കറി ബാര്‍കറുടെ (Curry Barker) ഒബ്സെഷന്, ലോകത്തിന്റെ തന്നെ ഒബ്സെഷന് ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ചെറിയ ബഡ്ജറ്റില്‍ (ഏകദേശം 8-9 കോടി) യൂട്യൂബര്‍ ആയ കറി ചെയ്ത ഈ സൈക്കോളജിക്കല്‍ ഹൊറര്‍ ഫിലിം 2000 കോടി കടന്നിരിക്കുന്നു. ഈയിടെ മലയാളത്തില്‍ ഇറങ്ങിയ മോളിവുഡ് ടൈംസിലെ വിനീത് മാധവനെ പോലെ (നസ്ലെന്), കറി ബാര്‍ക്കറും ഹൊറര്‍ ഫിലിം മേക്കര്‍ ആവാന്‍ കൊതിച്ചു നടന്ന ആളാണ്. പക്ഷെ, വലിയ ഒരു വ്യത്യാസമുള്ളത്, ആദ്യത്തെ സിനിമയില്‍ തന്നെ കറി അത് ഷോട്ടുകളില്‍ കൃത്യമായി, കൊണ്ട് വന്നു നമ്മളെ ഞെട്ടിച്ചു, കുരുക്കിയിടുന്നു എന്നതാണ്. ഒബ്സെഷന്റെ സ്ക്രിപ്റ്റും സംവിധാനവും, എഡിറ്റിംഗും കറി ബാര്‍ക്കര്‍ തന്നെയാണ് ചെയ്തിട്ടുള്ളത്. ഇവിടെ പറച്ചില് ഇല്ല, പറയിപ്പിക്കലും ഇല്ല. ഇരുട്ടും, നിഴലുകളും, പാതി മറഞ്ഞു നില്ക്കുന്ന വെളിച്ചവും, അതിലേക്കു ഇഴ ചേര്‍ക്കുന്ന, വിചിത്ര ശബ്ദങ്ങളും പിണയുന്ന വിഷ്വലുകളുടെ ഭ്രമിപ്പിക്കുന്ന അസ്വസ്ഥതകള്‍! അതിനുള്ളില്‍ വട്ടം കറങ്ങുന്ന രണ്ടാത്മാക്കള്.
പ്രണയത്തിലെ ഒബ്സെഷന് അനുഭവിച്ചവര്‍ക്കറിയാം, അത് കാലാവര്‍ത്തിയാണ്. ആ ഭ്രാന്തില്‍ പ്രണയം ഒരു ആരാച്ചാരാവും, പ്രണയപ്പെട്ടവര് കുരുങ്ങും. നീ എന്റേത് മാത്രം, ഞാന്‍ നിന്റേതു മാത്രം, നമുക്കു ചുറ്റും, മറ്റാരും ഇല്ല, മറ്റൊന്നും ഇല്ല; ഉണ്ടാവാനും പാടില്ല. ഒബ്സെഷനിലെ നിക്കിക്ക് മറ്റൊരു നിര്‍ബന്ധം കൂടിയുണ്ട്, ഉണ്ടായാല്‍ അവരെ അവള് തകര്‍ക്കും, തകര്‍ത്തു തരിപ്പണമാക്കും. കുറച്ചു കൂടെ ക്രീയേറ്റീവ് ആയി പറഞ്ഞാല്‍ ഒരു ടിഫിന്‍ ബോക്സില്‍ പാക്ക് ചെയ്തു, മനോരഹരമായി ചിരിച്ചു കൊടുത്തു വിടും. നിക്കി അങ്ങിനെ ആവാന്‍ ആഗ്രച്ചിട്ടുണ്ടോ ബെയര്‍? അവള് ബാല്യകാല സുഹൃത്താണ്, ഒരേ മ്യൂസിക് സ്റ്റോറില്‍ ജോലിയെടുക്കുന്നു. ഇടക്കിടെ ഒത്തു കൂടുന്നു. പ്രണയം പോയിട്ടു, അവളുടെ കണ്ണുകളില്‍ നോക്കി വെറുതെ സംസാരിക്കാന്‍ പോലും പറ്റുന്നില്ല അന്തര്‍മുഖനായ ബെയറിനു. നേരിട്ട് കിട്ടിയ ഒരു സന്ദര്‍ഭം കളഞ്ഞതിലെ വിഷമമാണ് ‘one wish willow’ ഒടിച്ചു അയാള്‍ തീര്‍ക്കുന്നത്.

കറി ബാര്‍ക്കര്‍ കൃത്യമായി സൃഷ്ടിച്ച ഈ തീം പിന്നീടങ്ങോട്ട് ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്, ഒബ്സെഷന്റെ ഭ്രാന്തമായ അവസ്ഥകളിലൂടെയാണ്. അത്രക്കും തീവ്രമായ പ്രണയം ആഗ്രഹിച്ച ബെയര്‍ അതിനെ ആസ്വദിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഓരോ നിമിഷവും നിക്കി അവളുടെ പുതിയ അസ്തിത്വത്തില്‍ വളരുന്നു, അതി ഭീകര പ്രണയം, ഒരു നിമിഷം വിടാത്ത ആത്മാര്‍ത്ഥത, ബെയറിന് ബാത്റൂമില്‍ പോലും സ്വകാര്യത ഇല്ലാത്ത അവസ്ഥ, ആ ഇന്‍സെക്യൂരിറ്റി. ഉറക്കത്തില്‍ അവള്‍ക്കു തോന്നുന്നുണ്ട്, ബെയര്‍ വിട്ടു പോവുമെന്ന്. അനങ്ങാന്‍ പറ്റാത്ത വിധം മുറുക്കി പിടിച്ചു അവള് തന്റെ ഉത്തരവാദിത്തം കൂട്ടുന്നു. പുറത്തേക്കുള്ള വാതില്‍ സീല്‍ ചെയ്തു ഭദ്രമാക്കുന്നു. പതിയെ തുടങ്ങി, ബെയറിനെ വരിഞ്ഞു മുറുക്കുന്ന ഭയം, സ്വയം ഒരടി മുന്നോട്ടു വെക്കാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ, പാര്‍ട്ടികളിലെ അപമാനം. ഈ സീനില്‍ നിക്കി ബെയറിനെ എങ്ങിനെയാണ് കാണുന്നത് എന്നത്, ഏതോ ഒരു നിമിഷത്തിന്റെ ബോധ-അബോധത്തില്‍ പ്രകടമാവുന്നുണ്ട്.
ഏറ്റവുമധികം ജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം യാഥാര്‍ഥ്യമായിട്ടു നാളുകളായിട്ടും, അതിലെ അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ഓരോ നിമിഷവും അയാളെ കൊഴപ്പിക്കുമ്പോഴും ബെയര്‍ ചിന്തിക്കാത്ത ഒന്നുണ്ട്. നിക്കിക്കു അയാളോട് യഥാര്‍ഥത്തില്‍ പ്രണയമുണ്ടോ? അയാളോട് ഭ്രാന്തമായ ഒബ്സെഷന് ഉള്ള നിക്കി അയാള്‍ തന്നെ സൃഷ്ടിച്ച ഒരു ഫാന്റസി ആണോ? അവളുടെ കണ്‍സന്റ് ഇല്ലാതെ, അയാളുടെ ഒബ്സെഷനിലേക്ക്, ഒരു വിഷിലൂടെ അവളെ ആവാഹിക്കുമ്പോള്‍, സ്വന്തം ആഗ്രഹങ്ങളും, സ്വപ്നങ്ങളും നഷ്ടമാവുന്ന, അസ്തിത്വം തന്നെ ഇല്ലാതാകുന്ന മറ്റൊരു ശരീരം, അതിന്റെ മനസ്സ്- ഏതോ ഒരു ഗ്രേ സോണില്‍ ഉള്ള വിഭ്രാന്തിയിലേക്കു പരകായപ്രവേശം ചെയ്യുന്നത്, അവിടെ കിടന്നു അലയുന്നത്, ഉള്ള പരാക്രമങ്ങളെല്ലാം ചെയ്തു കൂട്ടുന്നത് – പ്രത്യക്ഷത്തിലെ വെറും ഹൊറര്‍, മറ്റൊരു മെറ്റഫൊര് ആയി, ആഴമുള്ള ഒരു പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ആവുന്നതാണ് ഒബ്സെഷനില് ഞാന്‍ കാണുന്ന ക്രാഫ്റ്റ്. അതിന്റെ സൈക്കോളജിക്കല്‍ തലങ്ങളും, മറ്റു അവസ്ഥാന്തരങ്ങളും, മിക്കവാറും ഒരേ ഒരു വീട്ടില്‍, തികഞ്ഞ ടെക്നിക്കല്‍ പെര്‍ഫെക്ഷനോടെ സ്റ്റേജ് ചെയ്തിരിക്കുന്നതില്‍ കറി ബാര്‍കറുടെ ബ്രില്ലന്‍സ് – അതാണ് റിയല്‍ ഹൊറര്‍ ഷോട്ടുകള്‍. അത് നമ്മളെ ഭയപ്പെടുത്തും, ചിന്തിപ്പിക്കും. ചിലപ്പോള്‍ കൊല്ലും. ഉദാഹരണത്തിനു ആ പാത്രിരാത്രിയില്‍, കലി പൂണ്ട നിക്കി ഇറങ്ങി വന്നു, കാറിന്റെ വിന്‍ഡോ സീറ്റ് തകര്‍ത്തു, പിന്നെ കാണുന്നതു… ബെയറിനോടൊപ്പം നമ്മളും നിശ്ചലരായില്ലേ?

ഒബ്സെഷന്ന്റെ സിനിമാട്ടോഗ്രാഫി – അതിന്റെ കൃത്യത. കൂടുതല്‍ ഇഷ്ടപ്പെട്ടത് അതിന്റെ ഫ്രഷ്നെസ്സ് ആണ്. സൂക്ഷിച്ചു നോക്കിയാല്‍ മനസിലാവും, അതില്‍ ട്രൈപോഡ് ഷോട്ടുകളുടെ ഒരു അമേച്ചര്‍ ഫീലും ഉണ്ട്. ടെയ്ലര് ക്ലെമന്സിനു പ്രത്യേക നന്ദി. ഇതൊക്കെ നടക്കും അല്ലെ ലിമിറ്റഡ് ബഡ്ജറ്റില്‍. ഓഡിയോ ഡിസൈന്‍ – റോക്ക് ബര്വെല്ലിന്റെ ആദ്യത്തെ സിനിമ ആണെന്ന് ആരും പറയില്ല.
ഒബ്സെഷനിലെ താരങ്ങള്‍- ആകെ നാല് പേരെ ഉള്ളു. നിക്കിയും ബെയറും തന്നെയാണ് ഒബ്സെഷനില് പെട്ട് കിടക്കുന്നത്. ഇന്‍ഡെ നവറെറ്റിന്റെ നിക്കി ഇപ്പോള്‍ തന്നെ ഓസ്കര് ചര്‍ച്ചകളില്‍ ആണ്. ഇരുട്ടി വെളുക്കുന്നതിനു മുന്‍പേ താരമായിരിക്കുന്നു. കൊതിപ്പിക്കുന്ന അഭിനയമാണ്. ഇഷ്ടം പോലെ ഒബ്സ്സ്ഡ് ഭാവങ്ങള്‍, വിചിത്ര ശബ്ദങ്ങള്‍, സെക്സി ഡയലോഗുകള്‍ -തകര്‍ത്തു. ഇന്‍ഡെ നിക്കിയെ പിടിച്ചു വെച്ചില്ലായിരുന്നെങ്കില്‍, ഒബ്സെഷന് ലോകം കീഴടക്കില്ലായിരുന്നു. മൈക്കല്‍ ജോണ്‍സ്റ്റണ്‍ ബെയര്‍ ആവുന്നത് കണ്ടിരിക്കാന്‍ രസമുണ്ട്. അയാളുടെ ഉള്‍വലിയലുകളും, ഒളിപ്പിച്ചു വെക്കുന്ന ദിവ്യപ്രണയവും, ഭീതിയും, ഒടുവിലത്തെ ആ വേദനിപ്പിച്ച കീഴടങ്ങലും. സംവിധായകന് കറി ബാര്‍ക്കറിന്റെ സുഹൃത്തും, യൂട്യൂബ് ക്രീയേറ്റീവ് പാര്ട്ണറുമൊക്കെയായ കൂപ്പര്‍ ടോണില്സണ്, ഇയാന്‍ ആയി വരുന്നു. മേഗന് ലൊലെസിന്റെ സാറ എന്ന കഥാപാത്രവും ഉണ്ട്. സാറയുടെ വിധിയാണ് വിധി!
എനിതിംഗ് ബട്ട് ഗോസ്റ്റ്സ് ആണ് കറി ബാര്‍ക്കറുടെ അടുത്ത സിനിമ. പ്രൊഡക്ഷന്‍ ഒഴിച്ച് ബാക്കി എല്ലാത്തിലും ബാര്‍ക്കറിന്റെ തല ഉണ്ട് ഇതിലും. ഒബ്സഷന്‍ കുറച്ചു ഹൈപ്പ് ഉണ്ടെങ്കിലും, 26 വയസ്സില്‍ കറി എടുത്ത സിനിമയുടെ ക്രാഫ്റ്റ് അംഗീകരിച്ചേ മതിയാവു. അത് തുടര്‍ന്നാല്‍, കറി ബാര്‍ക്കര്‍, ലോക സിനിമയില്‍ അറിയപ്പെടുന്ന മറ്റൊരു അമേരിക്കന്‍ ഫിലിം മേക്കര്‍ ആയി മാറിയേക്കാം. പ്രതീക്ഷയുണ്ട്.
Content Summary; Curry Barker’s psychological horror masterpiece ‘Obsession.’ Discover how a low-budget indie film starring Inde Navarrette became a global box office sensation through sheer cinematic brilliance
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.