ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എംഎല്‍എ ഐസി ബാലകൃഷ്ണനെയും ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചനേയും ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസിന് വാക്കാല്‍ നിര്‍ദേശം നല്‍കി. കേസ് ഡയറി 15 ന് ഹാജരാക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.
കേസില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ പ്രതിയാകുന്നതോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് മേല്‍ കുരുക്ക് മുറുകും. കെപിസിസി പ്രസിഡന്റിന് നല്‍കാന്‍ എഴുതിയ കത്തിലെയും വീട്ടില്‍ നിന്ന് ലഭിച്ച കുറിപ്പിലെയും കയ്യക്ഷരം വിജയന്റേതാണെന്ന് മൂത്ത മകന്‍ വിജേഷ് മൊഴി നല്‍കിയിരുന്നു. വിജിലന്‍സിന് മൂത്ത മകന്‍ നിര്‍ണായക മൊഴി നല്‍കുകയുണ്ടായി. കുടുംബ പ്രശ്‌നങ്ങളല്ല സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യയ്ക്ക്
കാരണമായത്. എന്നാല്‍ പിതാവിന്റെ സാമ്പത്തികപ്രശ്‌നങ്ങളെ കുറിച്ച് നേരിട്ടറിയല്ലെന്ന് മകന്‍ വിജിലന്‍സിനോട് മൊഴി നല്‍കി.
ഡിസംബര്‍ 27ന് എന്‍എം വിജയന്റെ ആത്മഹത്യയോടെയാണ് ഐ സി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനുമെതിരെ ആരോപണങ്ങളുയര്‍ന്നത്. അതിന് പിന്നാലെ സിപിഎമ്മും ഡിവൈഎഫ്‌ഐയും ബിജെപിയും എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
ഈ മാസം ആറിനാണ് വിജയന്റെ കുടുംബം ആത്മഹത്യാക്കുറിപ്പും കെപിസിസി പ്രസിഡന്റിനെഴുതിയ കത്തുകളും പുറത്തുവിട്ടത്. കത്തില്‍ ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും പേരുകളുണ്ടായിരുന്നു. മരിക്കുകയോ അത്തരം സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ കത്തില്‍ സൂചന നല്‍കിയിട്ടുള്ളവരായിരിക്കും ഉത്തരവാദികളെന്ന് വിജയന്റെ കത്തിലുണ്ടായിരുന്നു. അസ്വഭാവികമരണത്തിന് കേസെടുത്ത പൊലീസ് കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാപ്രേരണാക്കുറ്റം കൂടി ചുമത്തിയത്.
എന്‍ എം വിജയന്റെ കത്ത് വായിച്ചിട്ടില്ലെന്ന കെ സുധാകരന്റെ വാദം തെറ്റാണെന്ന് വിമര്‍ശിച്ചുകൊണ്ട് കുടുംബം രംഗത്ത് വന്നു. കത്തില്‍ വ്യക്തതയില്ലെന്നും പാര്‍ട്ടിക്കെതിരെയല്ല ആളുകള്‍ക്കെതിരെയാണ് പരാമര്‍ശങ്ങള്‍ എന്ന് വിഡി സതീശന്‍ പറഞ്ഞതായി കുടുംബം പ്രതികരിച്ചു. പാര്‍ട്ടിക്കുവേണ്ടി കടക്കാരന്‍ ആയിട്ടും എന്‍എം വിജയനെ കോണ്‍ഗ്രസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്.
പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലില്‍ അവിശ്വാസം പ്രകടിപ്പിച്ച കുടുംബം ബുധനാഴ്ച കെപിസിസി പ്രത്യേക അന്വേഷണസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം നിലപാട് മാറ്റിയിരുന്നു.
ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ ഡി സി സി ട്രഷററും നിയമനക്കോഴയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ കെ ഗോപിനാഥന്‍, പതിറ്റാണ്ടിലേറെയായി ജില്ലാനേതൃത്വത്തിലുള്ള ഐ സി ബാലകൃഷ്ണന്‍ എന്നിവരെല്ലാം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രതികളായത് കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കേണ്ട വേളയില്‍ വയനാട്ടിലുണ്ടായ പ്രതിസന്ധി കോണ്‍ഗ്രസിനെ വെട്ടിയിലാക്കിയിരിക്കുകയാണ്.