July 13, 2025 |
Share on

നടുങ്ങി ടെഹ്‌റാന്‍; കൊല്ലപ്പെട്ടവരില്‍ ആണവ ശാസ്ത്രജ്ഞരും റെവല്യൂഷണറി ഗാര്‍ഡ് തലവനും

ജനവാസ മേഖലയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍, കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടുവെന്നും ആരോപണം

ഇറാനെ ആകെ ഞെട്ടിച്ച് ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ആക്രമണം നടന്നത് അവിടുത്തെ ഭരണകൂടത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ലക്ഷ്യം വച്ചതെങ്കിലും, ഇറാന്‍ ദേശീയ മാധ്യമം ആരോപിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ്. കുട്ടികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാദിക്കുമ്പോള്‍, ഇസ്രയേല്‍ അത്തരം ആരോപണങ്ങള്‍ തള്ളുകയാണ്. അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആണവ ശാസത്രജ്ഞരും കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ സേന സ്ഥിരീകരിക്കുന്നുമുണ്ട്.

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചു

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസ്സൈന്‍ സലാമിയും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതാണ് ഇറാന് ഉണ്ടായിരിക്കുന്ന മറ്റൊരു പ്രധാന തിരിച്ചടി. ഹൊസ്സൈനിയുടെ മരണം ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൊസ്സൈനി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നു. ഇതിനൊപ്പമാണ് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും ഇല്ലാതായിരിക്കുന്നത്. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുന്‍ തലവന്‍ ഫെരിദൂന്‍ അബ്ബാസിയും കൊല്ലപ്പെട്ടവരില്‍ പ്രമുഖനാണ്.

ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവിലാണ് തങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും എത്ര ദിവസം വേണമെങ്കിലും ആക്രമണം തുടരുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിരിക്കുന്ന ഭീഷണി.

ഇസ്രയേല്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നതിന്‍ പ്രകാരം തന്നെയാണ് വെള്ളിയാഴ്ച്ച ആക്രമണം നടന്നതെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണത്തില്‍ നിന്നും മനസിലാകുന്നത്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റ്‌സ്, മിലട്ടറി ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമിര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ തിങ്കളാഴച്ച തന്നെ കൂടിയാലോചനകള്‍ നടത്തിയിരുന്നു.

വന്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായാണ് ടെഹ്‌റാനിലെ ജനങ്ങള്‍ പറയുന്നത്. ആളുകള്‍ പരിഭ്രാന്തരായി ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കെട്ടിടങ്ങളില്‍ നിന്നും തീയും പുകയും ഉയരുന്നതിന്റെ ചിത്രങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇറാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ഇറാന്റെ വടക്കു പടിഞ്ഞാറന്‍ നഗരമായ തബ്രിസിലും ഇസ്രയേല്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് തബ്രിസ്. അസേരി ന്യൂനപക്ഷങ്ങള്‍ താമസിക്കുന്നയിടം കൂടിയാണ് ഈ നഗരം. ഇവിടെ അഞ്ചോളം സ്‌ഫോടനങ്ങള്‍ നടന്നതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാന്‍ സമയം വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ ടെഹ്‌റാനില്‍ വ്യോമാക്രമണം നടന്നുവെന്നാണ് വിവരം. ഇതിനു പിന്നാലെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ആക്രമണ വിവരം സ്ഥിരീകരിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവത്. അടിയന്തര ഫോണ്‍ സന്ദേശങ്ങളും എയര്‍ സൈറണുകളും കേട്ടാണ് ഇസ്രയേലികള്‍ വെള്ളിയാഴ്ച്ച ഉറക്കം ഉണര്‍ന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  Israel Air Strike on Iran, Senior Nuclear Scientists and Revolutionary Guard chief killed, Reports says 

Content Summary; Israel Air Strike on Iran, Senior Nuclear Scientists and Revolutionary Guard chief killed, Reports says

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×