലിയ വാര്‍ത്താപ്രാധാന്യമാണ് ലഭിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വിജയ് തയ്യാറെടുക്കുന്ന വേളയില്‍ പുറത്തുവന്ന ഈ നിയമപോരാട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Content Summary; Vijay-Sangeetha Divorce case. Continue living in vijay’s Neelankarai home, wife sangeetha filed petition in district court.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.