March 26, 2025 |

അണ്ണാ സര്‍വകലാശാല പീഡനം; ഇരയുടെ വിവരം ചോര്‍ന്നു, സര്‍ക്കാരിന് 25 ലക്ഷം പിഴയിട്ട് കോടതി

‘ഭരണഘടന സ്ത്രീയെയും പുരുഷനെയും തുല്യമായി പരിഗണിക്കുമ്പോൾ, സ്ത്രീകൾക്ക് അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് പറയാൻ കഴിയില്ല’

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമക്കേസിൽ അതിജീവിതയുടെ വിവരങ്ങൾ ചോർന്നതിൽ തമിഴ്നാട് സർക്കാരിന് 25 ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ഫീസോ അനുബന്ധ ചെലവുകളോ ഇല്ലാതെ അണ്ണാ സർവകലാശാലയിൽ അതിജീവിതയ്ക്ക് തുടർ വിദ്യാഭ്യാസം ഉറപ്പാക്കാനും കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു.madras hc

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്തിരുന്ന ചെന്നൈ പോലീസ് കമ്മീഷണർ എ അരുണിനെ മദ്രാസ് ഹൈക്കോടതി നിശിതമായി വിമർശിച്ചു. അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ കമ്മീഷണറുടെ പ്രവർത്തനരീതികൾക്കെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥിയെ ആക്രമിച്ച സംഭവവും അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയ എഫ്ഐആർ ചോർന്നതിലാണ് കോടതിയുടെ ശാസന. അന്വേഷണത്തിന് സ്ത്രീകളടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതിനിടെയാണ് കോടതിയുടെ വിമർശനം.

ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, വി ലക്ഷ്മിനാരായണൻ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് മുതിർന്ന ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഓഫീസർമാരായ ഭൂക്യ സ്നേഹ പ്രിയ, അയ്മൻ ജമാൽ, എസ് ബൃന്ദ എന്നിവരടങ്ങുന്ന എസ്ഐടി രൂപീകരിച്ചത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികളെ തുടർന്നാണ് നടപടി. തമിഴ്‌നാട് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പ്രത്യേക അന്വേഷണ സംഘത്തിന് പൂർണ സമ്മതം നൽകിയതായും അഡ്വക്കേറ്റ് ജനറൽ പി എസ് രാമൻ കോടതിയെ അറിയിച്ചു.

എഫ്ഐആർ ചോർന്നതിൽ അമർഷം പ്രകടിപ്പിച്ച ബെഞ്ച്, അതിജീവിതയുടെ അവകാശങ്ങളുടെ മേലുള്ള കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. “ഭരണഘടന സ്ത്രീയെയും പുരുഷനെയും തുല്യമായി പരിഗണിക്കുമ്പോൾ, സ്ത്രീകൾക്ക് അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് പറയാൻ കഴിയില്ല,” ബെഞ്ച് പറഞ്ഞു.

കേസിലെ ഏക പ്രതിയായ ജ്ഞാനശേഖരൻ ആണെന്ന് പത്രസമ്മേളനം നടത്തിയ ചെന്നൈ പോലീസ് കമ്മീഷണർ അരുണിനെതിരെയാണ് കോടതിയുടെ രോഷം.

“അന്വേഷണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കമ്മീഷണർക്ക് എങ്ങനെയാണ് ഇത്തരമൊരു നിഗമനത്തിലെത്താൻ കഴിയുക? ഒരു മേലുദ്യോഗസ്ഥൻ മാധ്യമങ്ങളോട് ഇത്തരത്തിൽ പ്രസ്താവനകൾ നടത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കാനും പ്രതികളെയെല്ലാം വിചാരണ ചെയ്യാനും കഴിയും? ജസ്റ്റിസ് സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

അരുണിനെതിരെ “ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കാൻ” സംസ്ഥാന സർക്കാരിനോട് ബെഞ്ച് നിർദ്ദേശിച്ചു. ഭാവിയിൽ സെൻസിറ്റീവ് എഫ്ഐആറുകൾ ചോരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അണ്ണാ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആൾ മാത്രമാണ് പ്രതിയെന്നും കേസിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നും അരുൺ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു, ഇത് ആദ്യ മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമാണ്. “കുറ്റകൃത്യം നടന്ന സ്ഥലത്ത് രണ്ടാമതൊരാൾ ഉണ്ടെന്നും അദ്ദേഹത്തിന് മറ്റൊരു വ്യക്തിയിൽ നിന്ന് ഒരു കോൾ ലഭിച്ചിട്ടുണ്ടെന്നും ആദ്യം കമ്മീഷണർ വ്യക്തമാക്കിയിരുന്നു, കോളിൽ ഒരു ‘സർ’ എന്ന് അഭിസംബോധന ചെയ്തിരുന്നു എന്നും പറഞ്ഞിരുന്നു. എന്നാലിതൊന്നും സത്യമല്ലെന്നും രണ്ടാമത്തെയാളുടെ ഫോൺ മുഴുവൻ സമയവും എയർപ്ലെയിൻ മോഡിൽ ആയിരുന്നുവെന്നും കമ്മീഷണർ പ്രസ്താവന മാറ്റി.

ഇരയുടെ സ്വകാര്യ വിവരങ്ങളും വിലാസവും സഹിതമുള്ള എഫ്ഐആർ പകർപ്പ് പോലീസ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തതോടെ മുതിർന്ന ഉദ്യോഗസ്ഥൻ തെറ്റിനെ ന്യായീകരിക്കുകയാണെന്ന് വെളിപ്പെട്ടു.

“ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റംസ് പോർട്ടലിൽ നിന്ന് രേഖ ഡൗൺലോഡ് ചെയ്തതോ പരാതിക്കാരൻ്റെ ഭാഗത്ത് നിന്ന് ലഭിച്ചതോ ആയിരിക്കാം. കേസ് ഫയൽ ചെയ്തതിന് അടുത്ത ദിവസം തന്നെ പ്രതിയെ സിറ്റി പോലീസ് അതിവേഗം അറസ്റ്റ് ചെയ്തിരുന്നു.“അരുൺ തൻ്റെ വകുപ്പ് ചെയ്ത ഗുരുതരമായ തെറ്റിന് മറുപടിയായി പറഞ്ഞു.

അതൃപ്തി പ്രകടിപ്പിച്ച കോടതി, അരുണിൻ്റെ വാർത്താസമ്മേളനത്തിൽ നിന്നും അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്തെന്ന് കണ്ടെത്തി.കൂടാതെ എഫ്ഐആറിലെ വിവരങ്ങളും അതിന്റെ ഭാഷയും ഇരയെ അപമാനിക്കുന്നതാണെന്നും കോടതി പറഞ്ഞു.

അണ്ണാ സർവകലാശാല പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പോലും ലൈംഗികാതിക്രമക്കേസുകൾ വ്യവസ്ഥാപിതമായി പരാജയത്തിലാണെന്ന് ഉയർത്തിക്കാട്ടുന്നുവെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.

“എല്ലാ ഇരകളെയും ധൈര്യത്തോടെ പരാതിപ്പെടാൻ സംസ്ഥാനം പ്രോത്സാഹിപ്പിക്കണം,” അദ്ദേഹം പറഞ്ഞു, ഇത്തരം സംഭവങ്ങൾ ഒരിക്കലും പൊറുക്കാൻ പാടുളളതല്ല.

സാങ്കേതിക തകരാർ മൂലമാണ് എഫ്ഐആർ ചോർന്നതെന്നും ഇതിന് ഒരു തരത്തിലും പോലീസ് ഉത്തരവാദിയല്ലെന്നുമുള്ള അരുണിൻ്റെ വാദങ്ങൾ എ-ജി രാമനും വാദത്തിനിടെ ആവർത്തിച്ചു.

അതിനിടെ, മികച്ച സിസിടിവി കവറേജ്, കർശനമായ സന്ദർശക പ്രോട്ടോക്കോളുകൾ തുടങ്ങിയ നടപടികൾ പ്രഖ്യാപിച്ചുകൊണ്ട് അണ്ണാ സർവകലാശാലയുടെയും മറ്റ് സ്ഥാപനങ്ങളുടെയും സുരക്ഷ വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാൻ കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച, ചെന്നൈയിലെ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. പരാതിക്കാരിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കാനും പരാതിക്കാരൻ്റെ ഐഡൻ്റിറ്റി പരസ്യമായി വെളിപ്പെടുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും എൻസിഡബ്ല്യു ചെയർപേഴ്‌സൺ തമിഴ്‌നാട് ഡിജിപിയോട് നിർദ്ദേശിച്ചു.madras hc

content summary; Court orders state to pay ₹25L to Chennai uni student after sexual assault, privacy breach

×