അമേരിക്കയിൽ നിന്ന് എൽസാൽവഡോറിലേക്ക് തെറ്റായി നാടുകടത്തിയ കുടിയേറ്റക്കാരനെ തിരികെ നൽകില്ലെന്ന് വ്യക്തമാക്കി എൽസാൽവഡോർ പ്രസിഡന്റ് നയിബ് ബുക്കെലെ. ഒരു തീവ്രവാദിയെ രാജ്യത്തേക്ക് കടത്തുന്നതിന് തുല്യമാണ് ഇത്തരം പ്രവൃത്തികളെന്നും നയിബ് ബുക്കെലെ ആരോപിച്ചു. യുഎസ് ഉദ്യോഗസ്ഥരുമായി ഓവൽ ഓഫീസിൽ നടന്ന യോഗത്തിലാണ് നയിബ് ബുക്കെലെയുടെ പരാമർശം.
ഈ ചോദ്യം തന്നെ അസംബന്ധമാണ്. ഞാൻ എങ്ങനെയാണ് ഒരു തീവ്രവാദിയെ അമേരിക്കയിലേക്ക് തിരികെ അയക്കുക. എനിക്ക് അതിനുള്ള അധികാരമില്ല, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബുക്കെലെ മാധ്യമങ്ങളോട് പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കുടിയേറ്റക്കാരനെ തിരിച്ചയക്കാൻ ബുകെലെ ആഗ്രഹിക്കുന്നുവെങ്കിൽ അമേരിക്ക ഒരു വിമാനം നൽകിയാൽ മതി എന്ന യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി യോഗത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ബുകെലെയുടെ പരാമർശം.
കഴിഞ്ഞ മാസം തെറ്റായി നാടുകടത്തപ്പെട്ട മേരിലാൻഡുകാരനായ കിൽമർ അബ്രെഗോ ഗാർസിയയെ തിരികെയെത്തിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി യുഎസ് ഭരണകൂടത്തോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് അപകടകരമായ തീരുമാനമാണെന്ന് നയിബ് ബുക്കെലെ അറിയിച്ചു.
എൽസാൽവഡോറിലെ ഒരു മെഗാ ജയിലിലേക്ക് കൊണ്ടുപോയ അബ്രെഗോ ഗാർസിയ അവിടത്തെ പൗരനാണെന്നും അയാളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അപ്പോഴും നയിബ് ബുക്കെലെ
തന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നയിബ് ബുക്കെലെയുടെ സഹായത്തോടെ ട്രംപ് നൂറുകണക്കിന് കുടിയേറ്റക്കാരെ എൽസാൽവഡോറിലേക്ക് നാടുകടത്തിയിരുന്നു. ഇതിലൊരാളായിരുന്നു അബ്രെഗോ ഗാർസിയ. യുഎസിൽ നിന്ന് നാടുകടത്തുന്നവരെ തങ്ങളുടെ മെഗാ ജയിലിൽ പാർപ്പിക്കാമെന്ന് ബുക്കെലെ യുഎസ് സർക്കാരിന് ഉറപ്പും നൽകിയിരുന്നു. ആറ് മില്ല്യൺ ഡോളർ സ്വീകരിച്ചുകൊണ്ട് ജയിൽ സംവിധാനത്തിന്റെ ഒരു ഭാഗം യുഎസിനായി നീക്കി വെക്കാമെന്നായിരുന്നു ബുക്കെലെയുടെ വാഗാദാനം.
അബ്രെഗോ ഗാർസിയയെ തിരിച്ചെടുക്കാൻ ആവശ്യപ്പെടാൻ പദ്ധതിയില്ലെന്ന് യുഎസ് സർക്കാർ തിങ്കളാഴ്ച കോടതി ഫയലിംഗുകളിലും വൈറ്റ് ഹൗസിലും സൂചിപ്പിച്ചിരുന്നു. ഈ തീരുമാനം കോടതിയെ വെല്ലുവിളിക്കുന്നതാണോ എന്ന വിമർശനവും ഉയർത്തുന്നുണ്ട്.
അതേസമയം, ഗാർസിയയെ തിരികെയെത്തിക്കാനുള്ള നടപടി തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും യുഎസ് ആരോപിക്കുന്ന ഗുണ്ടാസംഘവുമായി ഗാർസിയക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ഗാർസിയയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
മാർച്ച് 15നാണ് ഗാർസിയയെ യുഎസ് എൽസാൽവഡോറിലേക്ക് നാടുകടത്തിയത്. എൽ സാൽവഡോറിൽ തെറ്റായി തടങ്കലിൽ വച്ചിരിക്കുന്ന അബ്രെഗോ ഗാർസിയയെയും മറ്റ് കുടിയേറ്റക്കാരെയും കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ഡെമോക്രാറ്റുകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യത്തെ സൂപ്പര്‍മാക്‌സ് ജയിലിലേക്ക് ആളുകളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍ നടക്കുന്നതിനിടയിലാണ് ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ അവിടേക്ക് അയച്ചത്. ട്രെന്‍ ഡി അരാഗ്വ, എംഎസ്13 എന്നീ ഗുണ്ടാസംഘങ്ങളിലെ അംഗങ്ങള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നടപടിയെക്കുറിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അന്ന് നൽകിയിരുന്ന വിശദീകരണം.
Content Summary: Court orders Trump to return Maryland man who was wrongly deported, refuses El Salvador’s President Nayib Bukele
Leave a Comment