ഡെന്മാര്ക്കിലെ ‘ വിവാദ മത്സ്യകന്യക’ യെ നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ച പ്രതിമയാണ് കോപ്പന്‍ഹേഗിലെ ഡ്രാഗര്‍ കോട്ടയില്‍ സ്ഥിതി ചെയ്യുന്ന 4×6 മീറ്റര്‍ ഉയരമുള്ള ഡെന്‍ സ്റ്റോര്‍ ഹാവ്ഫ്രൂ എന്നറിയപ്പെടുന്ന മത്സ്യകന്യക(ബിഗ് മെര്‍മെയ്ഡ്).
‘വൃത്തികെട്ടതും അശ്ലീലവും’ എന്നതായിരുന്നു പ്രതിമയ്ക്കെതിരേയുള്ള പ്രധാന ആക്ഷേപം. സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്നവെന്നും, കോട്ടയുടെ സാംസ്കാരിക പൈതൃകത്തിന് എതിരാണെന്നതും ചൂണ്ടിക്കാട്ടി, മത്സ്യകന്യകയെ പൊതുജനങ്ങള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നതായിരുന്നു ഡെന്മാര്ക്കിലെ ചൂടേറിയ ചര്‍ച്ച. വിവാദങ്ങള്‍ വലുതായതോടെയാണ് ഡാനിഷ് ഏജന്‍സി ഫോര്‍ പാലസസ് ആന്‍ഡ് കള്‍ച്ചര്‍, ഡ്രാഗര്‍ കോട്ടയില്‍ നിന്ന് പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
കലാനിരൂപകനായ മത്യാസ് ക്രൈഗര് ആണ്, മത്സ്യകന്യകയുടെ പ്രതിമ വൃത്തികെട്ടതും അശ്ലീലവുമാണെന്ന് മുദ്രകുത്തിയത്. സ്ത്രീയെ വെറും ശരീരം മാത്രമായി ചിത്രീകരിക്കുകയാണ് ഇത്തരമൊരു പ്രതിമയിലൂടെയെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. ഒരു സ്ത്രീ എങ്ങനെയായിരിക്കണമെന്ന പുരുഷന്റെ സ്വപ്നത്തിന് അനുസരിച്ച് തയ്യാറാക്കുന്ന ഇത്തരം പ്രതിമകള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെയും ശരീരത്തിന്റെ സ്വകാര്യതയെയും മോശമായി ബാധിക്കുമെന്നാണ് പുരോഹിതയും മാധ്യമപ്രവര്‍ത്തകയുമായ സോറിന് ഗോട്ട്ഫ്രെഡ്സെന്, ബെര്‍ലിംഗ്സ്കെ എന്ന പത്രത്തില്‍ എഴുതിയത്.
എന്നാല്‍ ഇത്തരം വിവാദങ്ങള്‍ എന്തിനാണെന്നു മനസിലാകുന്നില്ലെന്നായിരുന്നു 14 ടണ്‍ ഭാരമുള്ള മത്സ്യകന്യകയുടെ പ്രതിമ നിര്‍മിച്ച പീറ്റര്‍ ബെക്ക് പറഞ്ഞത്. ശില്‍പ്പത്തിന്റെ സ്തനങ്ങള്‍ അതിന്റെ നിര്‍മിതിക്ക് ‘ആനുപാതികമായ വലിപ്പം’ മാത്രമാണെന്നാണ് വിമര്‍ശകരോടായി ബെക്ക് വിശദീകരിക്കുന്നത്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത സൗന്ദര്യ മൗനദണ്ഡങ്ങള് പ്രദര്‍ശിപ്പിക്കുകയാണ് പ്രതിമയുടെ സ്തനങ്ങളുടെ നിര്മിതിയിലൂടെയെന്നും, അത് ബോഡി ഷെയ്മിംഗ് ആയി കണക്കാക്കപ്പെടുമെന്നുമാണ് ബെര്ലിംഗ്സ്കെയുടെ ഡിബേറ്റ് എഡിറ്ററായ അമിനാറ്റ കോര്‍ ത്രാനെ വിമര്‍ശിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട സ്ത്രീയുടെ സ്തനങ്ങള്‍ക്ക് നിശ്ചിത ആകൃതിയും വലിപ്പവും വേണമെന്ന അകാദമിക് നിബന്ധനകളുണ്ടോ എന്നാണ് അമിനാറ്റ പത്രത്തിലൂടെ ചോദിക്കുന്നത്.
2006 ലാണ് കോപ്പന്‍ഹേഗനിലെ ലാംഗെലിനി പിയറില്‍ ചെറിയ മത്സ്യകന്യക(ലിറ്റില്‍ മെര്‍മെയ്ഡ്)യുടെ പ്രതിമയ്ക്ക് സമീപമായി വിവാദഹേതുവായ വലിയ മത്സ്യകന്യകയെ സ്ഥാപിക്കുന്നത്. ഇതൊരു വ്യാജ നിര്‍മിതിയും ആശ്ലീലവുമാണെന്ന് ജനങ്ങള്‍ ശബ്ദമുയര്‍ത്തിയതോടെ 2018 ല്‍ ഈ പ്രതിമ അവിടെ നിന്നും മാറ്റി. അവിടെ നിന്നുമാണ് ഡ്രാഗര്‍ കോട്ടയില്‍ പ്രതിമ സ്ഥാപിക്കുന്നത്.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃക ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഡ്രാഗര്‍ കോട്ടയില്‍ നിന്നും ഈ പ്രതിമ നീക്കം ചെയ്യാന്‍ ഡാനിഷ് ഏജന്‍സി ഫോര്‍ പാലസസ് ആന്‍ഡ് കള്‍ച്ചര്‍ അഭ്യര്‍ത്ഥിച്ചത്. അതോടെ പ്രതിമയുടെ സ്രഷ്ടാവായ പീറ്റര്‍ ബെക്ക് മത്സ്യകന്യകയെ ഡ്രാഗര്‍ മുനിസിപ്പാലിറ്റിക്ക് സംഭാവന ചെയ്യാമെന്ന വാഗ്ദാനവുമായി രംഗത്തു വന്നു. എന്നാല്‍ പ്രതിമയുടെ വലിപ്പവും അതേ തുടര്‍ന്നുണ്ടായ വിവാദവും കാരണം മുന്‍സിപ്പിലാറ്റി അധികൃതര്‍ ബെക്കിന്റെ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇനി ഈ പ്രതിമയുടെ ഭാവി എന്താകുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. Controversial Big Mermaid statue in Denmark being removed
Content Summary; Controversial Big Mermaid statue in Denmark being removed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.