വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റേയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പും കത്തും പുറത്തുവന്നതോടെ വയനാട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കുമിടെ തിങ്കളാഴ്ച്ചയാണ് വിജയന്റെ കുറിപ്പും കത്തും പുറത്ത് വന്നത്. കത്തും കുറിപ്പുമടക്കമുള്ള തെളിവുകളുമായി കെപിസിസിയെ സമീപിച്ചിട്ടും നടപടിയൊന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് ഇവ പോലിസിനെ ഏൽപ്പിച്ചത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നും നിയമനത്തിന്റെ ഭാഗമായി പല കോൺഗ്രസ് നേതാക്കളും പണം വാങ്ങിയിരുന്നതായും കാണിച്ച് കെപിസിസിക്ക് കത്തയച്ചിരുന്നു. ഈ കത്ത് തനിക്ക് ലഭിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി. വീട്ടിലാണ് കത്ത് ലഭിച്ചതെന്നും താനത് വായിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
‘എനിക്ക് കത്ത് ലഭിച്ചിരുന്നു. അത് വീട്ടിൽ കിടക്കുകയാണ്. ശനിയാഴ്ച്ച കത്ത് വന്നതായാണ് എന്റെ ഓർമ, കത്ത് തുറന്ന് നോക്കിയിട്ടില്ല. അതിൽ എന്തെഴുതി എന്നറിയില്ല.’ എന്നാണ് സുധാകരൻ പ്രതികരിച്ചത്.
കെപിസിസി ഇടപെടേണ്ട വിഷയമാണെങ്കിൽ തീർച്ചയായും ഇടപെട്ടിരിക്കും. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയത് ഏത് കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണവും നടപടിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് കോൺഗ്രസ് നേതൃത്വം അവഗണിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കത്ത് കാണിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നാണ് കുടുംബം പറഞ്ഞത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയെ സഞ്ചയന ദിവസം വീട്ടിൽ പോയി കണ്ട് കത്ത് വായിച്ച് കേൾപ്പിച്ചുവെന്നും കുടുംബം വെളിപ്പെടുത്തി. രണ്ടാം തീയതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനെയും കണ്ടിരുന്നു.
പറവൂരിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പോയി നേരിൽ കണ്ട് എൻ എം വിജയൻ്റെ ആത്മഹത്യക്കുറിപ്പ് കൈമാറിയെന്നാണ് കുടുംബം പറയുന്നത്. ജനുവരി മൂന്നാം തീയതിയാണ് കുടുംബം പറവൂരിലെത്തി വിഡി സതീശനെ കണ്ടത്. പ്രതിപക്ഷ നേതാവ് കത്ത് തുറന്ന് നോക്കി വായിച്ചെങ്കിലും ഒരു പരിഗണനയും നൽകിയില്ല എന്നാണ് എൻ എം വിജയൻ്റെ കുടുംബം പറയുന്നത്. കത്തിൽ പറഞ്ഞിരിക്കുന്നത് വ്യക്തികളാണ്, പാർട്ടിക്ക് ബന്ധമില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞതെന്നും ഇവർ വെളിപ്പെടുത്തി. നമുക്ക് നോക്കാം എന്നും വി ഡി സതീശൻ പറഞ്ഞതായും കുടുംബം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സിപിഎമ്മും ബിജെപിയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴും വിശദീകരണങ്ങളിൂടെ പിടിച്ചുനിൽക്കുകയായിരുന്നു കോൺഗ്രസ്. ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പോലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. ന്യായീകരണങ്ങളും പിന്തുണകളുമടക്കം നടക്കുന്നതിനിടെയാണ് ഇപ്പോൾ കത്തും കുറിപ്പും പുറത്തുവന്നിരിക്കുന്നത്.
പുറത്തുവന്ന കുറിപ്പും കോൺഗ്രസ് അണികൾക്കിടയിലും വലിയ ചർച്ചക്ക് കാരണമായിരുന്നു. ഇക്കാരണത്താൽ സജീവ ചർച്ചകൾ നടന്നിരുന്ന പാർട്ടിയുടെ പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളും അഡ്മിൻ ഒൺലിയാക്കിയതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. വൈകീട്ട് ആരോപണങ്ങളോട് പ്രതികകരിക്കാൻ പാർട്ടി തയ്യാറായപ്പോൾ മാത്രമാണ് ഗ്രൂപ്പുകൾ സാധാരണ നിലയിലാക്കിയത്.
ബാങ്ക് നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടതനുസരിച്ച് നെന്മേനി പഞ്ചായത്ത് മുൻഅംഗം യു കെ പ്രേമൻ മുഖേന ഏഴുലക്ഷം രൂപ വാങ്ങി. രണ്ടുലക്ഷം രൂപ തിരികെ നൽകി. ബാക്കിത്തുക നൽകാമെന്ന് ഐ സി ബാലകൃഷ്ണൻ എം.എൽ.എ പറയുന്നതല്ലാതെ നൽകുന്നില്ല. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർ ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനം വാഗ്ദാനംചെയ്ത് പത്തുലക്ഷം രൂപ വാങ്ങി. ഇതിന് എൻ.എം. വിജയന്റെ പേരിലുള്ള എട്ടുസെന്റ് ഭൂമിയുടെ പണയാധാരവും ചെക്കും നൽകി. എൻ.ഡി. അപ്പച്ചന്റെ വീടിനു സമീപത്തെ ചാക്കോയ്ക്കാണ് ഇതു നൽകിയത്. ചാക്കോ കോടതിയെ സമീപിച്ചതോടെ തന്റെ ഭൂമി വിൽക്കാൻ സാധിക്കാത്ത അവസ്ഥയായി. സുൽത്താൻബത്തേരി സഹകരണ അർബൻബാങ്കിലെ നിയമനവിജ്ഞാപനത്തിൽ എൻ.എം. വിജയന്റെ മകനായിരുന്നു പി.ടി.എസ്. തസ്തികയിൽ ഒന്നാംറാങ്ക്. അതു അട്ടിമറിച്ച് അന്നു ഡി.സി.സി. പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ താത്പര്യപ്രകാരം നിയമനം നടത്തി. ഏഴുവർഷം ജോലിചെയ്ത മകനെ പിരിച്ചുവിട്ടാണ് ഐ.സി. നിയമനം നടത്തിയത്. വയനാട് ജില്ലയിലെ മൂന്ന് മുൻ ഡി.സി.സി. പ്രസിഡന്റുമാർ തമ്മിൽ ബാങ്ക് നിയമനത്തിന് വാങ്ങിയ തുക വിഹിതം വെച്ചതിലെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ട തർക്കമാണ് ബാങ്ക് നിയമനവിവാദമായി മാറിയത്. പി.ടി.എസ്. നിയമനത്തിനുപോലും 25 ലക്ഷം രൂപ കൈപ്പറ്റി. തുടങ്ങിയ കാര്യങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം.
സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച വൈകീട്ടോടെ പതിനഞ്ചോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ ബത്തേരിയിലെ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.
കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ഓഫീസിൻ്റെ വാതിൽ അടച്ചിടുകയും പോലീസ് നിലയുറപ്പിക്കുകയും ചെയ്‌തതോടെ ഓഫീസിന് അകത്തേക്ക് കയറാനായില്ല. മുൻപിൽ സ്ഥാപിച്ചിരുന്ന ബോർഡുംമറ്റും വലിച്ചിട്ടു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ഓഫീസിന് മുന്നിൽ നിന്നു. പ്രതിഷേധവിവരം നേരത്തേയറിഞ്ഞ പോലീസ് ഓഫീസ് കെട്ടിടത്തിന് താഴെ ബാരിക്കേഡ് വെച്ചിരുന്നെങ്കിലും പെട്ടെന്നെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കയറുകയായിരുന്നു. പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ അഞ്ചുമണിയോടെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. 12 ആളുകളുടെപേരിൽ കേസെടുത്ത പോലീസ് ഇവരെ ജാമ്യത്തിൽ വിട്ടു.
ഏഴരയോടെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചും എം.എൽ.എ. ഓഫീസിനുനേരേയുണ്ടായ ഡി.വൈ.എഫ്.ഐ. കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബത്തേരിയിൽ പ്രകടനം നടത്തി.
ഇത്രയും ആരോപണങ്ങൾ തനിക്കെതിരെ വരുന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണൻ ധാർമികത്ത്വത്തിന്റെ അടിസ്ഥാനത്തിൽ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും, മറ്റ് കുറ്റാരോപിതർ നടപടി ക്രമത്തിലേർപ്പെട്ട് അന്വേഷണത്തെ നേരിടണമെന്നുമാണ് ഡിവൈഎഫ്ഐ മുന്നോട്ട് വക്കുന്ന ആവിശ്യം. ആദ്യഘട്ടം മുതൽ ഡിവൈഎഫ്ഐ ഈ മരണങ്ങളിൽ ഐ സി ബാലകൃഷ്ണന് വലിയ പങ്കുള്ളതായി പറഞ്ഞിരുന്നു. മാധ്യമങ്ങളോടും മറ്റുമെല്ലാം ഞങ്ങൾ ആവർത്തിച്ചിരുന്നത് ഇതിനു പിന്നിലുള്ളവരുടെ കൃത്യമായ വിവരങ്ങളടങ്ങിയ കത്ത് ബന്ധപ്പെട്ട ആളുകളുടെ കയ്യിലുണ്ട് എന്നായിരുന്നു, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്നേ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എൻ എം വിജയൻ എന്ന വ്യക്തി 50 വർഷത്തോളം താൻ പ്രവർത്തിച്ചിരുന്ന ഒരു പാർട്ടിയെ ഒരു പ്രതിസന്ധിയിലാക്കരുത് എന്ന് കരുതി മരിച്ച ശേഷം 10 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ മാത്രം പൊതുജനത്തെയും മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് വ്യക്തമാക്കി.
2018-19 കാലത്ത് തന്നെ ഇത്തരം ബാങ്ക് കോഴ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്നും ഡിവൈഎഫ്ഐയും ഇടതുപക്ഷ സംഘടനകളെല്ലാം പ്രതിഷേധമുയർത്തിയിരുന്നു. ഈ വിഷയത്തിൽ ഇടതുപക്ഷ സർക്കാർ ബോർഡിനെ പിരിച്ചുവിട്ടിരുന്നു, അത് കഴിഞ്ഞ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നു. എന്നാൽ വീണ്ടും ആരോപണമുയർന്ന സാഹചര്യത്തിൽ അവർക്ക് നിയമനവുമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വാങ്ങിയെടുത്ത തുകയെല്ലാം വ്യക്തിപരമായ കാര്യങ്ങൾക്കായി ഉപയോഗിച്ചു. അന്ന് എൻ ഡി അപ്പച്ചൻ ഇന്നോവ ക്രിസ്റ്റയുടെ ഒരു കാർ വാങ്ങിയിരുന്നു, ഇതിന്റെ ലോൺ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ മകന്റെ ഭാര്യയുടെ പേരിലായിരുന്നു. എന്നാൽ ഈ ലോൺ 3 മാസംകൊണ്ട് അടച്ച് തീർക്കുകയും ചെയ്തു. ഇതിൽ കൂടുതൽ അന്വേഷണം ഞങ്ങൾ നടത്തി വരികയാണെന്നും ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
Content summary; DCC treasurer NM Vijayan’s suicide