June 26, 2026 |
Share on

കഥ കേട്ടപ്പോൾ തന്നെ ‘ഉള്ളൊഴുക്ക്’ വേണ്ടെന്ന് തീരുമാനിച്ചു, ഒഴിവാക്കാൻ വേണ്ടി പ്രതിഫലം പോലും കൂട്ടി ചോദിച്ചു; ഉർവശി

ഒരുപാട് ഡാർക്ക് സിനിമകൾ ചെയ്യാൻ താൽപര്യമില്ലാത്തതിനാൽ താൻ ആദ്യം ചിത്രത്തിനോട് നോ പറഞ്ഞിരുന്നുവെന്നും ആ സിനിമ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും ഉർവശി പറയുന്നു.

താൻ ആദ്യം വേണ്ടെന്ന് വെച്ച സിനിമയായിരുന്നു ഉള്ളൊഴുക്ക് എന്ന് നടി ഉർവശി. ദേശീയ- സംസ്ഥാന തലത്തിൽ നിരവധി ബഹുമതികൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക്. എന്നാൽ ഒരുപാട് ഡാർക്ക് സിനിമകൾ ചെയ്യാൻ താൽപര്യമില്ലാത്തതിനാൽ താൻ ആദ്യം ചിത്രത്തിനോട് നോ പറഞ്ഞിരുന്നുവെന്നും ആ സിനിമ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും ഉർവശി പറയുന്നു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ പ്രതികരണം.

‘ഒരുപാട് ഡാർക്ക് സിനിമകൾ എനിക്ക് ഇഷ്ടമല്ല. ‘ഉള്ളൊഴുക്ക്’ പോലെയുള്ള സിനിമകൾ അടുപ്പിച്ചു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു പരിധി വരെ നാച്ചുറൽ ആയി അഭിനയിക്കണം എന്ന് കരുതുമ്പോൾ, ഇമോഷണൽ സിനിമകൾ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഞാൻ അഭിനയത്തിൽ ഒരുപാട് ഗ്ലിസറിൻ ഉപയോഗിക്കാറില്ല. ചില സീനുകൾ മാത്രം ഇമോഷണൽ ആയി ചെയ്യുമ്പോൾ കുഴപ്പമില്ല, എന്നാൽ ആ സിനിമ മുഴുവൻ ഇമോഷണൽ ആവുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടാണ്. ആദ്യം ‘ഉള്ളൊഴുക്കി’ന്റെ കഥ കേട്ടപ്പോൾ തന്നെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. തുടർച്ചയായി 45 ദിവസം ഷൂട്ട് ഉള്ള സിനിമയിൽ മുഴുവൻ ഇമോഷണൽ ആയി അഭിനയിക്കാൻ കഴിയില്ലെന്നതായിരുന്നു കാരണം. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ എന്നെ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ ആദ്യം ‘നോ’ പറഞ്ഞു. എന്നാൽ 4 വർഷം കഴിഞ്ഞും വീണ്ടും വീണ്ടും ആവർത്തിച്ചു വിളിച്ചുകൊണ്ടേ ഇരുന്നപ്പോൾ ഒഴിവാക്കാൻ എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞുനോക്കി. ആദ്യം ഡേറ്റ് ഇല്ല എന്ന് പറയും. അപ്പോൾ ‘എപ്പോഴാണ് ഡേറ്റ് ഉള്ളത് അപ്പോൾ മതി’ എന്ന് അവർ മറുപടി പറയുമ്പോൾ നമ്മൾ പെട്ടുപോകും. അപ്പോൾ ചില സീനുകൾ ഇഷ്ടമായില്ല എന്ന് പറയുമ്പോൾ ‘എവിടെയാണ് മാറ്റം വരുത്തേണ്ടത്’ എന്ന് ചോദിക്കും. അവസാനം ഒഴിവാക്കാൻ വേണ്ടി വലിയൊരു തുക പ്രതിഫലമായി ചോദിക്കും. അങ്ങനെ ചെയ്യുമ്പോൾ ഏറെക്കുറെ എല്ലാ സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാൽ ഇവർ അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യും? അങ്ങനെയാണ് ഞാൻ ‘ഉള്ളൊഴുക്ക്’ ചെയ്തത്,’. ഉർവശി പറഞ്ഞു.

2023 ൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉർവശിക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ചിത്രത്തിലെ ഉർവശിയുടെയും പാർവതിയുടെയും പ്രകടനങ്ങൾ വലിയ തരത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ഉർവശിക്ക് ലഭിച്ചിരുന്നു. സംവിധായകൻ പാണ്ഡിരാജ് ഒരുക്കുന്ന ‘പരിമള ആൻഡ് കോ’ എന്ന തമിഴ് സിനിമയാണ് ഉർവശിയുടെ ഏറ്റവും പുതിയ ചിത്രം. ജയറാമും ഉർവശിയും നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രം ജൂൺ 5 ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×