June 13, 2026 |

‘ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായങ്ങള്‍ ഭാവിയില്‍ ആവശ്യമാകും; ഇങ്ങോട്ട് എങ്ങനെയോ അത് തന്നെയാകും തിരിച്ചും’

വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മേധാവിയുടെ ഭീഷണി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുക്കാത്ത ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണി മുഴക്കി സംസ്‌കൃതം വ്യാകരണ വിഭാഗം എച്ച്.ഒ.ഡി. ഡോ. ആര്‍.ഡി. സുനില്‍കുമാറിന്റെ വോയിസ് മെസേജ് പുറത്ത്. വരാനിരിക്കുന്ന ഗവേഷണഘട്ടങ്ങളില്‍ വകുപ്പിന്റെ സഹകരണം വേണമെന്നുണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന അധ്യാപകന്റെ താക്കീത് സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹം വോയ്‌സ് മെസേജ് അയച്ചതെന്ന് സോഷ്യോളജി ഗവേഷക വിദ്യാര്‍ത്ഥി അഹമ്മദ് കാസ്‌ട്രോ അഴിമുഖത്തോട് പ്രതികരിച്ചു. ഒന്ന് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ടീച്ചര്‍ റിട്ടയര്‍ ആകുന്ന ചടങ്ങും രണ്ടാമത്തേത് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുക്കുന്ന പരിപാടിയുമായും ബന്ധപ്പെട്ടായിരുന്നു.

”ഗവേഷക വിദ്യാര്‍ത്ഥികളോടാണ് പ്രത്യേകിച്ച് പറയാനുള്ളത്. ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായങ്ങളും സഹകരണങ്ങളും നിങ്ങള്‍ക്ക് ഭാവിയില്‍ ആവശ്യമായി വരും. അതിനാല്‍ ഗവര്‍ണറുടെ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കുക. ഇങ്ങോട്ടുള്ള സഹകരണം അനുസരിച്ചായിരിക്കും അങ്ങോട്ടുമുള്ള സഹകരണം ഉണ്ടാകുക. പരിപാടിയോട് എത്രത്തോളം ആത്മാര്‍ത്ഥമായി സഹകരിക്കുന്നുണ്ടെന്ന് നോക്കി ബുക്കില്‍ നോട്ട് ചെയ്തുവെക്കും. ആര്‍.എ.സി, ഓപ്പണ്‍ ഡിഫന്‍സ് വരെയുള്ള കാര്യങ്ങള്‍ മുന്നിലുണ്ടെന്ന് ഓര്‍ക്കുക” – ഡോ. സുനില്‍കുമാര്‍ സന്ദേശത്തില്‍ പറഞ്ഞു.

ഈ പരാമര്‍ശം ഗവേഷകരുടെ ഭാവി തുലാസിലാക്കുന്ന തരത്തിലുള്ള ഭീഷണിയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ”അധ്യാപകന്റെ ശബ്ദ സന്ദേശത്തില്‍ വ്യക്തത വരുത്തുന്നതിനായി ഗവേഷക സംഘടനയും എസ്.എഫ്.ഐ സബ് കമ്മിറ്റിയുമായ എ.കെ.ആര്‍.എസ്.എ ഭാരവാഹികള്‍ എച്ച്.ഒ.ഡിയെ നേരില്‍ കണ്ടിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അധ്യാപകന്റെ സന്ദേശം ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുകയും സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി ഒഴിഞ്ഞുമാറാനുമാണ് അദ്ദേഹം ശ്രമിച്ചത്” അഹമ്മദ് കാസ്‌ട്രോ പറയുന്നു. അധ്യാപകന്റെ നടപടിക്കെതിരെ ഗവേഷക സംഘടന രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സര്‍വകലാശാല പുറപ്പെടുവിച്ച വിവാദ സര്‍ക്കുലറിലും വിസി നിയമനത്തിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിച്ചു. ഗവര്‍ണര്‍ വരുമ്പോഴും പോകുമ്പോഴും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൂടാതെ, സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിഷേധത്തിന് കാരണമായി. കുറച്ചുനാളായി താല്കാലിക വിസിയുടെ കീഴിലായിരുന്ന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. ഡോ. സിസാ തോമസ് പുതിയ വിസിയായി ചാര്‍ജെടുത്തതിന് പിന്നാലെ വിവിധ വകുപ്പുകളില്‍ നടത്തിയ പുനര്‍ക്രമീകരണങ്ങളും പ്രതിഷേധത്തിന് ആക്കം കൂട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പരിപാടികള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ നിര്‍ബന്ധിക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

Content Summary: Controversy at Sanskrit University: HOD threatens research scholars over Governor’s event

Leave a Reply

Your email address will not be published. Required fields are marked *

×