മകൾ ലോകകപ്പ് നേടി അച്ഛന്റെ സസ്‌പെൻഷൻ പിൻവലിച്ചു

ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള നടപടി

ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ, ഇന്ത്യന്‍ വനിതാ ടീമിനെ തേടിയെത്തിയത് അതിശയിപ്പിക്കുന്ന പ്രതിഫലങ്ങളാണ്. ക്യാഷ് അവാര്‍ഡുകള്‍, ആഢംബര കാറുകള്‍, ഭൂമി, ഉന്നത സര്‍ക്കാര്‍ ജോലികള്‍, വന്‍കിട എന്‍ഡോഴ്‌സ്‌മെന്റുകള്‍, കൂടാതെ പത്ത് ലക്ഷത്തിലധികം പുതിയ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് എന്നിവയെല്ലാം ഇതില്‍ പെടുന്നു.

സമ്മാനങ്ങള്‍ക്കപ്പുറം, ഹൃദയസ്പര്‍ശിയായ ഒരു വാഗ്ദാനം കൂടി ടീമിന് ലഭിച്ചു. ന്യൂ-ബോള്‍ ബൗളറായ ക്രാന്തി ഗൗഡിന്റെ പിതാവിനെ പോലീസ് കോണ്‍സ്റ്റബിള്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്ത, ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള നടപടി പിന്‍വലിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു കളിക്കാരിക്ക് ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ വൈകാരിക ബഹുമതിയായിരുന്നു സര്‍ക്കാര്‍ നടപടി.

തന്റെ സ്വന്തം ജില്ലയായ ഛത്തര്‍പൂരില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്നാണ് ക്രാന്തി ആവശ്യപ്പെട്ടത്. മികച്ച സൗകര്യങ്ങളോടെ ഞങ്ങള്‍ അത് നിര്‍മ്മിച്ചു നല്‍കും,’ മധ്യപ്രദേശ് കായിക മന്ത്രി വിശ്വാസ് കൈലാഷ് സാരംഗ് ‘ദി ഇന്ത്യന്‍ എക്സ്പ്രസി’നോട് പറഞ്ഞു. കൂടാതെ, ക്രാന്തിയുടെ അച്ഛന്റെ സസ്‌പെന്‍ഷന്‍ കാര്യത്തില്‍, അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനായി ഔദ്യോഗികമായി അറിയിപ്പ് നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

2011-ലാണ് ഡ്യൂട്ടിയിലെ അശ്രദ്ധ ആരോപിച്ച് ക്രാന്തിയുടെ അച്ഛന്‍ അന്വേഷണം നേരിട്ടത്. എന്നാല്‍ അദ്ദേഹം ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇപ്പോള്‍ മകളുടെ ലോകകപ്പ് വിജയത്തിലൂടെ ആ ദുരിതത്തിന് അറുതിയായിരിക്കുകയാണ്.

‘എന്റെ സഹോദരി രാജ്യത്തിന് അഭിമാനം നേടിക്കൊടുത്തുവെന്ന് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട മാനം പോലും തിരികെ കൊണ്ടുവന്നു.’ മന്ത്രിയുടെ വാഗ്ദാനത്തിന് പിന്നാലെ ക്രാന്തിയുടെ സഹോദരന്‍ മായങ്ക് വികാരഭരിതനായി പ്രതികരിച്ചു.

ബ്രാന്‍ഡ് മൂല്യം ഉയര്‍ന്ന് താരങ്ങള്‍

നേട്ടങ്ങള്‍ ടീമിലെ മറ്റ് കളിക്കാരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബാറ്റ്സ്മാന്‍ ഹര്‍ലീന്‍ ഡിയോള്‍ തന്റെ സൗന്ദര്യപരിചരണ രീതിയെക്കുറിച്ച് വാചാലയായതിന് പിന്നാലെ, പ്രമുഖ സൗന്ദര്യവര്‍ദ്ധക കമ്പനി അവരെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വന്നിറങ്ങി മണിക്കൂറുകള്‍ക്കകം ഹര്‍ലീന്‍ ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയായിരുന്നു. ‘അവള്‍ക്ക് ഇന്ന് ഒരു ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റ് ഷൂട്ടുണ്ട്. ക്രിക്കറ്റിനോടുള്ള അവളുടെ അഭിനിവേശം എന്‍ഡോഴ്സ്മെന്റുകള്‍ നേടിക്കൊടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,’ ഹര്‍ലീന്റെ സഹോദരന്‍ ഡോ. മന്‍ജോത് സിംഗ് പറഞ്ഞു.

എന്നാല്‍ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിച്ചത് ഹര്‍ലീന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല. സെമിയിലും ഫൈനലിലുമെല്ലാം താരങ്ങളായ ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ എന്നിവരുടെ താരമൂല്യവും ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

‘വനിതാ ലോകകപ്പ് കളിക്കളം വെറും ചാമ്പ്യന്‍മാരെ മാത്രമല്ല സൃഷ്ടിച്ചത്, ഇന്ത്യയുടെ അടുത്ത തലമുറയിലെ കായിക ഐക്കണുകളെയാണ്,’ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്സിന്റെ സിഇഒ ദിവ്യന്‍ഷു സിംഗ് പറഞ്ഞു.

ജെമീമ റോഡ്രിഗസിന്റെയും ഷെഫാലി വര്‍മ്മയുടെയും ബ്രാന്‍ഡ് മൂല്യവും സ്വാധീനവും അതിവേഗം വളര്‍ന്നു. ഇതോടെ ഇവര്‍ ശക്തരായ വാണിജ്യ വ്യക്തികളായി മാറി. ജെമീമയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 1.5 മില്യണില്‍ നിന്ന് 3.3 മില്യണായി ഇരട്ടിയിലധികം വര്‍ദ്ധിച്ചു. ഷെഫാലിയുടെ ഫോളോവേഴ്സ് 50 ശതമാനത്തിലധികം വളര്‍ച്ച നേടി. കൂടാതെ ജെമീമയുടെ അംഗീകാര മൂല്യം 60 ലക്ഷം രൂപയില്‍ നിന്ന് 1.5 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഷെഫാലിയുടെ മൂല്യം 40 ലക്ഷം രൂപയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 1 കോടി രൂപയിലധികമായി വര്‍ദ്ധിച്ചു.

ലോകകപ്പ് വിജയത്തിന് ശേഷം ജെമീമ റോഡ്രിഗസ് ആഗോള ബ്രാന്‍ഡുകളുടെ മുഖമായി മാറി. നൈക്ക്, റെഡ് ബുള്‍, ഹ്യുണ്ടായ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളെയാണ് ജെമീമ പ്രതിനിധീകരിക്കുന്നത്. ലോകകപ്പ് വിജയത്തിന് ശേഷം, ജെമീമയുടെ താരപരിവേഷം കൂടുതല്‍ തിളക്കമുള്ളതായി. പ്രയത്‌നം, പ്രതിരോധശേഷി, ആധികാരികത എന്നിവയെ മുന്‍നിര്‍ത്തി ‘സര്‍ഫ് എക്‌സല്‍’ നടത്തിയ മൊമന്റ് മാര്‍ക്കറ്റിംഗ് കാമ്പയിന്‍ സാംസ്‌കാരിക തലത്തില്‍ വലിയ ശ്രദ്ധ നേടുകയും ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തു.

ഡിറ്റര്‍ജന്റ് ബ്രാന്‍ഡ് ഈ അവസരം മുതലാക്കി ‘കറകള്‍ നല്ലതാണ്’ എന്ന അവരുടെ പഞ്ച് ഡയലോഗ് മുന്‍നിര്‍ത്തി, ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് സെമി ഫൈനലില്‍ ചെളി പുരണ്ട ജേഴ്സി കഴുകി കളയാതെ ഫ്രെയിം ചെയ്ത് വെക്കാന്‍ അവര്‍ ജെമീമയോട് അഭ്യര്‍ത്ഥിച്ചു. ആവേശകരമായ ആ മത്സരത്തില്‍ ജെമീമ സെഞ്ച്വറി നേടിയിരുന്നു.

കോടികളുടെ സമ്മാനം

ടീമിന് ലഭിച്ച പണമായിട്ടുള്ള പുരസ്‌കാരങ്ങള്‍ എണ്ണത്തില്‍ വളരെ വലുതാണ്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വന്‍തുകയാണ് ടീമിന് സമ്മാനമായി ലഭിച്ചത്.

ഐ.സി.സി. സമ്മാനത്തുകയായി 4.48 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 39.7 കോടി രൂപ) യും ബി.സി.സി.ഐ. 51 കോടി രൂപയാണ് ടീമിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന, രാധാ യാദവ്, ജെമീമ റോഡ്രിഗസ് എന്നിവര്‍ക്ക് 2.25 കോടി രൂപ വീതവും ഐഫോണുകളും പ്രഖ്യാപിച്ചു. കൂടാതെ ഹെഡ് കോച്ച് അമോല്‍ മജുംദാറിനും ബൗളിംഗ് കോച്ച് ആവിഷ്‌കര്‍ സാല്‍വിക്കും 25 ലക്ഷം രൂപ വീതവും നല്‍കും. ഇതിന് പുറമെ, നഗരത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ വനിതാ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാനുള്ള മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ദ്ദേശത്തിന് ദേവേന്ദ്ര ഫഡ്നാവിസ് പിന്തുണ നല്‍കുകയും ചെയ്തു.

ആന്ധ്രാപ്രദേശില്‍, ഇടംകൈയ്യന്‍ സ്പിന്നര്‍ ശ്രീ ചരണിക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഗ്രൂപ്പ്-1 ജോലിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കി. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അവരുടെ താരങ്ങള്‍ക്ക് പണവും ജോലിയും സ്ഥാനക്കയറ്റവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനൊക്കെ പുറമെ, ലോകകപ്പ് വിജയികള്‍ക്കെല്ലാം തങ്ങള്‍ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ടാറ്റ സിയറ നല്‍കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു.

ലോകകപ്പ് താരങ്ങള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ഓള്‍റൗണ്ടര്‍മാരായ അമന്‍ജോത് കൗര്‍, ഹര്‍ലീന്‍ എന്നിവരെ പഞ്ചാബ് ധനമന്ത്രി ഹര്‍പാല്‍ സിംഗ് ചീമ, എംപി മീറ്റ് ഹെയര്‍ എന്നിവര്‍ ചണ്ഡീഗഡ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. വാഹനങ്ങളുടെ അകമ്പടിയോടെയാണ് കായികതാരങ്ങളെ വീടുകളിലെത്തിച്ചത്.

Content Summary: Daughter wins ICC world cup, father’s suspension revoked

This post was last modified on November 8, 2025 4:52 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment