June 16, 2026 |
Share on

എന്തിനോ വേണ്ടി തിളയ്ക്കുന്ന ഡബ്ബ കാർട്ടൽ

ഇഴഞ്ഞും വലിഞ്ഞും, സ്വന്തമായി ഒരു അസ്തിത്വവും ഇല്ലാതെ ദുര്‍ബലമാകുന്ന സ്‌ക്രിപ്റ്റില്‍ ബലിയാടാവുന്ന പാവങ്ങള്‍

നെറ്റ്ഫ്‌ലിക്‌സിലെ ഏറ്റവും പുതിയ സീരീസ് ആയ ‘ഡബ്ബ കാര്‍ട്ടെല്‍’ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഓര്‍മ്മ വന്നത് ‘സാസ്, ബഹു ഓര്‍ ഫ്‌ലമിങ്കോ’ എന്ന സീരീസ് ആണ്. 2023ല്‍ ഹോട്ട്സ്റ്റാര്‍ ആണ് ഇത് റിലീസ് ചെയ്തത്. കുറച്ചു സാമ്യം ഉള്ള കഥയാണ്. സ്‌ക്രിപ്റ്റിന്റെ കരുത്തും, ഡിംപിള്‍ കപാഡിയയുടെ മനം മയക്കുന്ന ലുക്കും, പെര്‍ഫോമന്‍സും ഈ സീരിസിന്റെ നിലവാരം കുത്തനെ ഉയര്‍ത്തിയിരുന്നു. അതിലെ മറ്റ് കഥാപാത്രങ്ങളും, സബ്‌പ്ലോട്ടുകളും, ഫ്‌ളാഷ്ബാക്കും വല്ലാത്തൊരു കിക്ക് തന്നിരുന്നു. ‘ഡബ്ബ കാര്‍ട്ടെല്‍’ ടീസര്‍ അങ്ങനെയെന്തൊക്കെയോ പ്രതീക്ഷ തന്നിരുന്നു. മലയാളത്തില്‍ ഒരു റാപ് സോങ്ങും ഇടയില്‍ കേട്ടു. കണ്ടിരിക്കാന്‍ പറ്റാത്ത സീരിസ് ആയി ഡബ്ബ കാര്‍ട്ടെലിനെ റേറ്റ് ചെയ്യുന്നില്ല. ആര്‍ക്ക് വേണേലും കാണാം. ഒരു പ്ലേറ്റില്‍ കുറച്ച് മുറുക്കും എടുത്തോ. പക്ഷെ, കണ്ടതിന് ശേഷമുള്ള അഭിപ്രായം… അതിപ്പോ, ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ… Dabba cartel series: tells the story of a group of women caught up in the drug trade 

അഞ്ച് സ്ത്രീകള്‍, അതില്‍ ‘ബാ’ യ്ക്ക് ഇച്ചിരി പ്രായക്കൂടുതല്‍ ഉണ്ട്. ‘ദേസി ആന്റി’ എന്നൊക്കെയാണ് മുംബൈയിലെ ഒരു ചോട്ടാ ഡ്രഗ് ഡോണ്‍ വിളിക്കുന്നത്. ഡബ്ബയില്‍ ചോറിനും തോരനും ഒപ്പം ആദ്യം ചെറിയ തോതില്‍ ഹോം മെയ്ഡ് വയാഗ്ര വെച്ചിരുന്നു രാജി (ശാലിനി പാണ്ഡെ). ഡബ്ബ വാല ബിസിനസിന് ചെറിയൊരു ബൂസ്റ്റ്. പിന്നെ ഒരു രഹസ്യമായ ഒരു സോഷ്യല്‍ സര്‍വീസ്, ദമ്പതികളെ ഒറ്റകെട്ടാക്കാന്‍. അതിലപ്പുറം ഒന്നും ഈ നിഷ്‌കളങ്കയായ യുവതിയുടെ മനസ്സില്‍ ഇല്ല. ചാടി ചാടി നടക്കുന്ന വീട്ടുജോലിക്കാരി ‘മാലു’ (നിമിഷ സജയന്‍) ആണ് രാജിയുടെ സഹായി. ഇടയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയി വരുന്ന ഷാഹിദ (അഞ്ജലി ആനന്ദ്) ചേരുന്നു. ജോലികള്‍ക്കിടയില്‍ ചില സിമ്പിള്‍ പ്ലെഷേഴ്സ് ഒക്കെയുള്ള മാലുവിന്റെ എടുത്ത് ചാട്ടത്തില്‍ ചില ആകസ്മിക സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇന്‍സ്റ്റന്റ് മണി ആഗ്രഹിക്കാത്ത ആരുമില്ലല്ലോ. അവര്‍ പോലും പ്രതീക്ഷിക്കാതെ ഒരു ‘താനേ നാര്‍കോ’ (thane narco) ഗാങ് രൂപം കൊള്ളുന്നു. തുടര്‍ന്നുള്ള സംഭവ പരമ്പരകള്‍ ആണ് ഏഴ് എപ്പിസോഡുകള്‍ നീളുന്ന ‘ഡബ്ബ കാര്‍ട്ടെല്‍’.

സംവിധായകന്‍ ഹിതേഷ് ഭാട്ടിയ രണ്ടു പ്ലോട്ടുകള്‍ ആണ് സമാന്തരമായി കൊണ്ടുപോകുന്നത്. ഒന്ന് താനെ നാര്‍കോ ടീം ഓപ്പറേഷന്‍സ്. രണ്ട് നിരോധിക്കപ്പെട്ട ഡ്രഗ് ഉണ്ടാക്കുന്ന ഒരു മരുന്ന് കമ്പനിയുടെ കളികള്‍, പുറകെ നടക്കുന്ന അന്വേഷണം. ഇടയില്‍ എന്തൊക്കെ തള്ളിക്കയറ്റാമോ അതെല്ലാം ഉണ്ട്. കൃത്യമായ പഴയ അനുപാതത്തില്‍. ആദ്യമൊക്കെ കഥാപാത്രങ്ങളുടേ വരവ് കാണുമ്പോള്‍ നമ്മള്‍ വിചാരിക്കും ഇവര്‍ തകര്‍ക്കും, തിമിര്‍ക്കും എന്നൊക്കെ. ഈ buildup എന്ന് കേട്ടിട്ടില്ലേ. അതാണ് ഹിതേഷിന്റെ മിടുക്ക്. ഷിബാനി അക്തര്‍ അടക്കം നാല് പേരുണ്ട് പ്രോഗ്രാം ക്രിയേറ്റേഴ്‌സ് ആയിട്ട്. വിഷ്ണു മോഹനും ഭാവന ഖേറും ആണ് സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. കഥ പുരോഗമിക്കുന്നതോടെ കാറ്റഴിച്ചുവിട്ട ബലൂണുകളാവുന്ന ഈ കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് കുറച്ചു സഹതാപം തോന്നിത്തുടങ്ങും. ഇഴഞ്ഞും വലിഞ്ഞും, സ്വന്തമായി ഒരു അസ്തിത്വവും ഇല്ലാതെ ദുര്‍ബലമാകുന്ന സ്‌ക്രിപ്റ്റില്‍ ബലിയാടാവുന്ന എവിടെയും എത്താതെ കറങ്ങുന്ന പാവങ്ങള്‍.

dabba cartel

തല മുതിര്‍ന്ന ബാ (ഷീല) ആയി വരുന്ന ശബാന ആസ്മിയുടെ കാര്യം തന്നെ എടുക്കാം. മിക്കവാറും ഡബ്ബ കാര്‍ട്ടെലിന്റെ മൊത്തം എപ്പിസോഡിലും ‘ബാ’ ക്കു ഒരേഭാവം ആണ്. ഫ്ളാഷ്ബാക്കില്‍ ബാ അതുപോലത്തെ ജോലിയില്‍ ആയിരുന്നു. അതിന്റെ കനം തൂങ്ങിയ മുഖം മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും നിലനിര്‍ത്തുക എളുപ്പമല്ല. എങ്കിലും പുറത്തുവരുന്ന കഥകളോട് പ്രേക്ഷകര്‍ ‘ഓ പണ്ടേ അറിയാം’ എന്ന ഭാവം കാണിക്കുന്നതാണ് കഷ്ടം. ഒരു ഞെട്ടല്‍ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷെ വരണ്ടെ? ശബാന ഇല്ലെങ്കില്‍ ഈ സീരിസ് ഉപേക്ഷിക്കുമായിരുന്നു എന്ന് ഹിതേഷ് പറയുന്നുണ്ട്. അടുത്ത ബില്‍ഡ് അപ്പ്. ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്ന ഒരു റോള്‍ അല്ലെ. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രി വേണോ. അല്ലെങ്കില്‍ ആ ബഹുമാനം റോളിലേക്ക് നിക്ഷേപിക്കണം. ബാ യുടെ കടുത്ത നോട്ടത്തിന് വെടിയുണ്ടകളെ നിഷ്പ്രഭമാക്കാനുള്ള പവര്‍ ഒന്നും കണ്ടില്ല.

പൂത്തിരി കത്തിച്ച പോലെ സംസാരിക്കുന്ന ‘മാല’ അവസാനം നനഞ്ഞ ബോംബ് ആവുന്നുണ്ടോ. ഷാഹിതയ്ക്കും പോലീസുകാരിക്കും ഇടയില്‍ വീശുന്ന ആ നേര്‍ത്ത തെന്നല്‍ ഇനിയും വേണോ. രാജിയും ഹരിയും വലിയ വിപ്ലവം ഇല്ലാതെ പിടിച്ചു നില്‍ക്കുന്നുണ്ട്. ഹരി-ഭൂപേന്ദ്ര ജഡവതിനെ കണ്ടപ്പോള്‍ വിജയ് വര്‍മ്മയുടെ ഡ്യൂപ്പ് ആണോ എന്ന് തോന്നി. പക്ഷെ വരുണയുടെ (ജ്യോതിക) മൂക ശോക ഭാവം എന്തിനാണ്. ശങ്കറും വരുണയും തമ്മില്‍ ഉള്ള ആ തീ പാറിയ സംഭാഷണം കൊള്ളാം. സത്യത്തില്‍ പുറത്തുവരാതെ ചുമ്മാ ശോകമായിരിക്കുന്ന സ്ത്രീകളോട് നല്ല രീതിയില്‍ സംവദിക്കുന്ന ഒരു ഷോട്ട് ആണത്. ഇത്രയും കുതന്ത്രമുള്ള ശങ്കറിന്റെ എല്ലാ പാസ്സ്വേര്‍ഡുകളും വരുണക്കറിയാം എന്നതും കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. പിന്നെ, മുംബൈയില്‍ താമസമാക്കിയതിന്റെ തിളക്കമൊക്കെ കെട്ടിലും മട്ടിലും ജ്യോതികയ്ക്ക് വന്നിട്ടുണ്ട്. അതെന്താണ് എന്നാണോ, ബോളിവുഡ് നായികമാരുടെ വര്‍ക്ഔട്ട് റുട്ടീനുകള്‍ നോക്കിയാല്‍ മതി.

ഏറ്റവും സങ്കടം തോന്നിയ കഥാപാത്രം ഗജ്രാജ് റാവുവിന്റെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അജിത് ആണ്. തീരെ മോശം വിഗും. വെറുതെ സമയം കളഞ്ഞു എന്ന് തോന്നിക്കുന്ന, നിര്‍ജീവമായ അന്വേഷണം. വിസില്‍ ബൗളിംഗ് ചെയ്യുന്ന ബോമിക് ബോസും വ്യത്യസ്തമല്ല. ഏറ്റവും ഇഷ്ടപെട്ടത് അഞ്ജലി ആനന്ദിന്റെയും, ജിസ്സു സെന്‍ഗുപ്തയുടെയും അഭിനയമാണ്. ഉള്ളതുകൊണ്ട് ഓണം എന്ന മട്ടില്‍ അവരുടെ കഥാപാത്രങ്ങളെ കൊണ്ടുപോയിട്ടുണ്ട്. എത്രയൊക്കെ ആത്മാര്‍ത്ഥമായി ശ്രമിച്ചാലും നിമിഷ സജയന്റെ കഥാപാത്രങ്ങള്‍ക്ക് ‘predictability’ ഒരു ശാപം ആവുന്ന പോലെ.

സത്യം പറഞ്ഞാല്‍ ഡബ്ബ കാര്‍ട്ടെലിന്റെ ത്രെഡ് ഇഷ്ടപ്പെട്ടു. നല്ല രീതിയില്‍ സ്‌കോപ്പ് ഉണ്ടായിരുന്ന ഒന്ന്. വ്യക്തിത്വമുള്ള ഒരു സ്‌ക്രിപ്റ്റില്‍, അത്യാവശ്യം ടാലെന്റ്‌റ് ഉള്ള ഈ അഭിനേതാക്കളെ അവരവര്‍ക്ക് യോജിച്ച രീതിയില്‍, കുറച്ചെങ്കിലും ആഴമുള്ള കഥാസന്ദര്‍ഭങ്ങള്‍ കൊടുത്തിരുന്നെങ്കില്‍ തീര്‍ച്ചയായും മികവ് പുലര്‍ത്തുമായിരുന്ന ഒരു സീരിസ്. അതിനുപകരം, ഇതുവരെ ഇറങ്ങിയ കാര്‍ട്ടെല്‍ സിനിമകളും, സീരീസുകളും അടക്കം എല്ലാത്തില്‍ നിന്നും കടമെടുത്ത സീനുകള്‍ കൊണ്ട് നിറച്ചിരിക്കുന്നു ഡബ്ബ കാര്‍ട്ടെല്‍. അവസാനത്തെ നാടകീയ മുഹൂര്‍ത്തങ്ങളും കൂടിയാവുമ്പോ കാര്യങ്ങള്‍ പൂര്‍ത്തിയാവും. സീസണ്‍ 2 വരും. ഉറപ്പാണ്. ഇല്ല. ഇനി കാത്തിരിപ്പൊന്നും ഇല്ല. ആ മൂഡ് കളഞ്ഞു. വരുമ്പോള്‍ നോക്കാം.Dabba cartel series: tells the story of a group of women caught up in the drug trade 

Content Summary: Dabba cartel series: tells the story of a group of women caught up in the drug trade

Leave a Reply

Your email address will not be published. Required fields are marked *

×