സംസ്ഥാന സർക്കാർ അഭിമാനപൂർവ്വം നടപ്പിലാക്കുന്ന അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയ്ക്കെതിരെ വിമർശനങ്ങൾ ശക്തമാണ്. പദ്ധതി ലക്ഷ്യമിടുന്നത് കേവലം ദാരിദ്ര്യത്തെ ഇല്ലാതാക്കാനല്ല, മറിച്ച് അതിദാരിദ്ര്യംഎന്ന ഗുരുതരമായ അവസ്ഥയെ കേരളത്തിൽ നിന്ന് തുടച്ചുനീക്കാനാണ്. പദ്ധതിയുടെ അടിസ്ഥാനപരമായ ലക്ഷ്യത്തെക്കുറിച്ചും ദാരിദ്ര്യവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുമുള്ള അവബോധമില്ലായ്മയാണ് പലപ്പോഴും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി തുറക്കുന്നതെന്നും കിലയുടെ സീനിയർ അർബൻ ഫെല്ലോ ആയ രാജേഷ് കെ. അഴിമുഖത്തോട് പറഞ്ഞു
ദാരിദ്ര്യത്തെയല്ല, അതിദാരിദ്ര്യം എന്ന അവസ്ഥയെ അഭിമുഖീകരിക്കുകയും ഇല്ലാതാക്കുകയുമാണ് സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയുടെ ലക്ഷ്യം. ദാരിദ്രവും അതിദാരിദ്ര്യവും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും ആളുകൾക്ക് അറിയില്ല. അതാണ് ഇപ്പോൾ ഉയർന്ന് വരുന്ന ചർച്ചകളുടെയും വിമർശനങ്ങളുടെയും പ്രധാന പ്രശ്നമായി തോന്നിയതെന്ന് കിലയുടെ സീനിയർ അർബൻ ഫെല്ലോയായ രാജേഷ് കെയുടെ വാക്കുകൾ.
അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ആശയം നടപ്പിലാക്കിയ ഏക രാജ്യം ചൈനയാണെന്നും, കേരളത്തിന് മുന്നിൽ തമിഴ്‌നാട്ടിലെ യൂണിസെഫ് നടത്തിയ ഒരു ചെറിയ ഗ്രാമീണ ശ്രമം മാത്രമാണ് മാതൃകയായി ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം, വരുമാനം, പാർപ്പിടം, ഉപജീവനം കണ്ടെത്താനുള്ള ശേഷി (ആരോഗ്യം) എന്നിങ്ങനെ നാല് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ കടമ്പ സർക്കാർ മറികടന്നത്.
അതിദാരിദ്ര്യം മുക്തിയെന്ന ആശയം നടപ്പിലാക്കിയിട്ടുള്ള ഏക രാജ്യം ചൈനയാണ്. തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ യൂണിസെഫ് നടത്തിയ ഒരു ശ്രമം മാത്രമാണ് കേരളത്തിന് മുന്നിലുണ്ടായിരുന്നത്. പദ്ധതിയ്ക്കായി ഒരു മാനദണ്ഡമുണ്ടാക്കുകയായിരുന്നു ഞങ്ങൾക്ക് മുന്നിലുള്ള ആദ്യ കടമ്പ. ഭക്ഷണം, വരുമാനം, പാർപ്പിടം, ഉപജീവനം കണ്ടെത്താനുള്ള ശേഷി അഥവാ ആരോഗ്യം എന്നിവയായിരുന്നു അതിനായി തിരഞ്ഞെടുത്ത മൂന്ന് മാനദണ്ഡങ്ങൾ. ഈ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയ കുടുംബങ്ങളിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി.
ഈ കുടുംബങ്ങളെ ഒരു വിഭാഗമായും, എസ്.ടി/എസ്.സി വിഭാഗത്തെയും നഗരദരിദ്രരെയും മറ്റു രണ്ട് വിഭാഗങ്ങളായി തിരിച്ചു. എൽജിബിടിക്യു, എയ്ഡ്സ് ബാധിതർ, അനാഥർ എന്നിവരെയും ഈ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നു. ഇവർക്കെല്ലാം പ്രത്യേക മാനദണ്ഡങ്ങളാണ് നൽകിയിരുന്നത്. ഈ പട്ടിക തയ്യാറാക്കുന്നതിനായി ആശ്രയിച്ചിരിക്കുന്ന നാലു മാനദണ്ഡങ്ങളിലും ഏതെങ്കിലും ഒന്ന് ബാധമായിട്ടുള്ള കുടുംബങ്ങൾ സ്വാഭാവികമായും അതിദരിദ്ര പട്ടികയിൽ ഉൾപ്പെടും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ആളുകൾക്ക് വരെ അതിജീവനത്തിനായുള്ള ഒരു മിനിമം വേതനം ലഭിക്കുമല്ലോ. അത് പോലും ലഭിക്കാത്ത കുടുംബങ്ങൾ നേരിട്ട് ഊ പട്ടികയിൽ ഉൾപ്പെടും. വ്യത്യസ്ത വിഭാഗങ്ങൾക്ക് നൽകിയിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ഒന്നിൽക്കൂടുതൽ വിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾ അതിദരിദ്ര പട്ടികയിൽ നേരിട്ട് ഉൾപ്പെടും. വൾനറബലിറ്റി കൂടിയ കുടുംബങ്ങൾക്ക് മുൻഗണനയും മറ്റു കുടുംബങ്ങൾ പട്ടികയിൽ പിന്നാക്കമാവുകയും ചെയ്യും.
പങ്കാളിത്ത നിർണ്ണയ പ്രക്രിയയിലൂടെയാണ് അതിദരിദ്രമുക്ത കേരളം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി മൂന്ന് ലക്ഷത്തോളം ആളുകളെയാണ് പരിശീലിപ്പിച്ചത്. അതിനായി 20,000 വാർഡ് കമ്മിറ്റികൾ കേരളത്തിൽ കൂടി. ഒരു വാർഡിനെ തന്നെ മൂന്ന് ഘട്ടങ്ങളിലായി പങ്കാളിത്ത നിർണ്ണയ പ്രക്രിയയ്ക്ക് വിധേയമാക്കി. മൂന്ന് തവണയും പട്ടികയിൽ ഉൾച്ചേർന്ന ആളുകളെ അതിദരിദ്രരായാണ് കണക്കാക്കുന്നത്. അങ്ങനെ തിരഞ്ഞെടുത്ത കുടുംബങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത് അല്ലാതെ എല്ലാ വീടുകളിലും പോയി സർവ്വേയെടുത്തിട്ടില്ല.
പത്തു ലക്ഷത്തോളം ഇൻഡിക്കേറ്റർ ഇതിനായി അച്ചടിച്ചിരുന്നു. അത് ഓരോ വാർഡിലും ചർച്ചയ്ക്ക് വരുന്ന മുഴുവൻ ആളുകൾക്കും നൽകി. ആ ഇൻഡിക്കേറ്റർ വായിച്ച് അത് ചാർട്ട് പേപ്പറിൽ മാപ്പ് ചെയ്യുകയാണുണ്ടായത്. ഒരു വാർഡിൽ നിന്ന് അറുപത് പേരോളം ഈ പ്രക്രിയയിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളെയും ഇതിന്റെ ഭാഗമാക്കാൻ നോക്കിയിട്ടുണ്ട്. മനുഷ്യ സാധ്യമാകുന്ന തരത്തിലുള്ള എല്ലാ സാഹചര്യവും പിന്തുടർന്നാണ് പ്രക്രിയ പൂർത്തിയാക്കിയിരിക്കുന്നത്.
നീതി ആയോഗിന്റെ കണക്കിനോട് വളരെ അടുത്ത് നിൽക്കുന്ന കണക്കാണ് സർവ്വേയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. നീതി ആയോഗിന്റെയും സംസ്ഥാനത്തിന്റെയും കണക്കുകൾ പരിശോധിച്ചാൽ കാണാൻ സാധിക്കും ഈ സമാനത. വ്യത്യസ്ത തലത്തിൽ നിൽക്കുന്ന ഈ രണ്ട് റിപ്പോർട്ടുകളിലും ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ജില്ല കോട്ടയമാണ്. മലപ്പുറത്തെ ഒരു പഞ്ചായത്തിൽ മാത്രം ആദ്യ ഘട്ടത്തിൽ 16,000 അതിദരിദ്രരെയാണ് കണ്ടെത്തിയത്.
പരമാവധി സമഗ്രമായി തന്നെ ഇക്കാര്യങ്ങൾ പിന്തുടരാൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. 2022ൽ ഈ പ്രക്രിയ നടപ്പിലാക്കിയതോടെ അതിദാരിദ്രമില്ലാതെയെന്ന് കരുതരുത്. ദാരിദ്ര്യമെന്ന അവസ്ഥ ഒരിക്കലും സ്ഥിരമല്ല. ഇനിയും ഈ ഒരു അവസ്ഥയിലേക്ക് കുടുംബങ്ങളെത്തിക്കൊണ്ടയിരിക്കാം അവരെ കണ്ടെത്താനും മറ്റൊരു ഘട്ടം നടപ്പിലാക്കേണ്ടി വന്നേക്കാം. പുതിയതായി ദരിദ്രർ ഉണ്ടാവില്ലെന്നല്ല ഈ പ്രഖ്യാപനത്തിന്റെ അർത്ഥം. അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങളിലൂടെ കുടുബത്തിന് വരുമാനമില്ലാതെയായാൽ അവർ ഒറ്റയടിയ്ക്ക് അതിദരിദ്രരായി തീർന്നേക്കാം. ഈ പ്രോസസ് പിന്തുടരേണ്ടി വരുമെന്നാണ് ഇതിന്റെ അർത്ഥം.
മൈക്രോപ്ലാനുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അടിസ്ഥാന രേഖകൾ പോലുമില്ലാത്ത കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇമ്മീഡിയറ്റ്, ഇന്റർമീഡിയറ്റ്, ലോങ്ങ് ടൈം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മൈക്രോ പ്ലാൻ നടപ്പിലാക്കാൻ നോക്കിയത്. ഓരോ കുടുംബത്തിനും എന്തൊക്കെ തരത്തിലുള്ള സഹായമാണ് വേണ്ടതെന്നും എത്ര കാലയളവിനുള്ളിൽ വേണമെന്നും നിർണ്ണയിച്ചത് ഈ മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്. നടപ്പിലാക്കിയ പദ്ധതികളെ വിശകലനം ചെയ്താണ് എത്ര കുടുംബങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് പുറത്തു വന്നെന്ന് കണ്ടെത്തിയതെന്ന് ഡോ രാജേഷ് കെ പറയുന്നു.
പദ്ധതി നടപ്പാക്കിയതുകൊണ്ട് അതിദാരിദ്ര്യം പൂർണ്ണമായി ഇല്ലാതായി എന്ന് കരുതരുതെന്നും, തുടർച്ചയായ നിരീക്ഷണത്തിലൂടെയും മൈക്രോ പ്ലാനുകളിലൂടെയും പുതിയതായി ഈ അവസ്ഥയിലേക്ക് എത്തുന്നവരെ കണ്ടെത്തേണ്ടതുണ്ടെന്നും ഡോ. രാജേഷ് കെ. കൂട്ടിച്ചേർക്കുന്നു.
Content Summary: The critics have failed to grasp that the Kerala government scheme’s goal is to eliminate extreme poverty
This post was last modified on November 1, 2025 1:31 pm
Leave a Comment