ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളായ ടിന്‍ഡര്‍, ബംബിള്‍ പോലുള്ളവ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോളൂ. ഡേറ്റിംഗ് ആപ്പുകളില്‍ കണ്ടുമുട്ടുന്ന സുന്ദരമായ മുഖങ്ങള്‍ക്ക് പിറകില്‍ ഒരു പക്ഷെ വലിയ ചതിക്കുഴികള്‍ ഒളിഞ്ഞിരുപ്പുണ്ടാകാം. ഇത്തരത്തില്‍ പലരുടെയും ജീവന്‍ വരെ നഷ്ടപെട്ടുവെന്ന വാര്‍ത്തയാണ് കൊളംബിയയിലെ മെരിജിനില്‍(Medellín) നിന്ന് വരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് വിദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെരിജിനിലെ അധികൃതര്‍ വിവിധ എംബസികളുടെ അധികാരികളോടൊപ്പം ഡേറ്റിംഗ് ആപ്പുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങുകയാണ്.
മരണങ്ങള്‍ ഒന്നും തന്നെ അക്രമാസക്തമല്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത സംഭവം, രണ്ട് സ്ത്രീകളോടൊപ്പം ഒരു ഹോട്ടല്‍ റൂമില്‍ പ്രവേശിച്ച വ്യക്തിയെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു. ചില മരണങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലവും മറ്റ് ചിലത് ആത്മഹത്യയുമാണെന്നാണ് അധികൃതര്‍ പറയുന്നത്. ചിലര്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമാണു മരണപ്പെട്ടിട്ടുള്ളത് എന്നും മെരിജിന്‍ മേയര്‍ ഫെഡറിക്കോ ഗൂട്ടിയറെസ് പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകള്‍ വഴി വിനോദസഞ്ചാരികള്‍ കബളിപ്പിക്കപ്പെടുന്നത് വ്യാപകമായി കൂടി വരികയാണെന്നും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നവര്‍ കൊള്ളയടിക്കപ്പെടുകയാണ്. ചിലര്‍ കൊള്ളയടിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വിഷയം ഗുരുതരമായ ഒന്നാണെന്നും ഇതിനോടകം യു എസ് അംബാസിഡറുമായി സംസാരിച്ചിട്ടുണ്ടെന്നും ഫെഡറിക്കോ ഗൂട്ടിയറെസ് ഫെബ്രുവരി 12 നു നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷകാലത്തോളമായി മെരിജിന്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന വിനോദ സഞ്ചാര നഗരങ്ങളില്‍ ഒന്നാണ്. 2022-ല്‍, 1.4 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികള്‍ മെരിജിന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഊഷ്മളമായ കാലാവസ്ഥയ്ക്കും ആതിഥ്യമര്യാദക്കും പേരുകേട്ട നഗരമാണ് മെരിജിന്‍.
ക്രിമിനല്‍ സംഘങ്ങള്‍ക്ക് തങ്ങളുടെ ഇരകളെ വല വീശിപ്പിടിക്കാനുള്ള ഏറ്റവും വിശാലമായ മാധ്യമമായി ടിന്‍ഡര്‍ എന്ന ഡേറ്റിംഗ് ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. മയക്കയുമരുന്ന് നല്‍കി വിദേശ സഞ്ചാരികളെ കൊള്ളയടിക്കുന്നതിനുവേണ്ടി അവരെ ആകര്‍ഷിക്കാന്‍ സുന്ദരികളായ യുവതികളെ കൊള്ളസംഘങ്ങള്‍ നിയമിക്കുന്നുണ്ട്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാനും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും പലരും ലജ്ജിക്കുന്നതിനാല്‍ പല കുറ്റകൃത്യങ്ങളും പുറം ലോകം അറിയാതെ പോവുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ച് വരുന്ന മരണങ്ങളും അക്രമ സംഭവങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ നടപടികള്‍ക്കൊരുങ്ങുകയുമാണ്.
പര്‍വതനിരയായ ആന്‍ഡീസില്‍ ധാരാളമായി വളരുന്ന സസ്യമായ ‘ഡെവിള്‍സ് ബ്രത്ത്’ എന്നറിയപ്പെടുന്ന സ്‌കോപോളമൈന്‍ എന്ന ലഹരി സസ്യം അമിതമായ അളവില്‍ ശരീരത്തില്‍ ചെന്നാണ് അധികം മരണങ്ങളും നടന്നിട്ടുള്ളത്. കൊള്ളയടിക്കുന്നതിനു മുമ്പായി സഞ്ചാരികളെ തളര്‍ത്താനോ ബോധരഹിതരാക്കാനോ ആണ് ഇവ ഉപയോഗിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം മൂലമുളള മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് യുഎസും യുകെയും ഉള്‍പ്പെടെയുള്ള എംബസികള്‍ ജനുവരിയില്‍ വിദേശ സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊളംബിയയിലെ ബൊഗോട്ടയില്‍ സ്ഥിതി ചെയ്യുന്ന യുഎസ് എംബസി 2023 ല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രം എട്ട് യുഎസ് പൗരന്മാരുടെ സംശയാസ്പദമായ മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം വിദേശ സന്ദര്‍ശകര്‍ക്കെതിരായ മോഷണങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ല്‍ 200% ശതമാനം വര്‍ദ്ധിച്ചതായും കണക്കുകളുണ്ട്.
കൊളംബിയയില്‍ സഞ്ചാരികളായെത്തുന്ന നിരവധി യു എസ് പൗരന്മാര്‍ക്ക് അവര്‍ മൊബൈല്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കൊളംബിയന്‍ പങ്കാളികള്‍ മയക്കുമരുന്ന് നല്‍കി കൊള്ളയടിച്ച് കൊലപ്പെടുത്തുന്നതായി യു എസ് എംബസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ധിച്ച് വരുന്ന അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തിലും കൊളംബിയയിലെ ഉപയോക്താക്കളുടെ മരണനിരക്ക് കണക്കിലെടുത്തും ടിന്‍ഡര്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നവരോട് ജാഗ്രതയോടെ സൈ്വപ്പ് ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ പൊതു സ്ഥലങ്ങളിലും സുരക്ഷിത സ്ഥാനങ്ങളിലും മാത്രം പങ്കാളികളുമായി കണ്ടുമുട്ടാനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മേയറുടെ ഓഫീസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2023-ല്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ മെറിജിനില്‍ അസ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ അഞ്ച് മരണങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്നും മെരിജിന്‍ പോലീസ് പറഞ്ഞു.
വിദേശ സഞ്ചാരികളുടെ സംശയാസ്പദമായ മരണങ്ങളുടെ വര്‍ദ്ധനവിനുള്ള കാരണം മെരെജെനിന്റെ കുതിച്ചുയരുന്ന ലൈംഗിക ടൂറിസം വ്യവസായമാണെന്ന തരത്തില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ ഡേറ്റിംഗ് നടത്തുമ്പോള്‍ വിനോദസഞ്ചാരികളെ എങ്ങനെ സംരക്ഷിക്കാമെന്ന് ഫെബ്രുവരി രണ്ടാം വാരം ഡേറ്റിംഗ് ആപ്പുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.