June 26, 2026 |
Share on

ഐസ്‌ക്രീം, ഹാംബര്‍ഗര്‍… ഇനി ഈവക വാക്കുകളൊന്നും വേണ്ടെന്ന് കിം ജോങ് ഉന്‍

ഇത്തരം ഉത്തരവുകളും നിയമങ്ങളും ഉത്തര കൊറിയയില്‍ നിന്നുണ്ടാകുന്നത് ഇതാദ്യമൊന്നുമല്ല

ഐസ്‌ക്രീം, ഹാംബര്‍ഗര്‍, കരോക്കെ എന്നീ വാക്കുകള്‍ ഇനി മുതല്‍ ഉച്ഛരിക്കേണ്ടെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ‘കൂടുതല്‍ പാശ്ചാത്യം’ എന്നാരോപിച്ചാണ് ഈ വാക്കുകള്‍ ഇനി രാജ്യത്ത് പറയേണ്ടെന്ന് ഉന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരകൊറിയയെ പാശ്ചാത്യ സ്വാധീനത്തില്‍ നിന്നും മുക്തമാക്കുകയാണേ്രത ലക്ഷ്യം! സംസാരഭാഷയില്‍ ഇംഗ്ലീഷ് വാക്കുകളുടെ ആധിക്യം ഉണ്ടാകുന്നതായി പരമോന്നത നേതാവ് ഭയപ്പെടുന്നു.

രാജ്യത്ത് പുതുതായി തുറന്ന വോണ്‍സാന്‍ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ടൂര്‍ ഗൈഡുകള്‍ സഞ്ചാരികളുമായി ആശയവിനിമയം നടത്തേണ്ടത് വിദേശ, ദക്ഷിണ കൊറിയന്‍ പദാവലി ഒഴിവാക്കിയാകണമെന്ന് ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ഡെയ്ലി എന്‍കെയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഭരണകൂടം ഇപ്പോള്‍ നിര്‍ബന്ധിത പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആശയങ്ങളും നിലപാടുകളും പ്രചരിപ്പിക്കേണ്ടതിന്റെ ഭാഗമായി പറയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഈ പരിശീലന പരിപാടിയില്‍ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. അതൊന്നും മറക്കാതെ പഠിച്ചോളണമെന്നാണ് കര്‍ശന നിര്‍ദേശം.

ഹാംബര്‍ഗര്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിനുപകരം, ഡാജിന്‍-ഗോഗി ഗ്യോപ്പാങ് (ഇരട്ട ബ്രെഡ് ഗ്രൗണ്ട് ബീഫ്) എന്നുവേണം പറയാന്‍. ഐസ്‌ക്രീമിനെ എസുക്കിമോ (എസ്‌കിമോ) എന്ന് വിളിക്കണം, അതേസമയം കരോക്കെ മെഷീനുകളെ ‘ഓണ്‍-സ്‌ക്രീന്‍ അകമ്പടി യന്ത്രങ്ങള്‍’ എന്നും വിളിക്കണം. ഉത്തര കൊറിയയിലെ മാതൃഭാഷ പ്രോത്സാഹിപ്പിക്കുക, ഭാഷയിലൂടെ നടക്കുന്ന സാംസ്‌കാരിക നുഴഞ്ഞു കയറ്റം അവസാനിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തരം ഉത്തരവുകളും നിയമങ്ങളും ഉത്തര കൊറിയയില്‍ നിന്നുണ്ടാകുന്നത് ഇതാദ്യമൊന്നുമല്ല. മൗലിക സ്വാതന്ത്ര്യം ഉന്നിന്റെ രാജ്യത്ത് പൗരന് അപ്രാപ്യമാണ്. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. വിദേശ സിനിമകള്‍, സീരീസുകള്‍ കാണുന്നതൊക്കെ അവിടെ ശിക്ഷാര്‍ഹമാണ്, പിടിക്കപ്പെട്ടാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടും.

കെ-ഡ്രാമകള്‍(ദക്ഷിണ കൊറിയന്‍ സീരീസുകള്‍) കൈവശം വച്ചതിന് തന്റെ മൂന്നു സുഹൃത്തുക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് 2023 ല്‍ ഒരു സ്ത്രീ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ടു പോന്നൊരു സ്ത്രീയായിരുന്നു അവര്‍. വിദേശ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉത്തര കൊറിയക്കാര്‍ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു തന്റെ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടി വന്നതെന്നായിരുന്നു അവര്‍ അഭിമുഖത്തില്‍ പറഞ്ഞത്.  Kim Jong Un has indeed banned the use of certain Western words, including “hamburger” and “ice cream,” in North Korea.

 

Content Summary; Kim Jong Un has indeed banned the use of certain Western words, including “hamburger” and “ice cream,” in North Korea.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×