June 04, 2026 |
Share on

‘ടെഹ്‌റാന്‍’ നിര്‍മാതാവ് ഏതന്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ലോകപ്രശസ്തമായ ഇസ്രയേലി ത്രില്ലര്‍ സീരിസിന്റെ സഹനിര്‍മാതാവായിരുന്നു ഡാന ഈഡന്‍

ലോകമാനം തരംഗമായ ഇസ്രയേലി ചാര പരമ്പര ‘ടെഹ്റാന്‍’-ന്റെ സഹനിര്‍മ്മാതാവ് ഡാന ഈഡനെ ഏതന്‍സിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരമ്പരയുടെ നാലാം സീസണിന്റെ ചിത്രീകരണത്തിനായി ഗ്രീസിലെത്തിയതായിരുന്നു 52 കാരിയായ ഡാന. ഞായറാഴ്ച വൈകിട്ടോടെ ഡാനയുടെ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗ്രീക്ക് പോലീസ് അറിയിച്ചു. ആപ്പിള്‍ ടിവി പ്ലസിലൂടെ പുറത്തിറങ്ങിയ ‘ടെഹ്റാന്‍’ എന്ന സ്‌പൈ ത്രില്ലര്‍ സീരീസിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാതാവായിരുന്നു ഡാന ഈഡന്‍.

ഡാന സ്ഥാപിച്ച അന്താരാഷ്ട്ര നിര്‍മ്മാണ കമ്പനിയായ ‘ഡോണ ആന്‍ഡ് ഷൂല പ്രൊഡക്ഷന്‍സ്’ അവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഡാനയുടെ മരണം അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡാനയുടെ മരണവുമായി ബന്ധപ്പെട്ട് ഇസ്രയേലി മാധ്യമങ്ങള്‍ പല അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇറാനെയാണ് അവര്‍ പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. ഇറാനുമായുള്ള ബന്ധമോ മറ്റേതെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയോ മരണത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. എന്നാല്‍, ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് നിര്‍മ്മാണ കമ്പനി പറയുന്നത്. ഇതൊരു ക്രിമിനല്‍ കുറ്റകൃത്യമോ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമോ അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഗ്രീക്ക് പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അസ്വാഭാവിക മരണമായതിനാല്‍ നിയമപരമായ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡാന മുന്‍പ് ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും അതിനായി മരുന്നുകള്‍ കഴിച്ചിരുന്നതായും അവരുടെ സഹോദരന്‍ മൊഴി നല്‍കിയതായി പോലീസ് വക്താവ് കോണ്‍സ്റ്റാന്റിന ഡിമോഗ്ലിഡൗ അറിയിച്ചു. അതിനാല്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും നിലവില്‍ സംശയിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

ഇസ്രയേലിലെ മുന്‍നിര ടെലിവിഷന്‍ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഡാന. ‘ടെഹ്റാന്‍’ എന്ന പരമ്പരയുടെ നിര്‍മ്മാണത്തിന് അവര്‍ക്ക് എമ്മി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 4 മുതല്‍ പരമ്പരയുടെ പുതിയ സീസണിന്റെ ജോലികള്‍ക്കായി അവര്‍ ഏതന്‍സിലായിരുന്നു. ഇസ്രയേലിന്റെ പൊതു പ്രക്ഷേപണ സ്ഥാപനമായ കാന്‍, ഡാനയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇസ്രയേലി ടെലിവിഷന്‍ വ്യവസായത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡാനയെന്നും അവരുടെ പ്രൊഫഷണല്‍ മികവ് വരുംതലമുറകള്‍ക്കും മാതൃകയാകുമെന്നും അവര്‍ അനുസ്മരിച്ചു.

ഇസ്രയേലി ചാരസംഘടനയായ മൊസാദിലെ ഏജന്റ് താമര്‍ റബിനിയാന്‍ എന്ന കേന്ദ്രകഥാപാത്രം വരുന്ന ‘ടെഹ്റാന്‍’, ഇറാന്റെ ആണവ പദ്ധതി തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങളാണ് കാണിക്കുന്നത്. ഹോളിവുഡ് താരം ഗ്ലെന്‍ ക്ലോസ് ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച ഈ പരമ്പരയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇസ്രയേലിന്റെ ചാരപ്രവര്‍ത്തനങ്ങളെ വളരെ കൃത്യമായി അവതരിപ്പിക്കുന്ന ഒന്നാണ് ഈ സീരീസ് എന്നായിരുന്നു എഫ്.ബി.ഐ ഡയറക്ടറുടെ അഭിപ്രായം. എന്നാല്‍, ഇറാനിയന്‍ ഭരണകൂടം ഈ പരമ്പരയെ സയണിസ്റ്റ് പ്രചരണമെന്നാണ് കുറ്റപ്പെടുത്തിയിരുന്നത്.

ഏതന്‍സായിരുന്നു ടെഹ്‌റാന്റെ പ്രധാന ലൊക്കേഷന്‍. ഇറാന്‍ തലസ്ഥാനവുമായി ഭൂമിശാസ്ത്രപരമായി സമാനതകള്‍ ഉള്ളതിനാലാണ് ഏതന്‍സ് ലൊക്കേഷനാക്കിയത്. ഇടുങ്ങിയ തെരുവുകളും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഭൂപ്രകൃതിയുമുള്ള ഏതന്‍സിനെ മറ്റൊരു ടെഹ്‌റനാക്കി മാറ്റുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയച്ചു. സീരീസിന്റെ വലിയ വിജയം കണക്കിലെടുത്താണ് നാലാം സീസണ്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ടിവി തീരുമാനിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുണ്ടായ ഡാനയുടെ അപ്രതീക്ഷിത മരണം ഇസ്രയേലി സിനിമ-സീരിയല്‍ മേഖലയ്ക്ക് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

Content Summary: Dana Eden co-creator of hit Israeli thriller spy series Tehran, found dead in Athens hotel room

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×