ഡിജിറ്റല്‍ കാലത്ത് കത്തെഴുതാനാളില്ല; തപാല്‍ സേവനം അവസാനിപ്പിച്ച് ഡെന്മാര്‍ക്ക്

ഡിസംബര്‍ 31 ന് അവസാന കത്തും വിതരണം ചെയ്യുന്നതോടെ 400 വര്‍ഷത്തെ പാരമ്പര്യം അവിടെ അവസാനിക്കുകയാണ്‌

Denmark postal service

400 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു പാരമ്പര്യത്തിന് അവസാനം കുറിച്ചുകൊണ്ട് ഡാനിഷ് തപാല്‍ വകുപ്പ് ഡിസംബര്‍ 30-ന് അവസാന കത്തും വിതരണം ചെയ്യും.

പുതിയ വര്‍ഷം മുതല്‍ ഡെന്മാര്‍ക്കിലെ തപാല്‍ സേവനം നിര്‍ത്തലാക്കാനുള്ള തീരുമാനം ഈ വര്‍ഷം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സ്വീഡിഷ്-ഡാനിഷ് തപാല്‍ സേവനങ്ങളുടെ ലയനത്തിലൂടെ 2009-ല്‍ രൂപീകരിച്ച ‘പോസ്റ്റ്‌നോര്‍ഡ്’ ആണ് ഈ തീരുമാനമെടുത്തത്. ഡാനിഷ് സമൂഹം ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് പൂര്‍ണമായും മാറിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. രാജ്യത്തെ 1,500 തപാല്‍പ്പെട്ടികള്‍ നീക്കം ചെയ്യുമെന്നും 1,500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍വത്ക്കരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഡെന്മാര്‍ക്ക്. ഡിജിറ്റല്‍ മാര്‍ഗം സാധാരണമായതോടെ കത്തുകള്‍ അയക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായതായും, അതേസമയം ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചതിനാലും ഇനി മുതല്‍ പാഴ്‌സല്‍ വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് പോസ്റ്റ്‌നോര്‍ഡ് വ്യക്തമാക്കുന്നത്. അതേസമയം, സ്വീഡനില്‍ പോസ്റ്റ്‌നോര്‍ഡ് തപാല്‍ സേവനം തുടരും.

ഡെന്മാര്‍ക്കിന്റെ അടയാളമായിരുന്ന ചുവന്ന തപാല്‍പ്പെട്ടികള്‍ ഈ മാസം മുതല്‍ ലേലത്തിന് വച്ചു തുടങ്ങിയിരുന്നു. ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നല്ല നിലയിലുള്ള പെട്ടികള്‍ക്ക് 2,000 ക്രോണയും (ഏകദേശം 25,000 രൂപ) അല്പം പഴക്കമുള്ളവയ്ക്ക് 1,500 ക്രോണയുമായിരുന്നു വില. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരം പെട്ടികളാണ് വിറ്റുപോയത്. ജനുവരിയില്‍ 200 പെട്ടികള്‍ കൂടി ലേലം ചെയ്യും.

പോസ്റ്റ്‌നോര്‍ഡ് പിന്‍വാങ്ങിയാലും ഡെന്മാര്‍ക്കിലെ ജനങ്ങള്‍ക്ക് കത്തുകള്‍ അയക്കാന്‍ സാധിക്കും. ‘ദാവോ’ എന്ന സ്വകാര്യ കമ്പനിയാണ് ഇനി മുതല്‍ ഈ ചുമതല വഹിക്കുക. ജനുവരി 1 മുതല്‍ അവര്‍ സേവനം വിപുലീകരിക്കും. എന്നാല്‍ കത്തുകള്‍ അയക്കാന്‍ ആളുകള്‍ ദാവോയുടെ ഷോപ്പുകളില്‍ നേരിട്ട് പോകുകയോ അല്ലെങ്കില്‍ അധിക തുക നല്‍കി വീട്ടില്‍ നിന്ന് ശേഖരിക്കാന്‍ ആവശ്യപ്പെടുകയോ വേണം.

1624 മുതല്‍ ഡെന്മാര്‍ക്കില്‍ കത്തുകള്‍ എത്തിക്കുന്ന ചുമതല തപാല്‍ വകുപ്പിനായിരുന്നു. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കത്തുകള്‍ അയക്കുന്നതില്‍ 90 ശതമാനത്തിലധികം കുറവുണ്ടായി. രസകരമായ ഒരു വസ്തുത, യുവാക്കള്‍ക്കിടയില്‍ കൈപ്പടയില്‍ കത്തെഴുതുന്ന രീതി വീണ്ടും വര്‍ദ്ധിക്കുന്നു എന്നതാണ്.

ഡെന്മാര്‍ക്കിന്റെ ദേശീയ ഡിജിറ്റല്‍ ഐഡി സംവിധാനമായ ‘എംഐടി ഐഡി’ വന്നതോടെ ബാങ്കിംഗ് മുതല്‍ ഡോക്ടറെ കാണാനുള്ള ബുക്കിംഗ് വരെ ഡിജിറ്റലായി. സര്‍ക്കാര്‍ അറിയിപ്പുകളെല്ലാം ‘ഡിജിറ്റല്‍ പോസ്റ്റ്’ വഴിയാണ് വരുന്നത്. 15 വയസ്സിന് മുകളിലുള്ള 97% ആളുകളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. വെറും 5% ആളുകള്‍ മാത്രമാണ് ഇന്നും തപാല്‍ വഴി കത്തുകള്‍ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത്.

‘ഞങ്ങള്‍ 400 വര്‍ഷമായി ഡാനിഷ് തപാല്‍ സേവനത്തിന്റെ ഭാഗമാണ്. അതിനാല്‍ ചരിത്രത്തിന്റെ ആ അധ്യായം അവസാനിപ്പിക്കുക എന്നത് പ്രയാസകരമായ തീരുമാനമാണ്,’ എന്ന് പോസ്റ്റ്‌നോര്‍ഡ് ഡെന്മാര്‍ക്ക് ഡെപ്യൂട്ടി സിഇഒ കിം പെഡേഴ്‌സണ്‍ പറഞ്ഞു. കത്തുകളുടെ എണ്ണം ലാഭകരമല്ലാത്ത രീതിയില്‍ കുറഞ്ഞതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary; Danish postal service to stop delivering letters after 400 years. will deliver its last letter on 30 December

This post was last modified on December 22, 2025 8:47 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment