നിയമസഭയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ബിജെപിയെ കളിയാക്കാനായിരുന്നു ഗണഗീതം പാടിയതെന്നും തന്റെ സുഹൃത്തുക്കളിലാർക്കെങ്കിലും അത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡി. കെ ശിവകുമാർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച നടന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ഡി. കെ ശിവകുമാർ ആർ.എസ്.എസ് ഗീതമായ ‘നമസ്തേ സദാ വത്സലേ മാതൃഭൂമി’ ആലപിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ്സിലെയും ഇന്ത്യ സഖ്യത്തിലെയും പ്രവർത്തകരോട് മാപ്പ് പറഞ്ഞത്.
1980 മുതൽ കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടുമുള്ള തന്റെ കൂറ് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നുവെന്നും ഹൈക്കമാൻഡിൽ ആരും തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡി. കെ ശിവകുമാർ പറഞ്ഞു.
ജൂൺ 4ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർ.സി.ബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് പ്രതിപക്ഷ ബിജെപി ഉന്നയിച്ച ചർച്ചക്കിടെ, ആർഎസ്എസ് പ്രാർത്ഥനയുടെ ഒരു ഭാഗം പാടിയത് ബിജെപിയെ കളിയാക്കാൻ വേണ്ടിയായിരുന്നു. ചിലർ അത് രാഷ്ട്രീയപരമായി എടുത്ത് ദുരുപയോഗം ചെയ്യാനും പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രശംസിക്കാനായിരുന്നില്ല എന്റെ ഉദ്ദേശ്യം, കളിയാക്കാനായിരുന്നു. കോൺഗ്രസ്സിനോടും ഗാന്ധി കുടുംബത്തോടുമുള്ള എന്റെ കൂറ് ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഞാൻ ഒരു കോൺഗ്രസ്സുകാരനായി ജനിച്ചു, ഒരു കോൺഗ്രസ്സുകാരനായി മരിക്കും’, ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡി. കെ ശിവകുമാർ പറഞ്ഞു.
‘രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനും എൻ.എസ്.യു.ഐയിൽ ചേരുന്നതിനും മുമ്പ് ഞാൻ എൻ.എസ്.യു.ഐ, കോൺഗ്രസ്, ഗാന്ധി കുടുംബം, ഗാന്ധി കുടുംബത്തിന്റെ സംഭാവനകൾ, കോൺഗ്രസ്സിന്റെ ചരിത്രം, ആർ.എസ്.എസ്, ബി.ജെ.പി, ജെ.ഡി(എസ്), കമ്മ്യൂണിസ്റ്റ് പാർട്ടി, രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവയെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇ.ഡി ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹിയിലെ തീഹാർ ജയിലിൽ തടവിലായിരുന്നതിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എന്റെ ചരിത്രവും എന്റെ പ്രതിബദ്ധതയും എന്റെ പ്രത്യയശാസ്ത്രവും അറിയാനും അത് വെച്ച് രാഷ്ട്രീയം കളിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് അവർക്ക് വിട്ടുകൊടുക്കുന്നു. ഞാൻ അതിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല, ഡി. കെ ശിവകുമാർ പറഞ്ഞു.
Content Summary: D K Sivakumar apologies for singing rss anthem
This post was last modified on August 26, 2025 4:49 pm
Leave a Comment