ലോകകപ്പില്‍ ഡിആര്‍ കോംഗോയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയിക്കാനാകാതെ പോയതില്‍ പോര്‍ച്ചുഗല്‍ ടീമിന് നേരിടേണ്ടി വന്നതിനെക്കാള്‍ പരിഹാസവും കുറ്റപ്പെടുത്തലും കേള്‍ക്കേണ്ടി വന്നത് ക്രിസ്ത്യാനോ റൊണാള്‍ഡോയ്‌ക്കോയായിരുന്നു. ലോകം വാഴ്ത്തുന്ന ഫുട്‌ബോള്‍ രാജാവിന്റെ കാലം കഴിഞ്ഞുവെന്നാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ പോലും നിരാശപ്പെട്ടത്. എന്നാല്‍ ആദ്യ കളിയില്‍ ഫോം കണ്ടെത്താനാകാതെ ഉഴറിയ റൊണാള്‍ഡോ, തന്നെ ഒരു കളിയില്‍ മാത്രമേ തളച്ചിടാനാകൂ എന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഉസ്‌ബെക്കിസ്ഥാനുമായുള്ള മത്സരത്തിലൂടെ.
ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി പോര്‍ച്ചുഗലിനെ 5-0 ത്തിന്റെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ രാജകീയ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. മത്സരശേഷം ടെലിവിഷന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തി ‘ഞാന്‍ തിരിച്ചുവന്നിരിക്കുന്നു’ എന്ന് അദ്ദേഹം ആക്രോശിച്ചപ്പോള്‍, അത് ഫുട്‌ബോള്‍ ലോകത്തിനുള്ള ശക്തമായ ഒരു സന്ദേശമായിരുന്നു. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. കൂടാതെ, 2006 മുതല്‍ തുടര്‍ച്ചയായി ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഈ 41-കാരന്‍ സ്വന്തം പേരില്‍ കുറിച്ചു.
ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് റൊണാള്‍ഡോ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വലകുലുക്കുന്നത്. 2022 ഖത്തര്‍ ലോകകപ്പിലെ ഘാനയ്ക്കെതിരായ ആദ്യ മത്സരത്തിലെ പെനാല്‍റ്റി ഗോളിന് ശേഷം നടന്ന മത്സരങ്ങളിലും യൂറോ കപ്പിലെയും 10 മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായിരുന്നില്ല. ഇതേ സമയം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന എതിരാളിയായ ലയണല്‍ മെസ്സി 11 ലോകകപ്പ് ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരെല്ലാം തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ തന്നെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ റൊണാള്‍ഡോ പിന്നിലാകുകയാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉസ്‌ബെക്കിസ്ഥാനെതിരായ ആറാം മിനിറ്റിലെ ആദ്യ ഗോളിലൂടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കുമാണ് റൊണാള്‍ഡോ വിരാമമിട്ടത്. ജാവോ കാന്‍സലോയുടെ ലോ ക്രോസില്‍ നിന്നും, പിന്നീട് ഒന്നാം പകുതിയുടെ അവസാനത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികച്ചൊരു പാസില്‍ നിന്നുമായിരുന്നു റൊണാള്‍ഡോയുടെ രണ്ട് ഗോളുകളും പിറന്നത്. പ്രതിരോധ നിരയെ കബളിപ്പിച്ചുകൊണ്ടുള്ള റൊണാള്‍ഡോയുടെ കളിമിടുക്ക് ഈ ഗോളുകളില്‍ പ്രകടമായിരുന്നു. കരിയറിലെ കഠിനമായ ആഴ്ചയായിരുന്നു കടന്നുപോയതെന്നും, ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതുപോലെയാണ് പലരും സംസാരിച്ചതെന്നും, എന്നാല്‍ കഠിനാധ്വാനത്തിലൂടെ താന്‍ ശക്തമായി തിരിച്ചെത്തിയെന്നും റൊണാള്‍ഡോ മത്സരശേഷം പ്രതികരിച്ചു.
മത്സരത്തില്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ തന്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റൊണാള്‍ഡോയുടെ സാന്നിധ്യം കളിയില്‍ ഒരു ചതിക്കുഴിയായി ഉപയോഗിക്കാന്‍ മാര്‍ട്ടിനെസിന് സാധിച്ചു. ഇതിന്റെ മികച്ച ഉദാഹരണമായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍. ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീ കിക്ക് എടുക്കാന്‍ റൊണാള്‍ഡോ തയ്യാറായി നിന്നപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രതിരോധ നിരയുടെയും ഗോള്‍കീപ്പറുടെയും ശ്രദ്ധ മുഴുവന്‍ റൊണാള്‍ഡോയിലായിരുന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പിഎസ്ജി ലെഫ്റ്റ് ബാക്ക് നൂനോ മെന്‍ഡസ് എടുത്ത ഫ്രീ കിക്ക് നേരിട്ട് വലയിലെത്തി. റൊണാള്‍ഡോയെ ടാര്‍ഗറ്റ് ചെയ്തപ്പോള്‍ മെന്‍ഡസിനെ ശ്രദ്ധിക്കാന്‍ ഉസ്‌ബെക്ക് പ്രതിരോധം മറന്നുപോയിരുന്നു. പോര്‍ച്ചുഗലിന്റെ സെറ്റ് പീസ് കോച്ചായ ഓസ്റ്റിന്‍ മക്ഫീയുടെ ബുദ്ധിപരമായ തന്ത്രങ്ങള്‍ ഈ മത്സരത്തിലുടനീളം കാണാമായിരുന്നു.
റൊണാള്‍ഡോയോടൊപ്പം തന്നെ പോര്‍ച്ചുഗല്‍ നിരയില്‍ എടുത്തുപറയേണ്ടത് മഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പ്രകടനമാണ്. പ്രീമിയര്‍ ലീഗില്‍ 21 അസിസ്റ്റുകളുമായി തകര്‍പ്പന്‍ ഫോമിലുള്ള ബ്രൂണോയാണ് മത്സരത്തില്‍ റൊണാള്‍ഡോയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഉസ്‌ബെക്ക് പ്രതിരോധ നിരയുടെ ഇടയിലൂടെ റൊണാള്‍ഡോയുടെ റണ്ണിന് കൃത്യമായി പന്ത് എത്തിച്ചു നല്‍കാന്‍ ബ്രൂണോയ്ക്ക് സാധിച്ചു. കളിക്കളത്തിലെ കൃത്യമായ കാഴ്ചപ്പാടും, പന്ത് സഹതാരങ്ങള്‍ക്ക് പാസ് ചെയ്യാനുള്ള അസാധാരണമായ കൃത്യതയും ബ്രൂണോയെ യൂറോപ്പിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാക്കി മാറ്റുന്നു.
അതേസമയം, പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗോള്‍കീപ്പര്‍ അബ്ദു വോഹിദ് നെമാറ്റോവിന്റെ പിഴവില്‍ നിന്നുള്ള ഒരു സെല്‍ഫ് ഗോള്‍ ആയിരുന്നു. ഈ ലോകകപ്പിലെ ഒമ്പതാമത്തെ സെല്‍ഫ് ഗോള്‍ ആയിരുന്നു ഇത്. 48 ടീമുകളായി ടൂര്‍ണമെന്റ് വ്യാപിപ്പിച്ചതോടെ വലിയ ടീമുകളും ചെറിയ ടീമുകളും തമ്മിലുള്ള നിലവാര തകര്‍ച്ചയും പ്രതിരോധ നിരയിലെ കടുത്ത പിഴവുകളുമാണ് ഇത്രയധികം സെല്‍ഫ് ഗോളുകള്‍ പിറക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വലിയ തോല്‍വി വഴങ്ങിയെങ്കിലും ഉസ്‌ബെക്കിസ്ഥാന്‍ ആരാധകര്‍ക്ക് ഈ മത്സരം പൂര്‍ണ്ണമായി നിരാശ നല്‍കുന്നതല്ല. കാരണം, ഉസ്‌ബെക്കിസ്ഥാനില്‍ സ്വന്തം രാജ്യത്തെക്കാളും ആരാധകരുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പല ആരാധകരും റൊണാള്‍ഡോ തങ്ങളുടെ രാജ്യത്തിനെതിരെ ഗോള്‍ നേടാന്‍ ആഗ്രഹിച്ചിരുന്നു. മത്സരത്തില്‍ അസീസ്‌ജോന്‍ ഗാനിഫിന്റെ ഒരു മനോഹരമായ ഗോള്‍ ഓഫ്സൈഡ് കാരണം നിഷേധിക്കപ്പെട്ടത് ഉസ്‌ബെക്കിസ്ഥാന് തിരിച്ചടിയായി. ഇനി ഡിആര്‍ കോംഗോയ്ക്കെതിരെ നടക്കാനിരിക്കുന്ന അവസാന മത്സരമാണ് ഫാബിയോ കന്നവാരോ പരിശീലിപ്പിക്കുന്ന ഉസ്‌ബെക്കിസ്ഥാന്റെ ലോകകപ്പ് വിധി നിര്‍ണ്ണയിക്കുക. ഗോള്‍ വ്യത്യാസങ്ങള്‍ കുറവായതിനാല്‍ അടുത്ത റൗണ്ടിലേക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടണമെങ്കില്‍ അവര്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടിവരും.
Content Summary; Cristiano Ronaldo bounces back with a brace against Uzbekistan, becoming the first player to score in six World Cups.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.