കോടതി ഉത്തരവ് മറികടന്ന് 200 ലധികം വെനസ്വേലന്‍ മാഫിയ സംഘത്തെ യുഎസില്‍ നിന്ന് എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം. ഇവരെ അതീവ സുരക്ഷ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. വെനസ്വേലന്‍ മാഫിയ സംഘമായ ട്രെന്‍ ഡെ അരാഗ്വയിലെ 238 അംഗങ്ങളും അന്താരാഷ്ട്ര കുറ്റവാളി സംഘമായ എംഎസ്-13 ലെ 23 അംഗങ്ങളും ഞായറാഴ്ച രാവിലെ എല്‍ സാല്‍വദോറില്‍ എത്തിയതായി പ്രസിഡന്റ് നയിബ് ബുകെലെ സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കുവച്ചിട്ടുണ്ട്.
നാടുകടത്തപ്പെട്ട വെനസ്വേലന്‍ മാഫിയ സംഘാംഗങ്ങളുടെ പേരുകള്‍ യുഎസ് സര്‍ക്കാരോ എല്‍ സാല്‍വഡോറോ പുറത്തുവിട്ടിട്ടില്ല. ഇവര്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രത്യേക കുറ്റകൃത്യങ്ങളെക്കുറിച്ചോ, എംഎസ്-13 സംഘവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചോ ഉള്ള വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.
നാടുകടത്തല്‍ തടഞ്ഞ് കോടതി ഉത്തരവ് ഉണ്ടായിട്ടും, അത് മറി കടന്നായിരുന്നു ഭരണകൂടത്തിന്റെ നീക്കം. നാടുകടത്തലിനെ ന്യായീകരിക്കാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള യുദ്ധകാല നിയമമായ ഏലിയന്‍ എനിമീസ് ആക്റ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞുകൊണ്ട് ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കോടതി ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ നാടുകടത്തപ്പെട്ടവരെ വഹിക്കുന്ന വിമാനം അമേരിക്കന്‍ മണ്ണില്‍ നിന്നും പറന്നുയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ കോടതി ഉത്തരവ് നിരാകരിക്കപ്പെടുകയാണുണ്ടായത്. 1798ല്‍ പാസാക്കിയ ഏലിയന്‍ എനിമീസ് ആക്ട്, യുദ്ധസമയത്ത് ശത്രുരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനോ നാടുകടത്താനോ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഒന്നാണ്. കൂട്ടനാടുകടത്തലിനെ ന്യായീകരിക്കാന്‍ ഈ നിയമമാണ് ട്രംപ് ഭരണകൂടം മറയാക്കിയത്. ഇതിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍.
എന്നാല്‍ കോടതി ഉത്തരവ് അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ‘അയ്യോ, വളരെ വൈകിപ്പോയല്ലോ’ എന്നായിരുന്നു നാടുകടത്തില്‍ തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിനെ പരിഹസിച്ചുകൊണ്ട് എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുകെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പമുള്ള വീഡിയോയില്‍, കൈകളും കാലുകളും വിലങ്ങുവെച്ച് നിരനിരയായി, സായുധ ഉദ്യോഗസ്ഥരുടെ കാവലില്‍ വിമാനങ്ങളില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്ന നാടുകടത്തപ്പെട്ടവരെ കാണാം.
സര്‍ക്കാര്‍ കോടതി വിധി ലംഘിച്ചിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് അവകാശപ്പെടുന്നത്. ‘കോടതി ഉത്തരവ് പാലിക്കാന്‍ ഭരണകൂടം വിസമ്മതിച്ചിട്ടില്ല’, അവര്‍ പറയുന്നു. എന്നാല്‍, ‘നിയമപരമായ അടിസ്ഥാനമില്ലാത്ത ഉത്തരവാണതെന്നും പ്രസ് സെക്രട്ടറി വാദിക്കുന്നു. ഭീകരവാദികളായ ടിഡിഎ ഏലിയനുകളെ യുഎസില്‍ നിന്നും പുറത്താക്കിയതിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും കരോളിന്‍ ലീവിറ്റ് ന്യായീകരിക്കുന്നുണ്ട്.
വെനസ്വേലന്‍ മാഫിയ സംഘമായ ട്രെന്‍ ഡെ അരാഗ്വ അമേരിക്കയില്‍ അനധികൃതമായി കടന്നു കയറി, കൊള്ളയും കൊലയും ഭീഷണിപ്പെടുത്തലും തുടരുകയാണെന്നായിരുന്നു, 1798 ലെ ഏലീയന്‍ എനിമീസ് ആക്ടില്‍ ഒപ്പുവച്ചുകൊണ്ട് ശനിയാഴ്ച്ച ഡൊണാള്‍ഡ് ട്രംപും, ഈ നടപടിയെ ന്യായീകരിച്ചിരുന്നത്. അമേരിക്കക്കെതിരേ യുദ്ധം നടത്തുന്ന മാഫിയ സംഘത്തെ നാടുകടത്തുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നതാണ്. അവസാനമായി ഏലിയന്‍സ് എനിമീസ് ആക്ട് പ്രയോഗിക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ്-അമേരിക്കന്‍ സിവിലിയന്‍മാരെ തടങ്കലിലാക്കാനായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളെ തടയാനുള്ള യുഎസ് ഗവണ്‍മെന്റിന്റെ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ നിയമം ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2025 ജനുവരി മുതല്‍ നിരവധി നഗരങ്ങളില്‍ ഐസിഇ റെയ്ഡുകള്‍ നടക്കുന്നുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ ഇതിനകം കസ്റ്റഡിയിലെടുത്തു. കുട്ടികളായി യുഎസില്‍ പ്രവേശിച്ചവര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങളും ഭരണകൂടം വിപുലീകരിച്ചിട്ടുണ്ട്. Defying a court order, over 200 Venezuelan gang members were deported from the US to El Salvador
Content Summary; Defying a court order, over 200 Venezuelan gang members were deported from the US to El Salvador