December 09, 2024 |
Share on

COP 29: ക്ലൈമറ്റ് ഫിനാന്‍സ് വെല്ലുവിളികള്‍

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ ഫണ്ട് എങ്ങനെ സമാഹരിക്കാം എന്നതാണ് പ്രധാന ചര്‍ച്ച

അസര്‍ബൈജാനിലെ ബാക്കുവില്‍ സിഒപി29(COP 29) കാലാവസ്ഥാ ഉച്ചകോടിക്കായി സമ്മേളിച്ച ആഗോള സമൂഹത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഉയര്‍ന്നുവന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ ഫണ്ട് എങ്ങനെ സമാഹരിക്കാം എന്നതായിരുന്നു അത്. ഹരിതഗൃഹ വാതകത്തിന്റെ എമിഷന്‍ കുറയ്ക്കുക, ഒരു ലോ-കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്ക് മാറുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നവരാണ് വികസ്വര രാജ്യങ്ങള്‍. ഈ വെല്ലുവിളികളെ നേരിടാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 1 ട്രില്യണ്‍ ഡോളറെങ്കിലും ആവശ്യമാണ്. വികസിത രാജ്യങ്ങള്‍ ഈ തുകയുടെ പകുതി പൊതു സ്രോതസ്സുകള്‍ വഴി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും ശേഷിക്കുന്ന വിടവ് പുതിയ ധനകാര്യരൂപങ്ങളിലൂടെ നികത്തേണ്ടതുണ്ട്. പക്ഷേ ഈ നൂതന ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവരുടേതായ വെല്ലുവിളികളും ഉണ്ട്.

ഒരു ട്രില്യണ്‍ ഡോളറിന്റെ ക്ലൈമറ്റ് ഫിനാന്‍സ് ചലഞ്ച്
ആഗോള കാലാവസ്ഥാ സാമ്പത്തിക വിടവ് ഭയപ്പെടുത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ നടത്തുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ (Intergovernmental Panel on Climate Change (IPCC)) കണക്കാക്കിയിരിക്കുന്നതനുസരിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ തടയുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനും അതുപോലെ ലോ-കാര്‍ബണ്‍(low-carbon) സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരു ട്രില്യണ്‍ ഡോളര്‍ ആവശ്യമാണ്. വികസിത രാജ്യങ്ങള്‍ ഈ തുകയുടെ പകുതിയോളം പൊതു ഫണ്ടുകള്‍ വഴി നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. ശേഷിക്കുന്ന വലിയ തുകകള്‍ കണ്ടെത്തേണ്ടത് എങ്ങനെയെന്നതാണ് ചോദ്യം.

COP 29

ഈ വിടവ് നികത്തുന്നതിനുള്ള ഒരു പരിഹാരമായി പണം സ്വരൂപിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പുതിയ രീതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഹൈ-കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളുടെ ലെവികള്‍, സമ്പത്തിന്മേലുള്ള നികുതികള്‍, ലോകബാങ്ക് പോലുള്ള ഉയര്‍ന്ന ധനകാര്യ സ്ഥാപനങ്ങളുടെ പരിഷ്‌കരണം എന്നിവയൊക്കെ ഈ ഫണ്ടിംഗ് സ്രോതസ്സുകളില്‍ ഉള്‍പ്പെടാമെങ്കിലും ഇവയെല്ലാം കാര്യമായ സങ്കീര്‍ണ്ണതകളും വെല്ലുവിളികളും നിറഞ്ഞ ആശയങ്ങളാണ്.

മള്‍ട്ടിലാറ്ററല്‍ ഡെവലപ്‌മെന്റ് ബാങ്കുകളുടെ പരിഷ്‌കരണം
വികസ്വര രാജ്യങ്ങളെ അവരുടെ സാമ്പത്തിക വികസനത്തില്‍ പിന്തുണയ്ക്കാന്‍ ദീര്‍ഘകാലമായി ചുമതലപ്പെടുത്തിയിട്ടുള്ളവയാണ് ലോകബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (IMF), മറ്റ് ബഹുമുഖ വികസന ബാങ്കുകള്‍ (MDBs) എന്നിവയൊക്കെ. പക്ഷെ നിലവിലെ സംവിധാനം ഈ രാജ്യങ്ങളില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല കാലാവസ്ഥാ ധനകാര്യത്തിന്റെ കാര്യത്തില്‍ അവയെല്ലാം ഏറെ പുറകിലുമാണ്.

പല വികസ്വര രാജ്യങ്ങളും എംഡിബികളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന്റെ ബ്യൂറോക്രാറ്റിക് സ്വഭാവത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാമ്പത്തിക സഹായങ്ങള്‍ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും അതിനു വേണ്ടി വരുന്ന ചിലവും ഇനി ഇങ്ങനെയൊക്കെ നേടിയെടുത്താലും ഇവയൊന്നും അവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതുമാണെന്ന് അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാലാവസ്ഥാ ധനസഹായങ്ങള്‍ കണ്ടെത്തുന്നതിന് ഈ സ്ഥാപനങ്ങളില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളുണ്ട്. ഉദാഹരണത്തിന്, ലോണ്‍ ഗ്യാരന്റി നല്‍കിക്കൊണ്ട് ക്ലൈമറ്റ് പ്രൊജെക്റ്റുകളിലെ നിക്ഷേപങ്ങളെ ‘ഡി-റിസ്‌ക്’ ചെയ്യാന്‍ ലോകബാങ്കിന് സഹായിക്കാനാകും. അപകടസാധ്യതകള്‍ കൂടുതലായി കാണപ്പെടുന്ന ദരിദ്ര രാജ്യങ്ങളിലെ ക്ലൈമറ്റ് പ്രൊജെക്റ്റുകളിലേക്ക് തങ്ങളുടെ ഫണ്ടുകള്‍ എത്തിക്കാന്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും.

ആഗോള കാലാവസ്ഥാ സാമ്പത്തിക വിടവ് നികത്താനായി അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ വികസിത രാജ്യങ്ങള്‍ അവരുടെ പ്രതിപദ്ധത അറിയിക്കുകയാണെങ്കില്‍ ലോകബാങ്കിന് കാലാവസ്ഥാ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പക്ഷെ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസില്‍ നിന്നുള്ള തിരിച്ചടി ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ അന്തരീക്ഷം ഇത് അപകടത്തിലാക്കാം. അല്ലെങ്കില്‍ മറ്റ് വികസിത രാജ്യങ്ങള്‍ അവരുടെ സംഭാവനകള്‍ വര്‍ധിപ്പിക്കുകയെങ്കിലും ചെയ്യേണ്ടി വരും.

ഫോസില്‍ ഇന്ധന ലാഭത്തിന്മേലുള്ള വിന്‍ഡ്ഫാള്‍ ടാക്‌സ്
2022-ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് വന്‍തോതിലുള്ള തകര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. 2022-നും 2023-നും ഇടയില്‍ ഏറ്റവും വലിയ അഞ്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ ഉല്‍പ്പാദനത്തില്‍ പ്രത്യേകിച്ച് വര്‍ധനയൊന്നുമില്ലാതെപ്പോലും 280 ബില്യണ്‍ ഡോളറിലധികം ലാഭം നേടി. ജിയോപൊളിറ്റിക്കല്‍ സംഭവങ്ങളാല്‍ മാത്രമാണ് ഈ വിലക്കയറ്റം. ഇങ്ങനെയുണ്ടാവുന്ന ലാഭത്തിന് നികുതി ചുമത്തുന്നത് വഴി കാലാവസ്ഥാ ധനസഹായത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കും, ഇത്തരം നികുതികളെയാണ് ‘വിന്‍ഡ്ഫാള്‍ ടാക്‌സ്’ എന്നു വിളിക്കുന്നത്. ഈ ഭീമമായ ലാഭത്തിന് നികുതി ചുമത്തുക എന്ന ആശയത്തെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (International Energy Agency (IEA)) പിന്തുണച്ചിട്ടുമുണ്ട്. കൂടാതെ മുന്‍ യുകെ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഉള്‍പ്പെടെയുള്ള ചില ലോക നേതാക്കള്‍ പെട്രോസ്റ്റേറ്റുകളില്‍ നിന്ന് പ്രത്യേകിച്ച് അവരുടെ ദേശീയ വരുമാനത്തിനായി എണ്ണ, വാതക ഉല്‍പാദനത്തെ ആശ്രയിക്കുന്നവരില്‍ നിന്ന് 25 ബില്യണ്‍ ഡോളര്‍ ലെവി ആവശ്യപ്പെട്ടിട്ടുണ്ട്.

carbon emission cop 29

ഇങ്ങനെ വിന്‍ഡ്ഫോള്‍ നികുതികള്‍ വഴി കാലാവസ്ഥാ ധനസമാഹരണത്തിന് സാധിക്കുമെങ്കിലും അവ നടപ്പിലാക്കാന്‍ രാഷ്ട്രീയമായി ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ഫോസില്‍ ഇന്ധന വരുമാനം സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാകുന്ന രാജ്യങ്ങളില്‍ ഇത് വളരെ പ്രയാസമേറിയതാണ്.

ഹൈ-കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഒരു ഫ്രീക്വന്റ് ഫ്‌ളയര്‍ ലെവി
കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നതില്‍ ഒരു പ്രധാന വെല്ലുവിളി വിവിധ ജനസംഖ്യാ വിഭാഗങ്ങള്‍ തമ്മിലുള്ള കാര്‍ബണ്‍ എമിഷനിലെ അസമത്വമാണ്. ഉദാഹരണത്തിന് ആഗോള ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രം വരുന്ന സമ്പന്നരായ വ്യക്തികള്‍ വിമാന യാത്ര പോലുള്ള ഹൈ-കാര്‍ബണ്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം കാര്‍ബണ്‍ എമിഷനും ഉത്തരവാദികളാണ്.

ഈ അസമത്വത്തിനുള്ള ഒരു പ്രതിവിധി സ്ഥിരമായി യാത്ര ചെയ്യുന്നവരില്‍ നിന്നുള്ള ഒരു ലെവിയാണ്. ഏകദേശം 20% അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗോള ജനസംഖ്യയുടെ 1% മാത്രം വരുന്ന സമ്പന്നരാണ് യാത്രയ്ക്കായി എടുക്കുന്നതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളിലെ ഒരു ശരാശരി വ്യക്തി ഒരു വര്‍ഷം മുഴുവന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കാന്‍ പലപ്പോഴും ധനികര്‍ നടത്തുന്ന ദീര്‍ഘദൂര വിമാനയാത്രകള്‍ക്ക് കഴിയും. അങ്ങനെ നോക്കുമ്പോള്‍ വിമാന യാത്രയില്‍ പ്രത്യേകിച്ച് ബിസിനസ്-ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഉയര്‍ന്ന ലെവികള്‍ ചുമത്തുന്നത് വഴി ആഗോള ഭീമന്മാര്‍ ഉണ്ടാക്കിവെക്കുന്ന ഹൈ കാര്‍ബണ്‍ എമിഷന്‍ മലിനീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തില്‍ പരിഹാരമായി കണക്കാക്കാം.

വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ അസമത്വ വിടവ് പരിഹരിക്കുന്നതിനൊപ്പം ദരിദ്ര രാജ്യങ്ങളിലെ കാലാവസ്ഥാ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥിരമായി ഒരു ഫ്‌ളയര്‍ ടാക്‌സ് ഫണ്ട് ശേഖരിക്കാവുന്നതാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ വിമാനയാത്രകള്‍ മാത്രം ചെയ്യുന്ന ദരിദ്രരായ യാത്രക്കാര്‍ക്ക് അമിത ചാര്‍ജുകളുടെ ഭാരമേല്‍പ്പിക്കാത്ത വിധത്തില്‍ അത്തരമൊരു ലെവി രൂപകല്‍പ്പന ചെയ്യാവുന്നതാണ്.

ഷിപ്പിംഗ് ലെവികള്‍: മലിനീകരണ ഷിപ്പിംഗ് വ്യവസായത്തിനും ലെവികള്‍
ആഗോള ഹരിതഗൃഹ വാതക എമിഷന്റെ ഏകദേശം 2%-ന് അന്തര്‍ദേശീയ ഷിപ്പിംഗ് മേഖലകള്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ ആഘാതത്തിന്റെ കാര്യത്തില്‍ ഇവരുടെ പങ്ക് ഒട്ടും ചെറുതല്ല. കപ്പലുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം ഡീസല്‍ ആകട്ടെ ഈ മലിനീകരണം ഇരട്ടിയാക്കുന്നു.

കാര്‍ബണ്‍ എമിഷനെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ ചാര്‍ജ് ഷിപ്പിംഗ് ലെവിയായി ഏര്‍പ്പെടുത്തിയാല്‍ ഈ മേഖലയുടെ കാലാവസ്ഥാ ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുമെന്നാണ് ലെവി വക്താക്കള്‍ വാദിക്കുന്നത്. ഷിപ്പിംഗിനെ നിയന്ത്രിക്കുന്ന യുഎന്നിന്റെ ഒരു ശാഖയായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (International Maritime Organization (IMO) ഈ വ്യവസായമുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തില്‍ പണ്ടു മുതലേ അശ്രദ്ധയാണ് വച്ചുപുലര്‍ത്തുന്നത്. പക്ഷേ അടുത്തിടെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ അവരും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഷിപ്പിംഗ് എമിഷനില്‍ കാര്‍ബണ്‍ അധിഷ്ഠിത നികുതി ഏര്‍പ്പെടുത്തുന്നത് ഈ മേഖലയുടെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റുകള്‍ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ്.

മേല്‍പ്പറഞ്ഞ ലെവികള്‍ ഒടുവില്‍ ഉപഭോക്താക്കളുടെ തലയില്‍ ആകുമെന്നും അത് സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നുണ്ട്. അത്തരം അപകടങ്ങള്‍ക്കെല്ലാം സാധ്യത നിലനില്ക്കുന്നുണ്ട്. പക്ഷെ ആഗോള ഷിപ്പിംഗ് മേഖലയുടെ വലിയൊരു പങ്കും എല്‍എന്‍ജി(LNG), കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുപോകുന്നതിനാണ് ഉപയോഗിക്കുന്നതെന്നിരിക്കെ ഈ ഇന്ധനങ്ങളുടെ ഗതാഗതത്തിന് നികുതി ചുമത്തുന്നത് ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് കാരണമാവും. അത് പ്രത്യാശ നല്കുന്ന ഒരു മാറ്റമാണ്.

ഗ്ലോബല്‍ വെല്‍ത്ത് ടാക്‌സ്
അടുത്തകാലത്തായി ലോകത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് അമ്പരപ്പിക്കുന്ന തോതില്‍ വളരുകയും അതനുസരിച്ച് ആഗോള സാമ്പത്തിക അസമത്വം കുതിച്ചുയരുകയും ചെയ്തു. കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നോക്കിയാല്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 3.3 ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചിട്ടുണ്ട്, ഇത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണെന്നോര്‍ക്കണം. ആഡംബര വസ്തുക്കളും സേവനങ്ങളും ഉപയോഗിക്കുന്ന ഈ 1% സമ്പന്നരാണ് കാര്‍ബണ്‍ എമിഷന്റെ പ്രധാന ഉത്തരവാദികള്‍.

air pollution cop 29

ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ രാജ്യത്തെ ശതകോടീശ്വരന്മാര്‍ക്ക് സമ്പത്ത് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്, ഇതുവഴി പ്രതിവര്‍ഷം ഏകദേശം 250 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിയും. ആഗോള അസമത്വത്തെ അഭിസംബോധന ചെയ്യുന്നതോടൊപ്പം കാലാവസ്ഥാ ധനസഹായം ഉയര്‍ത്തുന്നതിനുള്ള ഫലപ്രദമായ ഒരു മാര്‍ഗമാണിത്. ഈ നിര്‍ദ്ദേശം ചിലയിടങ്ങളില്‍ സ്വീകാര്യത നേടിയിട്ടുണ്ടെങ്കിലും കാര്യമായ എതിര്‍പ്പും നേരിടുന്നുണ്ട്. അത് സ്വാഭാവികമായും സമ്പന്നരും ശക്തരുമായ വരേണ്യവര്‍ഗത്തെ പ്രീണിപ്പിച്ചു മാത്രം മുന്നോട്ട് പോകുന്ന സര്‍ക്കാരുകളില്‍ നിന്നു തന്നെയാണ്.

ഈ വെല്ലുവിളികളൊക്കെ നിലനിക്കുമ്പോള്‍ തന്നെ സമ്പന്നരുടെ നികുതിവെട്ടിപ്പ് തടയാന്‍ സംവിധാനങ്ങളുണ്ട്. അവര്‍ കൈവശം വെക്കുന്ന ആഡംബര ആസ്തികള്‍, ഓഹരികള്‍, വസ്തുവകകള്‍ എന്നിവയിലൊക്കെ നികുതി ചുമത്തി സമ്പന്നരെ നിയന്ത്രിക്കാവുന്നതാണ്.

അപകടകരമായ സബ്സിഡി പരിഷ്‌കരിക്കല്‍
ഫോസില്‍ ഇന്ധനങ്ങള്‍, കൃഷി, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ആഗോളതലത്തില്‍ ഗവണ്‍മെന്റുകള്‍ സബ്സിഡികള്‍ക്കായി പ്രതിവര്‍ഷം 650 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നു. ഇതിലേറെയും പരിസ്ഥിതി നാശത്തിന് വന്‍ സംഭാവന നല്‍കുന്ന ദോഷകരമായ. സബ്സിഡികളാണ്. പലതും അമിതമായ മീന്‍പിടുത്തം, ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം, കൃഷിക്ക് വേണ്ടിയുള്ള അമിതമായ ജലചൂഷണം തുടങ്ങിയ സുസ്ഥിരമല്ലാത്ത രീതികളെ പ്രോത്സാഹിപ്പിക്കുന്നവയും.

ഈ സബ്സിഡികള്‍ പരിഷ്‌ക്കരിക്കുന്നത് കാലാവസ്ഥാ പ്രവര്‍ത്തനത്തിന് സഹായമാകും. ശുദ്ധമായ ഊര്‍ജം, കൂടുതല്‍ സുസ്ഥിരമായ കാര്‍ഷിക രീതികള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയിലേക്ക് സബ്സിഡികള്‍ വഴിതിരിച്ചു വിടുന്നത് ദോഷകരമായ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല വിഭവ വിനിയോഗത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും.

കാര്‍ബണ്‍ ട്രേഡിംഗും ഓഫ്സെറ്റുകളും
ക്ലൈമറ്റ് ആക്ഷന് ധനസഹായം നല്‍കുന്നതിനുള്ള ഒരു പ്രധാന വഴിയായി കാര്‍ബണ്‍ ട്രേഡിംഗ് ഉയര്‍ന്നുവന്നിട്ടുണ്ട് (കാര്‍ബണ്‍ ഓഫ്സെറ്റുകള്‍ എന്നാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ (CO2) അളവ് കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളാണ്. ഇവ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം, ഈ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിലൂടെ, ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ അവരുടെ സ്വന്തം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനുപകരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന പ്രോജക്ടുകള്‍ക്ക് നേരിട്ട് ധനസഹായം നല്‍കാനാകും.) വനസംരക്ഷണവും വനവല്‍കരണവും പോലുള്ള കാര്‍ബണ്‍ ഓഫ്സെറ്റുകള്‍ക്ക് ഒരു വിപണി സൃഷ്ടിക്കുന്നതിലൂടെ, കാലാവസ്ഥാ സംരംഭങ്ങള്‍ക്കായി രാജ്യങ്ങള്‍ക്ക് ഫണ്ട് സൃഷ്ടിക്കാനും അതിലൂടെ കാര്‍ബണ്‍ എമിഷനുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കഴിയും.

പക്ഷേ കാര്‍ബണ്‍ ഓഫ്സെറ്റ് വിപണി വെല്ലുവിളികള്‍ നിറഞ്ഞതാണ്, ക്രെഡിറ്റുകളുടെ സമഗ്രത, സുതാര്യത, വീണ്ടും കൗണ്ട് ചെയ്യാനുള്ള സാധ്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടെ ഇതില്‍ വരും. സാറ്റലൈറ്റ് സാങ്കേതികവിദ്യയിലെ സമീപകാല മുന്നേറ്റങ്ങള്‍ കാര്‍ബണ്‍ ഓഫ്സെറ്റ് പ്രോഗ്രാമുകളുടെ ഫലപ്രാപ്തി നിരീക്ഷിക്കുന്നത് എളുപ്പമാക്കിയിട്ടുണ്ടെങ്കില്‍ പോലും ഈ മേഖലയില്‍ ഇപ്പോഴും ചൂഷണങ്ങളുണ്ട്, തദ്ദേശീയ സമൂഹങ്ങളുടെ ഭൂമി ഓഫ്സെറ്റ് പ്രോഗ്രാമുകള്‍ക്കായി ഉപയോഗിക്കുന്നതു വഴി അവര്‍ ചൂഷണത്തിന് ഇരയാവുന്നുണ്ട്.

കാര്‍ബണ്‍ നികുതി: ഒരു നേരിട്ടുള്ള സമീപനം
ഇന്ധനങ്ങളില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ കണക്കാക്കി നേരിട്ട് ചുമത്തുന്ന ഒരു കാര്‍ബണ്‍ നികുതി കാലാവസ്ഥാ ധനസഹായത്തിനുള്ള മറ്റൊരു നിര്‍ദ്ദിഷ്ട പരിഹാരമാണ്. പല രാജ്യങ്ങളും കാര്‍ബണ്‍-ഇന്റന്‍സീവ് ഇന്ധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫോസില്‍ ഇന്ധന കമ്പനികളുടെയും ചില സര്‍ക്കാരുകളുടെയും എതിര്‍പ്പ് കാരണം ആഗോള കാര്‍ബണ്‍ നികുതിയുടെ കാര്യം ഇന്നും അവ്യക്തമായി തുടരുന്നു.

കാര്‍ബണ്‍ നികുതി വക്താക്കള്‍ വാദിക്കുന്നത് രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് കാര്‍ബണ്‍ നികുതി പ്രോത്സാഹനം നല്‍കുമെന്നാണ്. പക്ഷെ അത്തരമൊരു നികുതിയുടെ രാഷ്ട്രീയ സാധ്യത ഇന്നും അനിശ്ചിതത്വത്തിലാണ്.

cop 29

കാലാവസ്ഥാ ധനസഹായത്തിലെ നിലനില്‍ക്കുന്ന വലിയ വിടവിനെ ധനകാര്യത്തിന്റെ പുതിയ വഴികള്‍ ഉപയോഗിച്ച് നികത്താനുള്ള ശ്രമങ്ങളാണ് ഇതിലെല്ലാം കാണുന്നത്. ഫോസില്‍ ഇന്ധന ലാഭത്തിന്മേലുള്ള വിന്‍ഡ്ഫാള്‍ ടാക്‌സ് മുതല്‍ ഫ്‌ലൈയിംഗ്, ഷിപ്പിംഗ് തുടങ്ങിയ ഹൈ- കാര്‍ബണ്‍ ആക്റ്റിവിറ്റികളുടെ മുകളില്‍ ചുമത്തുന്ന ലെവികള്‍ വരെ ഇതിനു ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളുണ്ട്. അങ്ങനെയൊക്കെ ആവുമ്പോഴും ഈ പരിഹാരങ്ങളില്‍ ഓരോന്നും രാഷ്ട്രീയ, ലോജിസ്റ്റിക്, സാമൂഹിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

ക്രിയാത്മകവും തുല്യവും ഫലപ്രദവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് വികസിത രാജ്യങ്ങള്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള സാമ്പത്തിക സമൂഹം എന്നിവയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടാണ് COP29 ഉച്ചകോടി മുന്നേറുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തിരിച്ചറിയാനും പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള സമയം നമുക്ക് മുന്‍പില്‍ കുറഞ്ഞു വരുന്ന ഈ അവസരത്തില്‍ ബാക്കുവില്‍ എടുത്ത തീരുമാനങ്ങള്‍ ഭൂമിയുടേയും അതിന്റെ ഏറ്റവും ദുര്‍ബലരായ സമൂഹത്തിന്റെയും ഭാവിയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.  COP 29 climate summit and climate finance challenge

Content Summary; COP 29 climate summit and climate finance challenge

×