അഭ്യൂഹങ്ങൾക്ക് വിരാമം: പിൻഗാമിയെ കണ്ടെത്തുമെന്ന് ദലൈലാമ

കാത്തിരുന്ന് ചൈന

നൂറ്റാണ്ടുകൾ പഴക്കമുള്ള ടിബറ്റൻ ബുദ്ധമത സ്ഥാപനം തന്റെ മരണശേഷവും തുടരുമെന്ന് ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ. ഇതോടെ ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ ലാമ പദവി വഹിക്കുന്ന അവസാനത്തെ വ്യക്തി താനായിരിക്കുമെന്ന വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്കാണ് വിരാമമിട്ടിരിക്കുന്നത്. തന്റെ 90–ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ അറിയിച്ചിരിക്കുന്നത്. ജന്മദിനത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ആഘോഷങ്ങളിൽ സംസാരിക്കവേ, അടുത്ത ദലൈലാമയെ കണ്ടെത്തി മുൻകാല ബുദ്ധമത പാരമ്പര്യങ്ങൾക്കനുസൃതമായി അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ നൂറിലധികം സന്യാസിമാർ പങ്കെടുക്കുന്ന ധരംശാലയിലെ 3 ദിവസത്തെ സമ്മേളനത്തിന് ഇതോടെ തുടക്കമായി. ദലൈലാമയുടെ വീഡിയോ സന്ദേശവും സമ്മേളനത്തിൽ പ്രദർശിപ്പിക്കും. 15ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളില്‍നിന്നുള്ള ആയിരങ്ങളാണ് ഒത്തുചേര്‍ന്നിരിക്കുന്നത്. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമയെങ്കിലും 2011 ൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസർക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്‌വഴക്കം ലംഘിച്ചിരുന്നു. 1989 ൽ സമാധാനത്തിനുള്ള നൊബേലിന് അർഹനായി. ലൈലാമമാരെ അവതാര പുരുഷൻമാരായാണ് കണക്കാക്കുന്നത്.

തനിക്കു പിൻഗാമികളുണ്ടാകില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് മനസ്സുമാറ്റുകയായിരുന്നു. എന്നാൽ തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തു നിന്നായിരിക്കണം എന്നാണ് ദലൈലാമയുടെ നിലപാട്. ദലൈലാമയുടെ പിൻഗാമി ആരെന്നറിയാൻ അദ്ദേഹത്തെ വിഘടനവാദിയായി കണക്കാക്കുന്ന ചൈനയും കാത്തിരിക്കുകയാണ്, തങ്ങൾക്ക് മാത്രമാണ് ദലൈലാമയുടെ പുനർജന്മം കണ്ടെത്താൻ അധികാരമുള്ളൂ എന്നാണ് ചൈന പറയുന്നത്.

എന്നാൽ ദലൈലാമയ്ക്ക് ഏത് ശരീരത്തിലാണ് പുനർജന്മം സ്വീകരിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാൻ ദലൈലാമയ്ക്ക് കഴിയുമെന്നാണ് ടിബറ്റൻ ബുദ്ധമതക്കാർ വിശ്വസിക്കുന്നത്. 1587-ൽ സ്ഥാപനം സ്ഥാപിതമായതിനുശേഷം ഇങ്ങനെ 14 തവണ സംഭവിച്ചിട്ടുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. 1940-ൽ ദലൈലാമയുടെ 14-ാമത്തെ പുനർജന്മമായി ടെൻസിൻ ഗ്യാറ്റ്സോ മാറി. 1935 ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ പൂർവാശ്രമത്തിലെ പേരാണ് ടെൻസിൻ ഗ്യാറ്റ്സോ.

1959-ൽ അദ്ദേഹം ടിബറ്റിൽ നിന്ന് പലായനം ചെയ്യുകയും അന്നുമുതൽ ഇന്ത്യയിലെ ധരംശാല കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്യുന്നു. ദലൈലാമയ്ക്കായുള്ള അന്വേഷണം മുൻ പാരമ്പര്യങ്ങൾക്കനുസൃതമായി നടത്തണമെന്നും അദ്ദേഹം പറയുന്നു. ടിബറ്റിനുള്ളിലും പ്രവാസത്തിലുമായി കഴിയുന്ന മിക്ക ടിബറ്റൻ ബുദ്ധമതക്കാരും, ടിബറ്റിനുമേലുള്ള ചൈനയുടെ കർശന നിയന്ത്രണത്തെ എതിർക്കുന്നവരാണ്.

content summary: Dalai Lama says there will be search for his successor after his death

This post was last modified on July 2, 2025 1:47 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment