June 06, 2026 |

ഷാരോൺ വധക്കേസ്; ​ഗ്രീഷ്മ കുറ്റക്കാരി, ശിക്ഷാവിധി നാളെ

പാറശ്ശാലയിലെ ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും.

പാറശ്ശാലയിലെ ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ. ​ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മല കുമാരൻ നായർ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഷാരോണിന്റെ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി എന്ന കേസിലാണ് ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. ഗ്രീഷ്മയെക്കൂടാതെ അമ്മയും അമ്മാവനും ഗൂഡാലോചന കേസിൽ പ്രതി ചേർത്തിരുന്നു, ഇതിൽ അമ്മയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി എന്നതാണ് കേസ്.

ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹാലോചന വന്നപ്പോൾ മുതൽ ഷാരോണിനെ ഒഴിവാക്കുിന്നതിനായി പല വിധത്തിൽ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെക്കൊണ്ട് കുടിപ്പിച്ചിരുന്നു. അന്ന് ദേഹാസ്വസ്ഥ്യമുണ്ടായിരുന്നെങ്കിലും ഷാരോൺ രക്ഷപ്പെട്ടിരുന്നു. ഈ തന്ത്രം വിജയിക്കാതെ വന്നതോടെ പളുകിലെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുക്കുകയായിരുന്നു.

2022 ഒക്ടോബർ 14നായിരുന്നു ഷാരോൺ കഷായം കുടിച്ചത്. ഇതേ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 11 ദിവസത്തിന് ശേഷം മരിക്കുകയുമായിരുന്നു. ഷാരോണിന്റെ ബന്ധുക്കളെയും പോലിസിനെയുമെല്ലാം തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല.

പക്ഷെ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചതായി പറഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. ഇതിന് ശേഷം പോലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചതിന് അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മല കുമാരൻ നായർ എന്നിവരെയും പ്രതി ചേർത്തിരുന്നു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഒരു വർഷം ജയിലിൽ കഴിഞ്ഞ ശേഷം ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയിരുന്നു. 2023 ജനുവരി 25ന് പോലിസ് കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി തള്ളിയതിനെ തുടർന്നാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുടങ്ങിയ വിചാരണ അവസാനിച്ചത് ഈ മാസം മൂന്നിനാണ്. കേസിൽ 95 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22ാം വയസിൽ കേസിൽ പ്രതിയാവുകയായിരുന്നു.

ഷാരോണിൻറെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കളും ഒക്കെ അതേ പോലെ അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഷാരോൺ വധക്കേസിൽ ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി വിധി പറയാൻ ഇരിക്കെ പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മാതാപിതാക്കൾ.

content summary; court to issue verdict in shocking murder of a young man Sharon by his lover Greeshma

Leave a Reply

Your email address will not be published. Required fields are marked *

×