കലൂര്‍ സ്‌റ്റേഡിയത്തില്‍വെച്ച് നടത്തിയ നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മൃദംഗവിഷന്‍ എന്ന ഇവന്റ് മാനേജ്‌മെന്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് വിശ്വാസ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചനാക്കുറ്റത്തിനാണ് കലൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസ്.
മൃദംഗവിഷന്റെ ഡയറക്ടറായ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ചൂഷണത്തിന്റെ പേരില്‍ ഡാന്‍സ് ടീച്ചര്‍മാരെയും പ്രതിചേര്‍ക്കും. നൃത്ത അധ്യാപകര്‍ വഴിയായിരുന്നു സംഘാടകര്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന രീതിയിലാണ് ഈ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുക.
പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികപരമായും അല്ലാതെയുമുള്ള വിശ്വാസ വഞ്ചന നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച പരാതി. പരിപാടിയുടെ നടത്തിപ്പിനായി 2000 രൂപയും, സാരി വാങ്ങുന്നതിനായി 1600 രൂപയുമാണ് കുട്ടികളില്‍ നിന്നും പിരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ള ആളുകള്‍ക്ക് യാതൊരു സമ്മാനങ്ങളും നല്‍കിയിട്ടില്ല എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം നര്‍ത്തകര്‍ക്ക് നല്‍കി വസ്ത്രത്തിന്റെ കാര്യങ്ങള്‍ വിവാദമായപ്പോള്‍ വസ്ത്രത്തിന് ചിലവായ തുകയും മറ്റ് കാര്യങ്ങളും അറിയിച്ചുകൊണ്ട് കല്ല്യാണ്‍ സില്‍ക്‌സ് വാര്‍ത്താക്കുറിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ കല്ല്യാണ്‍ സില്‍ക്ക്‌സ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും. കൂടാതെ ബുക്ക് മൈ ഷോയില്‍ നിന്നും കൂടുതല്‍ വിവരങ്ങളെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അടുത്ത ദിവസം തന്നെ മൊഴി രേഖപ്പെടുത്തിയേക്കും.
content summary; dance programme at kaloor police started investigation on financial fraud