June 04, 2026 |

പേരൂര്‍ക്കട വ്യാജ കേസ്; ‘യഥാര്‍ത്ഥ പ്രതി ഓമന ഡാനിയേലിന്റെ മകള്‍, ദളിത് സ്ത്രീയോട് തീര്‍ത്തത് പക’

ദളിത് സ്ത്രീയോട് തീര്‍ത്തത് പക

തിരുവനന്തപുരം, പേരൂർക്കടയിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവത്തില്‍ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ കേസെടുക്കും. പരാതിക്കാരിയായ ഓമന ഡാനിയലിനെതിരെ കേസെടുക്കണമെന്ന എസ്‌സി എസ്ടി കമ്മീഷന്റെ ഉത്തരവ് മാത്യകയാണെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യ രാമൻ അഴിമുഖത്തോട് പ്രതികരിച്ചു. ഓമന ഡാനിയലിന്റെ മകളാണ് വിഷയത്തിൽ യഥാർത്ഥ പ്രതിയെന്നും ധന്യ രാമൻ അഴിമുഖത്തോട് സംസാരിച്ചപ്പോൾ പറഞ്ഞു.

‘പൊതുവെ ഇത്തരത്തിലുള്ള കേസുകളിൽ വ്യാജ പരാതികൾ നൽകുന്നവർ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ഇത് ആദ്യമായിട്ടാകും വ്യാജ പരാതികൾ നൽകുന്നവർക്കെതിരെ നടപടിയുണ്ടാകുന്നത്. രാവിലെ ഏഴ് മണിക്ക് ജോലിക്കെത്തിയാൽ വൈകുന്നേരം അഞ്ച് മണി വരെ ഈ സ്ത്രീയെ കൊണ്ട് ജോലി ചെയ്യിപ്പിക്കും. ജോലിയെല്ലാം കഴിഞ്ഞ് വളരെ വൈകിയാണ് ഇവർ വീട്ടിലെത്തിയിരുന്നത്. 10 മണി വരെ ആയിട്ടുണ്ട് ബസ് കിട്ടി അവർ വീട്ടിലെത്തുമ്പോൾ എന്നാണ് അറിയാൻ കഴിഞ്ഞത്.

ഒരു പകൽ മുഴുവൻ എടുത്ത് ചെയ്യാനുള്ള ജോലിയെന്താണ് ഓമന ഡാനിയലിന്റെ വീട്ടിലുള്ളത്. അങ്ങനെയാണോ തങ്ങളുടെ വീട്ടിൽ ജോലിക്ക് വരുന്ന ഒരാളോട് പെരുമാറേണ്ടത്. അവരും മനുഷ്യരല്ലേ, ഒരാളെക്കൊണ്ട് ഇത്രയും സമയം വീട്ടുജോലിയെടുപ്പിക്കുന്നത് തന്നെ മോശമായ കാര്യമാണ്. മൂന്ന് മണിക്കൂർ മതി വീട്ടുജോലി ചെയ്ത് തീർക്കാൻ. എന്നാൽ ബിന്ദുവിനെ വീട്ടിൽ പോകാൻ അനുവദിക്കാതെ അവരുടെ വീട്ടിൽ പണിയെടുപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഓമന ഡാനിയലിന്റെ മകളാണ് ശരിക്കും ഇതിൽ കുറ്റക്കാരി. ജോലിഭാരം കാരണം താൻ ഇനി അവിടേക്ക് ജോലിക്ക് വരുന്നില്ലെന്ന് ബിന്ദു അറിയിച്ചിരുന്നു. അതിന്റെ പ്രതികാരമാണ് ആ സ്ത്രീയോട് ഓമന ഡാനിയലിന്റെ മകൾ കാണിച്ചത്. ബിന്ദുവിനോടുള്ള പകയാണ് മാല മോഷണം എന്ന വ്യാജ കേസിൽ എത്തിയത്. അവരുടെ പേരിലാണ് കേസ് എടുക്കേണ്ടത്. എന്നാൽ പരാതിക്കാരി ഓമന ഡാനിയലിന്റെ പേര് ആയതിനാൽ അവരുടെ മകൾ ഇതിൽ നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു.

ജീവിക്കാനായി വീട്ടുജോലിക്ക് വരുന്ന പിന്നോക്ക വിഭാ​ഗത്തിലുള്ളവരോട് ഇത്തരത്തിൽ ക്രൂരത കാട്ടുന്ന നിരവധി കേസുകൾ നാം കണ്ടിട്ടുള്ളതാണ്. പല ഇരകളും അതിൽ നിന്ന് അതിജീവിച്ച് വന്നിട്ടുമുണ്ട്. മറ്റൊരു വീട്ടിൽ ജോലിക്ക് പോകാൻ കഴിയാത്ത തരത്തിൽ ബിന്ദു മാനസികമായി തളർന്ന അവസ്ഥയിലാണ്. അവർ വീട്ടിൽ തന്നെയാണ് ഇപ്പോൾ തുടരുന്നതെന്നാണ് ഞാൻ അറിഞ്ഞത്. സമൂഹത്തിനെ ഫെയ്സ് ചെയ്യാനുള്ള മടി തീർച്ചയായും അവർക്കുണ്ടാകും. കാരണം അവർക്കേറ്റ മാനസികാഘാതം അത്രയ്ക്ക് വലുതാണ്. തൊഴിലിടത്തിൽ നിന്ന് അപമാനിച്ച് വിട്ടാൽ ഒരു ജീവനക്കാരനുണ്ടാകുന്ന മാനസികാഘാതം എത്രത്തോളമാണെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. വീട്ടുജോലിക്കായി ഒരാൾ തയ്യാറായി വന്നിട്ട് പോലും അവരെ മാനസികമായി ബുദ്ധിമുട്ടിക്കുകയും സമൂഹത്തിന് മുന്നിൽ നാണംകെടുത്തുകയുമാമഅ ചെയ്തത്. സമ്പത്തും പ്രിവിലേജുമെല്ലാമുള്ളവർക്ക് കുറഞ്ഞ ശമ്പളം വാങ്ങി വീട്ടുജോലി ചെയ്ത് ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് അറിയില്ല.

താഴ്ന്ന ശമ്പളം വാങ്ങുന്നവരോടുള്ള സമൂഹത്തിന്റെ വികൃതമായ ചിന്താ​ഗതി ഇനിയും മാറീട്ടില്ല എന്നാണ് ഇത്തരത്തിലുള്ള ഓരോ കേസും ഓർമിപ്പിക്കുന്നത്. പൊലീസിനെയും ഇവർ തെറ്റിദ്ധരിപ്പിച്ചു. അതിൽ നിന്നാണ് ഇത്രയും വലിയൊരു പ്രശ്നമുണ്ടാകുന്നത്. ദളിത് സ്ത്രീയായത് കൊണ്ട് വ്യാജ കേസാണെന്ന് തെളിഞ്ഞാൽ കൂടി തങ്ങൾക്ക് ഒന്നും സംഭവിക്കില്ലായെന്നായിരുന്നു ഓമന ഡാനിയലും കുടുംബവും വിചാരിച്ചത്. എന്നാൽ സംഭവം മാധ്യമശ്രദ്ധ ആകർഷിക്കുകയും എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. എസ്സി, എസ്ടി കമ്മീഷൻ്റേത് മാത്യകയാകുന്ന ഒരു തീരുമാനമാണ്,’ ധന്യ രാമൻ അഴിമുഖത്തോട് പറഞ്ഞു.

ഏപ്രിൽ 23നാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് വ്യാജ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിന്ദുവിന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ നിന്നും കോൾ വരികയും ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ജോലി ചെയ്തിരുന്ന ഓമന ഡാനിയൽ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നും കാണാതെ പോയ സ്വർണ മാല ബിന്ദു മോഷ്ടിച്ചുവെന്ന് ആരോപിച്ച് എസ്ഐ യുവതിയെ അസഭ്യ വാക്കുകൾ പറയുകയായിരുന്നു. മാല എടുത്തിട്ടില്ലെന്ന് ബിന്ദു ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും പോലീസ് അത് കേൾക്കാൻ കൂട്ടാക്കിയില്ല. ‍

Content Summary: dalit woman insulted at police station; sc-st commission orders to file case

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×