തലമുറകളായി കൈവശം വെച്ച് പോരുന്ന ഭൂമിക്ക് ഇന്നും അവകാശികളാകാൻ എറണാകുളം, വാഴക്കുളം പഞ്ചായത്തിലെ പാരിയത്ത് കാവ് പട്ടിക ജാതി കോളനിയിലുള്ളവർക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ താമസിക്കുന്ന ഏഴ് കുടുംബങ്ങൾ അനിശ്ചിത കാല സമരം തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. 1975 മുതൽ തുടങ്ങിയ മണ്ണിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ സമരം വരെ എത്തി നിൽക്കുന്നത്. 50 വർഷത്തോളമായി സർക്കാർ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന പുലയ സമുദായത്തിൽപ്പെട്ടവരാണ് ഇവിടെയുള്ള ഏഴ് കുടുംബങ്ങൾ. മൂന്ന് തലമുറകളായി ഇവിടെ കഴിയുന്ന കുടുംബങ്ങൾ പട്ടയത്തിനപേക്ഷിച്ചിരുന്നു. എന്നാൽ സമീപപ്രദേശത്തുള്ള ഒരു സ്വകാര്യവ്യക്തി ഇത് തന്റെ ഭൂമിയാണെന്ന് പറഞ്ഞ് രംഗത്തുവരികയും കോളനിയിൽ താമസിക്കുന്നവർക്കെതിരെ കേസ് നൽകുകയും ചെയ്‌തു. dalit community land issue
സർക്കാർ പുറമ്പോക്ക് ഭൂമി വർഷങ്ങളായി അവിടെ താമസിക്കുന്നവർക്ക് അവകാശപ്പെട്ടതാണെന്ന രീതിയിൽ മൂന്ന് തവണ കോളനി നിവാസികൾക്ക് അനുകൂലമായി വിധി വന്നിരുന്നു. എന്നാൽ കേസ് നൽകിയ വ്യക്തി കേസുമായി മുന്നോട്ട് പോവുകയും അവസാനം അയാൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്ന് വിധി വരികയും ചെയ്‌തു. തുടർന്ന് നിലവിൽ അവിടെ താമസിക്കുന്ന കുടുംബങ്ങൾ അവരുടെ വീടുകൾ പൊളിച്ച് മാറ്റണമെന്നും ഉടൻ തന്നെ അവിടെ നിന്ന് ഒഴിഞ്ഞ് പോകണമെന്നുമുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതി ശരി വെക്കുകയായിരുന്നു. തങ്ങൾ ജനിച്ചു വളർന്ന മണ്ണ് നഷ്ടമാകാൻ പോവുകയാണെന്ന് അറിഞ്ഞതോടെയാണ് ഇവർ സമരമാരംഭിച്ചത്. കിഴക്കമ്പലം പഞ്ചായത്തിലെ സർവ്വേ നമ്പർ ഉപയോഗിച്ച് വിൽപ്പത്രപ്രകാരം തന്റെ സ്ഥലമാണെന്ന് തെളിയിക്കുന്നതിനായി കേസ് നൽകിയ വ്യക്തി വ്യാജരേഖയുണ്ടാക്കിയെന്നാണ് കോളനി നിവാസികൾ ആരോപിക്കുന്നത്. പല തവണ ഉദ്യോഗസ്ഥർ വീടുകൾ പൊളിച്ചുമാറ്റാനായി എത്തിയിരുന്നു. എന്നാൽ തങ്ങളുടെ മരണത്തിലൂടെ അല്ലാതെ വീടുകൾ പൊളിച്ചുമാറ്റാനാകില്ലെന്ന് പറഞ്ഞ് കോളനിയിലുള്ളവർ തടയുകയായിരുന്നു.
“എന്റെ മുത്തച്ഛന്റെ കാലം തൊട്ട് കൈവശമിരിക്കുന്ന ഭൂമിയാണിത്. ഞങ്ങൾ ഭൂമി പതിച്ച് നൽകുവാൻ അപേക്ഷ നൽകിയപ്പോഴാണ് എതിർ കക്ഷികൾ ബലമായി ഇവിടെ കയറാൻ ശ്രമിക്കുകയും ഞങ്ങൾ അത് തടയുകയും ചെയ്‌തത്. അതിന് ശേഷം കേസ് നടക്കുകയും പെരുമ്പാവൂർ കോടതിയിൽ നിന്നും പറവൂർ സെഷൻസ് കോടതിയിൻ നിന്നും അനുകൂലമായി വിധി വരികയും ചെയ്തു. ശേഷം കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ കേസ് തള്ളിപ്പോവുകയായിരുന്നു. പിന്നീട് കേസ് നൽകിയ വ്യക്തി എവിടെനിന്നോ ഒരു വിൽപ്പത്രം കൊണ്ട് വരികയും വില്ലേജ് ഉദ്യോഗസ്ഥരെയും താലൂക്ക് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് കൃത്രിക രേഖയുണ്ടാക്കി. പിന്നീട് വാദം നടക്കുമ്പോൾ ഞാനും ഉണ്ടായിരുന്നു. വാദം കേട്ടപ്പോൾ തന്നെ കേസ് ഞങ്ങളുടെ കൈയ്യിൽ നിന്നും പോയി എന്ന് എനിക്ക് മനസിലായി . നാരായൺ സ്വാമി എന്ന വക്കീലാണ് നമുക്ക് വേണ്ടി കേസ് വാദിച്ചത്. അവർക്ക് വേണ്ടി വാദിച്ചത് വിശ്വനാഥ് അയ്യർ എന്ന വക്കീലും. വാദം നടക്കുമ്പോൾ ഞങ്ങളുടെ വക്കീൽ വെറുതെ ചിരിക്കുക മാത്രമാണ് ചെയ്‌തത്. പിന്നീടാണ് വക്കീലിനെ അവർ പണം കൊടുത്ത് സ്വാധീനിച്ചു എന്ന് മനസിലായത്. ഇത് 19 ഏക്കർ 98 സെന്റ് പുറമ്പോക്ക് ഭൂമിയാണ്. ഇതിൽ രണ്ടേക്കർ 60 സെന്റാണ് നമ്മുടെ പേരിൽ പതിച്ചുകിട്ടാനുള്ളത്. ആർക്കും ആവശ്യമില്ലാതെ വെറുതെ കിടന്ന ഭൂമിയാണിത്. ഞങ്ങൾ ഇവിടെ കൃഷി ചെയ്‌തു. വീടുകൾ കെട്ടി താമസിച്ചു. പട്ടയത്തിനപേക്ഷിച്ചപ്പോൾ ആവശ്യക്കാർ വന്നു. ഞങ്ങളോട് ഒഴിഞ്ഞ് പോകാൻ പറയുന്നു,” കോളനി നിവാസിയും സമര സമിതി അംഗവുമായ അയ്യപ്പൻ അഴിമുഖത്തോട് പറഞ്ഞു.
പ്രായമായവരും കുട്ടികളും രോഗികളുമടക്കം ഒരുപാട് പേർ താമസിക്കുന്ന സ്ഥലമാണിത്. പുനരധിവാസ സംവിധാനം പോലും ഏർപ്പെടുത്താതെയാണ് ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. കഷ്ടപ്പാടുകൾക്കിടയിലും ജനിച്ചുവളർന്ന മണ്ണ് നഷ്ടപ്പെടാതിതിരിക്കാനാണ് ഇവരുടെ ഈ സമരം.
ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്നത് എന്റെ അച്ഛനും കൊച്ഛച്ചന്മാരുമെല്ലാം ഈ കേസിന് പിന്നാലെ നടക്കുന്നതാണ്. ആദ്യമൊന്നും ഇതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ഇതിന്റെ ഗൗരവത്തെക്കുറിച്ച് മനസിലാകുന്നത്. വർഷങ്ങളായി ഇവിടെയുള്ളവർ ഇതിന് പിന്നാലെ നടക്കുകയാണ്. നല്ലൊരു തുക തന്നെ ഈ കേസിനുവേണ്ടി ചിലവായിട്ടുണ്ട്. ഞങ്ങളുടെ മാതാപിതാക്കൾ പണിയെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടുകളാണിത്. ഇത് പൊളിച്ച് മാറ്റണമെന്ന് പറഞ്ഞാൽ എങ്ങനെ സഹിക്കും, കോളനി നിവാസിയായ സനീഷ അഴിമുഖത്തോട് പറഞ്ഞു.
വാഴക്കുളം പഞ്ചായത്ത് ബ്ലോക്ക് മെമ്പർ സിറാജ് കേസിനെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചു. “ഹൈക്കോടതിയുടെ വിധി ശരി വെക്കുകയാണ് സുപ്രീം കോടതി ചെയ്തത്. കോളനിയിൽ താമസിച്ചിരുന്നവരിൽ ഒരാൾ മരിച്ചു പോയിരുന്നു. അവരുടെ മക്കൾ അറിയാതെ ഈ വിധി നടപ്പാക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് മുൻസിഫ് കോടതിയിൽ അപ്പീൽ നൽകി. തുടന്ന് പത്രപരസ്യം നൽകിയെങ്കിലും സ്ഥലത്തില്ലാത്തവരെ അറിയിക്കണമെന്ന് കോടതി പറഞ്ഞു. കേസിൽ വീണ്ടും വിധി എതിർ കക്ഷിക്ക് അനുകൂലമാണെങ്കിൽ ഇവിടെ നിന്നും ഒഴിഞ്ഞ് പോകേണ്ടി വരും. ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണ്. അല്ലാതെ സർക്കാരും വ്യക്തിയും തമ്മിലുള്ളതല്ല. അതുകൊണ്ട് തന്നെ പുനരധിവാസം പോലുള്ള സംവിധാനങ്ങൾ സാധ്യമാവില്ല”, സിറാജ് പറഞ്ഞു.
ഈ ഭൂമി തങ്ങളുടേതാണെന്ന് തെളിഞ്ഞിട്ടും കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലാണ് വീടുകൾ പൊളിച്ചുമാറ്റാൻ അധികൃതർ ശ്രമിക്കുന്നതെന്നും കോളനിയിലുള്ളവർ പറയുന്നു. ചെങ്ങറയും മുത്തങ്ങയും ഓർമപ്പെടുത്തലായി നിലകൊള്ളുമ്പോഴും
കുടികിടപ്പവകാശത്തിന് വേണ്ടിയിട്ടുള്ള ദളിത് സമൂഹത്തിന്റെ പോരാട്ടങ്ങൾക്ക് ഇന്നും അറുതിവന്നിട്ടില്ലായെന്ന് സൂചിപ്പിക്കുന്നതാണ് പാരിയത്ത് കാവ് പട്ടിക ജാതി കോളനിയിലുള്ളവർ നടത്തുന്ന ഈ സമരം. dalit community land issue
Content summary: The Dalit community faces significant land ownership and access issues