December 13, 2024 |
Avatar
അമർനാഥ്‌
Share on

മലയാള സിനിമയുടെ രാവുകള്‍ ഒരുക്കിയവന്‍

2017 ഒക്ടോബർ 24 ന്  താൻ എത്രയോ തവണ കട്ട് പറഞ്ഞ മദ്രാസിൽ തന്നെ തൻ്റെ  അവസാന ജീവിത രംഗം പൂർത്തിയാക്കി

വില്ലനെ നായകനാക്കി  സംവിധാനം തുടങ്ങിയ ഐ.വി. ശശി ആരും പറയാത്ത വിഷയങ്ങൾ തൻ്റെ പടങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് നൽകിയ സംവിധായകനാണ് . അഭിസാരികയുടെ ജീവിതവും അബ്കാരികളുടെ ലോകവും സിനിമയാക്കി. രാഷ്ട്രീയ സാമൂഹിക ലോകത്തിലെ നെറികേടുകൾ ചോദ്യം ചെയ്യുന്ന ഒരു കഥാപാത്രത്തെയെങ്കിലും തൻ്റെ ചിത്രങ്ങളിൽ സൃഷ്ടിച്ചു. അങ്ങാടിയിലെ ചുമട്ടുതൊഴിലാളി മുതൽ നാടിന് പുലിവാലായി മാറിയ  പുലി വേട്ടക്കാരൻ്റെ കഥ പറഞ്ഞു. അറബി കഥയിലെ വിളക്കിലൂടെ  മലയാള പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.  മലയാള സിനിമയെ ആദ്യമായി ഏഴാം കടലിനക്കരെ വരെ എത്തിച്ചു. ഇൻസ്പെക്ടർ ബൽറാമും മംഗലശ്ശേരി നീലകണ്ഠനും ഇപ്പോഴും മലയാള സിനിമയിലെ മാസ്സായി നിലനിൽക്കുന്നു എന്ന് മാത്രമല്ല  പല മലയാള സിനിമ കഥാപാത്രങ്ങൾക്ക്  പ്രചോദനവും കൂടിയാണ്.

മലയാള സിനിമയെന്നാൽ  ഐ.വി. ശശിയെന്ന  ഒരു കാലം ചലചിത്ര രംഗത്ത് ഉണ്ടായിരുന്നു. ,സാധാരണക്കാരൻ്റെ വൈവിദ്ധ്യമാർന്ന കഥ പറഞ്ഞ ഇത്രയേറെ സിനിമകൾ ചെയ്ത  സംവിധായകൻ മലയാള സിനിമയിൽ വെറെ ഇല്ല..

മലയാള സിനിമാ ചരിത്രം ഐ.വി. ശശിയെന്ന സംവിധായകനെ അടയാളപ്പെടുത്തുന്നത്  അദ്ദേഹത്തിൻ്റെ   ഒരു പടത്തിൻ്റെ പേര് പോലെ തന്നെയാണ്.  .

ഇതാ ഒരു അസാധാരണ മനുഷ്യൻ ‘ ‘

ഐ.വി. ശശിയുടെ ചരമവാർഷികമാണിന്ന്.

 പതിറ്റാണ്ട്  മുൻപ് ഒരു നവാഗത സംവിധായകൻ്റെ ആദ്യ ചിത്രമായ ‘ ഉത്സവം ’ പുറത്ത് വന്നപ്പോൾ ചലചിത്ര പ്രസിദ്ധീകരണമായ നാന എഴുതി ‘ വിപ്ലവം നടത്തിയിട്ടുള്ളവരെല്ലാം ചെറിയ മനുഷ്യരായിരുന്നു. നെപ്പോളിയനും ഹിറ്റ്ലറും, ലെനിനും, ഹോച്ചിമിനും , ഗാന്ധിയും ക്രിസ്തുവുമെല്ലാം ചെറിയ മനുഷ്യരായിരുന്നു.  ഇവിടെയിതാ ഐ.വി.ശശി എന്നൊരു ചെറിയ മനുഷ്യൻ വിപ്ലവം നടത്താനെത്തിയിരിക്കുന്നു. ’ ഉത്സവം എന്ന ആദ്യ ചിത്രത്തില  ഐ. വി. ശശിയെന്ന ചലചിത്രസംവിധായകൻ്റെ  മലയാള സിനിമയിലേക്കുള്ള വരവ് അറിയിച്ചതായിരുന്നു ആ ലേഖനം .  ഐ.വി. ശശി എന്ന സംവിധായകനെ മലയാളികൾ അന്ന് ആദ്യമായി അറിഞ്ഞു.

70 കളുടെ മധ്യത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത ആദ്യചിത്രമായ ‘ ലേഡീസ് ഹോസ്റ്റൽ ‘ ലിൻ്റെ  കലാസംവിധായകനായാണ് ഐ.വി. ശശി തൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ നോവലുകൾക്ക് ചിത്രം വരച്ചിരുന്നത് ശശിയായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന ആലപ്പി ഷെറീഫിൻ്റെ  ‘നിറങ്ങൾ ’   എന്ന നോവലിന് ചിത്രം വരച്ചത് ശശിയായിരുന്നു. അങ്ങനെ ഷെറീഫുമായി പരിചയത്തിലായി . എ . ബി.രാജ് സംവിധാനം ചെയ്ത   ‘കളിപ്പാവ ’  എന്ന ചിത്രത്തിൻ്റെ സംവിധാനത്തിൽ പ്രധാന പങ്ക് വഹിച്ചത് ശശിയായിരുന്നു എന്ന് അറിയാമായിരുന്ന ചിത്രത്തിലെ നായിക വിജയ നിർമ്മല-  (ഭാർഗ്ഗവി നിലയത്തിലെ നായിക )  തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നും കൂടെ നിന്ന് സഹായിക്കാമോ എന്ന് ചോദിച്ചു. തൻ്റെ പേര് സംവിധായകൻ്റെ സ്ഥാനത്ത് വെയ്ക്കരുതെന്ന വ്യവസ്ഥയിൽ ഐ.വി.ശശി ചിത്രം സംവിധാനം ചെയ്തു. അങ്ങനെ ശശി പേര് വെയ്ക്കാതെ സംവിധാനം ചെയ്ത   ‘കവിത ‘ എന്ന  മലയാള സിനിമയിലൂടെ  ആദ്യത്തെ വനിതാ സംവിധായികയായി  വിജയനിർമല അറിയപ്പെട്ടു.

കോഴിക്കോടുകാരൻ ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി  മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു. സിനിമാ സംവിധാനം  തുടങ്ങിയത് ഉത്സവം എന്ന ചിത്രത്തിലൂടെയാണ്. ചെറുതാണെങ്കിലും അതൊരു  വിപ്ലവമായിരുന്നു  നസീർ അടക്കി വാഴുന്ന സിനിമാ യുഗത്തിൽ അന്നത്തെ പ്രതിനായകനായ കെ. പി. ഉമ്മറിനെ നായകനാക്കി ഒരു പടം സംവിധാനം ചെയ്യുക വിപ്ലവം  തന്നെയാണ്.

ആലപ്പി ഷെറീഫിൻ്റെ  ‘വെള്ളം സർവ്രത വെള്ളം ‘ എന്ന നോവലായിരുന്നു  പ്രമേയം. ഷെറീഫ് തന്നെയാണ്  തിരക്കഥയെഴുതിയത് . വെള്ളത്തിൻ്റെ നടുവിൽ ജീവിക്കുന്ന കുടിവെള്ളം കിട്ടാത്ത ഒരു പറ്റം ആളുകളുടെ കഥ . തന്നെ നായകനായി തീരുമാനിച്ചപ്പോൾ  ഉമ്മർ നിരുത്സാഹപ്പെടുത്തി. ‘ ഞാൻ ഹീറോ ആയാൽ ആരും പടം കാണാൻ വരില്ല ‘ ഉമ്മർ പറഞ്ഞു. പക്ഷെ, ശശി ഉറച്ചു നിന്നു രാഘവൻ, വിൻസെൻ്റ്,റാണിചന്ദ്ര ശ്രീവിദ്യ തുടങ്ങിയ രണ്ടാം നിരക്കാരെയും അണിനിരത്തി . ഞാറക്കലും ,മദ്രാസിലുമായിരുന്നു ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രമായ ഉത്സവം ചിത്രീകരിച്ചത്.

സിനിമാ ഗാനങ്ങൾ എന്നാൽ അന്ന് ആരും ചിന്തിക്കുക ആദ്യം വയലാർ രാമവർമ്മയാണ് . അല്ലെങ്കിൽ,  പി. ഭാസ്കരൻ  , ശ്രീകുമാരൻ തമ്പി , യൂസഫലി . ഇവരൊക്കെയാണ് അന്ന് ചലച്ചിത്രഗാനങ്ങളുടെ ലോകം അടക്കിവാണിരുന്നത്.

ആ നടപ്പു രീതി വിട്ട്   ‘കാറ്റുവിതച്ചവൻ ’  എന്ന ചിത്രത്തിൽ പാട്ടെഴുതിയ പുതുമുഖമായ  പൂവച്ചൽ ഖാദറിനെ ശശി തൻ്റെ ആദ്യ പടത്തിൻ്റെ ഗാനരചയിതാവാക്കി . എ. ടി. ഉമ്മർ സംഗീതവും.

കാറ്റ് വിതച്ചവൻ എന്ന ചിത്രത്തിൻ്റെ അസോസിയേറ്റ് ആയിരുന്നു   ഐ.വി. ശശി . അതിൽ പാട്ടെഴുതിയാണ് പൂവച്ചൽ ഖാദർ രംഗത്ത് വരുന്നത്. ആ പരിചയമാണ് പൂവച്ചലിനെ തൻ്റെ ആദ്യ പടത്തിൻ്റെ ഗാനങ്ങൾ എഴുതാൻ ഏൽപ്പിച്ചത്. ആ  പരീക്ഷണം വിജയിച്ചു.  യേശുദാസും ജാനകിയും

പാടിയ ‘ ആദ്യ സമാഗമ ലജ്ജയിൽ ’ യേശുദാസ് പാടിയ ‘ ഏകാന്തതയുടെ കടവിൽ എന്നിവ ഹിറ്റായി. ഗാനരചയിതാവ് എന്ന നിലയിൽ പൂവച്ചൽ ശ്രദ്ധിക്കപ്പെട്ടത് ഉത്സവത്തിലുടെയായിരുന്നു.  വിതരണത്തിന് എടുക്കാൻ ചലചിത്ര കമ്പനികൾ മടിച്ചപ്പോൾ നിർമ്മാതാവായ രാമചന്ദ്രൻ വെട്ടിലായി. ഭാഗ്യവശാൽ  കലാനിലയം കൃഷ്ണൻ നായർ ഒരു വിതരണ കമ്പനി തുടങ്ങിയിരുന്നു അവരുടെ ആദ്യ ചിത്രമായി ഉത്സവം എടുക്കാൻ തയ്യാറായി.

ഒടുവിൽ പടം റിലീസ് ചെയ്തു. പ്രേംനസീറോ , മധുവോ ഇല്ല. താരനിരയില്ലാത്തതിനാൽ ആദ്യ രണ്ടു ദിവസം റിലീസ് നടന്ന 6 കേന്ദ്രങ്ങളിലെ തിയേറ്ററുകൾ ശൂന്യമായിരുന്നു..  പക്ഷേ, മൂന്നു ദിവസം കഴിഞ്ഞപ്പോൾ  ആളുകൾ പടം കാണാനെത്തി. അങ്ങനെ ആദ്യപടം  വിജയം നേടി. ഐ. വി. ശശി എന്ന സംവിധായകൻ ജനിച്ചു. പിന്നീടങ്ങോട്ട് സിനിമകളുടെ ഉത്സവമായിരുന്നു. അനുഭവം, ആലിംഗനം അയൽക്കാരി അഭിനന്ദനം, എല്ലാം വിജയിച്ചു. പ്രേംനസീറിനെ ഉൾപ്പെടുത്തി അഞ്ജലിയെന്ന ചിത്രം , കൂടാതെ അകലെ നീലാകാശം, അംഗീകാരം, അഭിനിവേശം എന്നീ ചിത്രങ്ങളിലൂടെ എ.വി.ശശിയെന്ന സംവിധായകൻ കാലുറപ്പിച്ചു.

മലയാള ചലചിത്ര രംഗത്ത് ഹിറ്റ് മേക്കർമാർ  എന്ന പേരിൽ അറിയപ്പെട്ടത് രണ്ട് ശശിമാരാണ്. ഒന്ന് ശശികുമാർ ( ശരിക്കുള്ള പേര് ജോൺ ) പിന്നെ ഐ.വി.ശശി. ശശികുമാർ ബ്ലാക്ക് ആൻ്റ് വൈറ്റിൽ കുറഞ്ഞ ബഡ്ജറ്റിൽ പടങ്ങളെടുത്ത് വാണിജ്യസിനിമകളുടെ വിജയക്കൊടി  പാറിച്ച സംവിധായകനാണ്.  ശശികുമാർ സംവിധാനം ചെയ്ത 120  സിനിമകളിൽ 80 എണ്ണത്തിലും നായകൻ പ്രേംനസീറായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ ഹിറ്റ് മേക്കർ .

ബ്ലാക്ക് ആൻ്റ് വൈറ്റിൽ നിന്ന് കളറിലേക്ക് മാറാൻ തുടങ്ങുന്ന കാലമായപ്പോഴേക്കും ഐ.വി. ശശി മലയാള സിനിമയിലെ  ഏറ്റവും തിരക്കേറിയ സംവിധായകനായി മാറി. നാലും അഞ്ചും പടങ്ങൾ ഒരേ സമയം ചെയ്യുന്ന സംവിധായകൻ . രാവിലെ മദ്രാസിലെ വീട്ടിന് മുൻപിൽ അഞ്ചോ ആറോ കാറ് കിടപ്പുണ്ടാകും. സംവിധായകനായ ഐ.വി ശശി രാവിലെ പ്രഭാതചര്യകളെല്ലാം കഴിഞ്ഞ് വീട്ടിൽ നിന്ന് പുറത്ത് വരുന്നു.  ഗേറ്റ് തുറന്ന് നോക്കി, തനിക്ക് ബോധിച്ച ഒരു കാറിൽ കയറുന്നു. ആ കാർ പോകുന്നത് ഏതെങ്കിലും സ്റ്റുഡിയോവിലേക്കോ ഷൂട്ടിങ്ങ് ലോക്കേഷനിലേക്കോ ആവും. ആ കാർ എത് പ്രൊഡക്ഷൻ കമ്പനിയുടെതാണ് – അന്ന് അവരുടെ പടം ഷൂട്ട് ചെയ്യും. ഇതായിരുന്നു ഐ.വി.ശശിയുടെ അക്കാലത്തെ തിരക്ക്. ഇതിൽ അതിശോക്തി ഒട്ടുമില്ലായിരുന്നു .

പ്രശസ്ത സംഗീത സംവിധായകനായ എം.എസ് വിശ്വനാഥൻ ശബരി മലയ്ക്ക് പോകുമ്പോൾ വഴി നീളെ സിനിമാ പോസ്റ്ററുകൾ കണ്ടു. അദ്ദേഹത്തിന് മലയാളം വായിക്കാൻ അറിയില്ല. പക്ഷെ, ഇംഗ്ലീഷിൽ ഐ.വി.ശശിയെന്ന് എല്ലാ പോസ്റ്ററിലും കണ്ടു. എവിടെ ചെന്നാലും പോസ്റ്ററുകളിൽ ഈ പേര് മാത്രം. ഏതാണ് പത്ത് പടങ്ങളുടെ പോസ്റ്റർ അദ്ദേഹം എണ്ണി.

പിന്നീട് മദ്രാസിൽ വെച്ച് ഐ.വി. ശശിയെ കണ്ടപ്പോൾ എം.എസ്. വി . ചിരിച്ചു കൊണ്ടു ചോദിച്ചു. നിങ്ങളല്ലതാതെ മലയാളത്തിൽ വെറെ ആരും പടം സംവിധാനം ചെയ്യുന്നില്ലെ?

മലയാള സിനിമയിൽ കളർ ചിത്രങ്ങൾ ബ്ലാക്ക് ആൻ്റ് വൈറ്റിനെ പിൻ തള്ളുന്ന കാലഘട്ടമെത്തി. 1977 ൽ  പത്മരാജൻ്റെ തിരക്കഥയിൽ ഹരി പോത്തൻ്റെ ബാനറായ സുപ്രിയക്ക് വേണ്ടി ഒരുക്കിയ ‘ ഇതാ ഇവിടെ വരെ ‘ എന്ന ചിത്രത്തോടെ ഐ.വി. ശശി താരപദവിയിലേക്കുയർന്ന സംവിധായകനായി. മധു താറാവുകാരൻ പൈലിയായും പ്രതികാരം ചെയ്യാൻ വരുന്ന വിശ്വനാഥനായി  എം.ജി. സോമനും തകർത്തഭിനയിച്ചു.

സോമന് താര പദവി നേടി കൊടുത്ത ഇതാ ഇവിടെ വരെ യിൽ ജയൻ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചതും ശ്രദ്ധനേടി.

ദേവരാജൻ മാസ്റ്റർ  യുസഫലി കേച്ചേരിയുടെ വരികൾക്ക് നൽകിയ ഈണം മികച്ച ഗാനങ്ങൾ  പടത്തിൻ്റെ വിജയത്തിനു നല്ല പങ്കു വഹിച്ചു. യേശുദാസ് പാടിയ മനോഹരമായ ടൈറ്റിൽ സോങ്ങ് –  ഇതാ ഇവിടെ വരെ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ,  ‘രാസലീല രാസലീല ’  മാധുരി പാടിയ ‘ എന്തോ എതോ എങ്ങിനെയോ ’ എന്നിവ സൂപ്പർ ഹിറ്റായിരുന്നു. വയലാർ – ദേവരാജൻ കൂട്ട് കെട്ടിനെ ഓർമ്മിപ്പിക്കുന്ന ഒരു കോംമ്പിനേഷൻ  ആയി യുസഫലി – ദേവരാജൻ കൂട്ട് കെട്ട് അതോടെ ആരംഭിച്ചു… ഐ.വി. ശശിയുടെ ആദ്യത്തെ കളർ ചിത്രമായിരുന്നു ഇതാ ഇവിടെ വരെ .

യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞ ജയഭാരതി അർദ്ധനഗ്നയായി പുറം തിരിഞ്ഞ് നിൽക്കുന്ന കുരിയൻ വർണശാല രൂപം കൊടുത്ത ഇതാ ഇവിടെ വരെ യുടെ പോസ്റ്റർ കണ്ട് ആളുകൾ തിയേറ്ററിൽ ഇടിച്ചു കയറി. സിനിമാ പോസ്റ്റർ നിശബ്ദമായി വിജയത്തിന് പങ്കു വഹിച്ച ആദ്യ ചിത്രമായി

ഇതാ ഇവിടെ വരെ .

ഒരു കാലത്ത് മലയാളത്തിലെ  വാണിജ്യ സിനിമയുടെ ‘പ്രധാന ചേരുവയായ സെക്സ് സിനിമയുടെ ഒന്നോ രണ്ടോ രംഗങ്ങളിൽ, ഒരു ബലാൽകാരത്തിലോ ഒരു കാബറെ ഡാൻസിലോ  ഒതുക്കിയിരുന്നു.  ആദ്യത്തെ എ .സർട്ടിഫിക്കറ്റ് കിട്ടിയ മലയാള ചലചിത്രമായ കല്യാണ രാത്രിക്ക് അത് നൽകാൻ കാരണം സെക്സിൻ്റെ അതിപ്രസരമായിരുന്നില്ല. ‘. (1966 ) എന്ന കുട്ടികൾക്ക് ഹിതകരമല്ലാത്ത രംഗങ്ങൾ ഇതിലുണ്ട് എന്നതിലായിരുന്നു. അത് സൂചനയായി  ആ പടത്തിൻ്റെ പോസ്റ്ററുകളിൽ എഴുതിയിരുന്നു.   സെക്സ് ചിത്രങ്ങൾ എന്ന് വിളിക്കാവുന്ന പടങ്ങൾ അന്ന് വെള്ളിത്തിരയിൽ പ്രതൃക്ഷപ്പെട്ടിരുന്നില്ല. അത്തരം സംവിധായകരും ഉദയം ചെയ്തിട്ടില്ലായിരുന്നു. സമൂഹത്തിൻ്റെ സദാചാര ബോധം തകർക്കുന്ന പടം എടുക്കാൻ മലയാള സിനിമാ രംഗത്ത് ധൈര്യമുള്ള ഒരു സംവിധായകനും തയ്യാറായിരുന്നില്ല .

സീമയെന്ന പുതുമുഖ നടിയെ നായികയാക്കി 1978 ൽ പുറത്ത് വന്ന ഐ.വി. ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകൾ ’എന്ന ചിത്രം ഇതെല്ലാം തമസ്ക്കരിച്ച സിനിമയായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ച പടം . ഷെറീഫ് തിരക്കഥയെഴുതിയ അവളുടെ രാവുകൾ നായകന്‍, നായിക, വില്ലന്‍ എന്ന ഹിറ്റ് ചിത്രങ്ങളു ടെ സ്ഥിരം ശൈലിയെ ഒഴിവാക്കി.   ഒരു അഭിസാരികയായ നായിക കഥാപാത്രമായി പ്രതൃക്ഷപ്പെടുന്ന ആദ്യ ചിത്രമായി ഇത്. നായകനും വില്ലനും പ്രാധാന്യം ഇല്ലാത്ത സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. സെക്സിൻ്റെ അതിപ്രസരമില്ലാത്ത ഒരു സ്ത്രീപക്ഷ സിനിമ . മലയാളിയുടെ സിനിമാ സദാചാരത്തെ തകർത്ത് സമൂഹത്തിൻ്റെ കാപട്യത്തെ ചോദ്യം ചെയ്യുന്ന  സിനിമയായിരുന്നു അവളുടെ രാവുകൾ.

ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതത്തിൻ്റെ മാന്യമായ ചിത്രീകരണമായിരുന്നു ആ സിനിമ. പുരുഷ കഥാപാത്രങ്ങളെ അപകീർത്തിപ്പെടുത്തി സ്ത്രീ കഥാപാത്രത്തെ മഹത്വവൽക്കരിക്കുകയോ പടം ചെയ്യുന്നില്ല.

‘അവളുടെ രാവുകളിൽ അഭിനയിക്കുമ്പോൾ 19 വയസായിരുന്നു എനിക്ക് . മുൻ നിര നായികമാർ നിരസിച്ച റോളായിരുന്നു അത്. . ഒരിക്കലും വൾഗർ ആകില്ലെന്ന് ശശിയേട്ടൻ ഉറപ്പു തന്നിരുന്നു. അതു ഞാൻ പൂർണമായി വിശ്വസിച്ചു. കഥാപാത്രമായ രാജിയുടെ നിൽപ്പും നടപ്പും പെരുമാറ്റവുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. ആ കഥാപാത്രം ചെയ്തതിൽ അന്നും ഇന്നും കുറ്റബോധം തോന്നിയിട്ടില്ല. പിന്നീട്  എന്നെ തേടി ആളുകൾ എത്തുന്നതും ആ കഥാപാത്രത്തിന്റെ കരുത്തു കൊണ്ടാണ്. ‘

നായിക സീമ ഒരു അഭിമുഖത്തിൽ താൻ അഭിനയിച്ച വിവാദ കഥാപാത്രത്തെ വർഷങ്ങൾക്ക് ശേഷം അനുസ്മരിച്ചു .

നനഞ്ഞൊട്ടിയ ഷർട്ടിട്ട് ‘അവളുടെ രാവുകളി’ൽ സീമയുടെ മുന്നോട്ടുവച്ച വലതുകാൽ  ചിത്രമുള്ള പടത്തിൻ്റെ പോസ്റ്റർ ഒട്ടിക്കാത്ത മതിലുകൾ ഉള്ള  തെരുവുകൾ അന്ന് കേരളത്തിൽ വിരളമായിരുന്നു.

അതു വരെയുണ്ടായിരുന്ന നായികാസങ്കൽപ്പങ്ങളെ അവളുടെ രാവുകൾ  തൽക്കാലത്തേക്കെങ്കിലും തകർത്തെറിഞ്ഞു .

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇന്ന് ന്യൂജനറേഷൻ, നവതരംഗ വക്താവ് എന്നൊക്കെയാണു പേര്. എന്നാൽ നാല് പതിറ്റാണ്ട് മുൻപ് ഈ ആശയങ്ങളെല്ലാം മലയാള ചലചിത്ര രംഗത്ത് അവതരിപ്പിച്ച സംവിധായകനാണ് ഐ.വി. ശശി.

ഇറങ്ങിയ കാലത്ത് ഒട്ടെറെ വിമർശനങ്ങൾ എറ്റ് വാങ്ങിയ ചിത്രമായിരുന്നു ഇത് ഐ.വി.ശശിപ്പടങ്ങൾ പോലെ എന്ന ശൈലി  സിനിമാ പ്രസിദ്ധീകരണങ്ങളിൽ പ്രതൃക്ഷപ്പെട്ടു. മലയാള സിനിമക്ക് ചീത്തപ്പേര് ഉണ്ടാക്കി എന്ന മുൾക്കിരീടം സംവിധായകന് ലഭിച്ചു.  തെന്നിന്ത്യയിൽ         സി ക്ലാസ് തിയേറ്റിലെ ‘ എത് ബിറ്റ് പടത്തിനും ആദ്യം പരിഗണിക്കുന്ന പേരായി ഇംഗ്ലീഷിൽ ‘ Her Nights ’. അവളുടെ രാവുകളുടെ അനുകരിച്ച പോസ്റ്ററും ഇത്തരം പടങ്ങൾക്ക് ഉപയോഗിച്ചത് അവിടങ്ങളിൽ പ്രസിദ്ധമായിരുന്നു.

ഇതൊന്നും ഐ. വി. ശശി യെന്ന സംവിധായകനെ തെല്ലും  ബാധിച്ചില്ല.  ‘ ‘വലിയൊരു റിസ്‌ക് ആയിരുന്നു ‘അവളുടെ രാവുകൾ’.

ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രവും അതാണ്. നാല് പതിറ്റാണ്ടിന് ശേഷം ഐ. വി.ശശി ഒരു അഭിമുഖത്തിൽ പറഞ്ഞു. കാലം ചെന്നതോടെ ‘ അവളുടെ രാവുകൾ ‘ ഒരു മികച്ച സ്ത്രീപക്ഷ ചിത്രമായി അംഗീകരിക്കപ്പെട്ടു.

വർഷങ്ങൾ പിന്നിട്ടുംഈ ചിത്രത്തെ  പ്രേക്ഷകരും മറന്നിട്ടില്ല എന്നതിന് ഒരു രംഗം മാത്രം  മതി. .  സത്യൻ അന്തിക്കാടിൻ്റെ ഹിറ്റ് ചിത്രമായ നാടോടിക്കാറ്റിൽ  നടൻ ശ്രീനിവാസൻ മദ്രാസിൽ ഐ.വി. ശശിയുടെ വീട്ടിൽ ചാൻസ് ചോദിച്ച് വാതിൽ മുട്ടുന്ന വാതിൽ തുറക്കുമ്പോൾ കാണുന്നത് സീമയെ . പശ്ചാത്തലത്തിൽ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് കുളിരു പകർന്ന ഹിറ്റ് ഗാനവും ,‘ രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല. . “പ്രേക്ഷകരെ  അവളുടെ രാവുകളിലെ ഓർമ്മകളിലേക്ക് ഒരു മാത്ര കൊണ്ടു പോകുന്ന ആ രംഗം തിയേറ്ററിൽ  കയ്യടി നേടി.

മലയാളത്തിൽ ആ കാലത്ത് ബിഗ് ബജറ്റ് ചിത്രങ്ങൾ കുറവായിരുന്നു      വല്ല പ്പോഴും കുഞ്ചാക്കോയുടെ ഉദയുടെ വടക്കൻ പാട്ട് ചിത്രങ്ങളാണ്  വൻ സന്നാഹവുമായി ഷൂട്ടിംഗ് നടത്തിയിരുന്നത്. വിശാലമായ  രീതിയിൽ ചിന്തിച്ച്  പടമെടുക്കുന്ന രാമു കാര്യാട്ട് അരങ്ങൊഴിഞ്ഞതോടെ അത്തരം സംരംഭങ്ങൾ മലയാള ചലചിത്ര മേഖലയിൽ ഇല്ലാതായി. അതിലൊരു കാരണം കേരളം പോലെ ചെറിയ സംസ്ഥാനത്തിൽ  മലയാള ഭാഷ ഒതുങ്ങി നിന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ സിനിമ റിലീസാകാനുള്ള സാധ്യത ഇല്ലായിരുന്നു. തിയേറ്റുകൾ ആശ്രയിച്ച് മാത്രം ഓടിയ വ്യവസായമായിരുന്നു അന്ന് സിനിമ .

തെലുങ്കും തമിഴും ഇതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. വിപുലമായ പ്രേക്ഷക വൃന്ദം ഈ ഭാഷയിലെ ചിത്രങ്ങൾക്കുണ്ടായിരുന്നു. അത് കൊണ്ടാണ് വൻ ബജറ്റ് ചിത്രങ്ങൾ ആ ഭാഷകളിൽ ധാരാളം വന്നത്.

അത് കൊണ്ടാണ്  പ്രേം നസീർ ഒരു പടത്തിന് മുപ്പതിനായിരം വാങ്ങുമ്പോൾ അതേ സമയത്ത്  തെലുങ്കിൽ എൻ.ടി. രാമറാവു പ്രതിഫലം ഒരു ദിവസത്തിന് ഒരു ലക്ഷം വാങ്ങിയത്.

ഈയൊരു കീഴ് വഴക്കം  പൊളിച്ചടക്കിയത് ആദ്യമായി  ഐ.വി.ശശിയായിരുന്നു.  വളരെ പണച്ചിലവുള്ള , നുതന  സാങ്കേതിക വിദ്യ ഉപയോഗിച്ച് വൻ താര നിര ഉൾപ്പെടുത്തി 1979 ൽ ഒരു പടം സംവിധാനം ചെയ്യാൻ ഐ. വി.. ശശി  ഒരുങ്ങി. ‘ അലാവുദിനും അൽഭുത വിളക്കും’ എന്ന സിനിമ . പ്രശസ്തമായ അറബിക്കഥ പ്രമേയമാക്കിയ ചിത്രം സിനിമാ സ്ക്കോപ്പിലായിരുന്നു. മലയാളത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രത്തിൻ്റെ   സംവിധായകൻ ഐ.വി. ശശിയാകേണ്ടതായിരുന്നു. ഈ പടം തുടങ്ങാൻ വൈകിയത് കാരണം , ആദ്യം പൂർത്തിയായ അപ്പച്ചൻ്റെ ‘ തച്ചോളി അമ്പു ആദ്യത്തെ സിനിമാസ്ക്കോപ്പ് ചിത്രമായി സ്ഥാനമുറപ്പിച്ചു.

തമിഴിൽ കൂടി മൊഴി മാറ്റി റിലീസ് ചെയ്യാൻ പദ്ധതിയുളള്ളതിനാൽ താരനിര മലയാളത്തിൽ ഒതുങ്ങിയില്ല. കമൽഹാസൻ നായകൻ കൂടാതെ രജനികാന്ത് , ജമനി ഗണേശൻ , മനോഹർ , അശോകൻ സാവിത്രി തുടങ്ങിയ തമിഴ് താരങ്ങളും അഭിനയിക്കാനെത്തി. കൂടാതെ ഡാൻസ് രംഗങ്ങൾ കൊഴുപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ ഡാൻസറായ ഹിന്ദിയിലെ ഹെലനെ തന്നെ പടത്തിൽ ഡാൻസ് അവതരിപ്പിക്കാൻ കൊണ്ടു വന്നു. ഷോലൈ യിലെ  പ്രശസ്തമായ ‘ മെഹുബുബാ ,മെഹുബുബാ. ‘ എന്ന ഐറ്റം സോങ്ങിൽ  അഭിനയിച്ച ഹെലൻ മലയാളികളെ പുളകം കൊള്ളിക്കുമെന്ന പ്രതീക്ഷയായിരുന്നു അത്.

മാന്ത്രിക കഥയായതിനാൽ സ്പെഷൽ ഇഫക്റ്റുകൾ ധാരാളം ഉപയോഗിച്ച ആദ്യ മലയാള ചിത്രമായിരുന്നു. മികച്ച ഛായാഗ്രഹകൻ  രാമചന്ദ്രബാബു കുറ്റൻ ടാങ്കിൽ വെള്ളം നിറച്ച് അതിൽ പ്രത്യേക സംവിധാനമുണ്ടാക്കിയാണ്  വെള്ളത്തിനടയിലൂടെ വരെ ചിത്രീകരണം നടത്തിയാണ് ‘ ചന്ദനം കടഞ്ഞെടുത്ത’ എന്ന ജയഭാരതിയുടെ ഗാനരംഗം അതി മനോഹരമായി ചിത്രീകരിച്ചത്.

മദ്രാസിലെ കുറ്റൻ സെറ്റുകളിൽ മാത്രം ചിത്രീകരിക്കാതെ അറബി കഥയുടെ ഫീലു കിട്ടാനായി  രാജസ്ഥാനിൽ വരെ പോയി മരുഭൂമിയിൽ രംഗങ്ങൾ ചിത്രീകരിച്ചു. ഇതൊക്കെ അക്കാലത്തെ പുതുമുള്ളതും ചിത്രത്തെ വിജയിപ്പിക്കാനും സഹായിച്ച ഘടകങ്ങളായിരുന്നു.

തമിഴിലെ ഉയർന്നു വരുന്ന താരമായ രജനീകാന്ത് ആ സമയത്ത് അമിതമായ ലഹരിയുടെ ഉപയോഗം മൂലം ചികിത്സയിലായിരുന്നു. സെറ്റിൽ ആക്രമവാസന പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ   . ചിത്രീകരണ സമയത്ത് പല പ്രശ്നങ്ങളും ഇത് മൂലം ഉണ്ടായി. നായകനായ കമൽഹാസൻ പോലും തന്നെ ആക്രമിക്കുമോ എന്ന് ഭയന്നു. ഒടുവിൽ രണ്ടു പേരുടെയും  ഗുരുവായ കെ. ബാലചന്ദറെ  സെറ്റിൽ കൊണ്ടുവന്നിരുത്തിയതോടെ രജനീ കാന്ത് ശാന്തനായി. രജനി അഭിനയിച്ച കമുറുദീൻ എന്ന കഥാപാത്രത്തിൻ്റെ പ്രത്യേക സ്റ്റെൽ മലയാളികൾ ഇഷ്ടപ്പെട്ടു.

സ്പെഷൽ ഇഫക്റ്റുകൾ പ്രധാനമായും ചെയ്തത് ഇന്ത്യയിലെ തന്നെ അക്കാലത്തെ ഏറ്റവും നല്ല ക്യാമറമാനായ എ.വിൻസെൻ്റ് മാസ്റ്ററാ യിരുന്നു. ഒപ്പം രാമചന്ദ്ര ബാബുവും ‘ രണ്ട് ഭാഷയിലും ഓടിയ പടം അനുഭവവും അത്ഭുതവും ഒരേ അളവിൽ പ്രേക്ഷകർക്ക് നൽകിയ ഐ.വി. ശശിയുടെ അൽഭുത വിളക്കിൽ നിന്നുള്ള വിസ്മയ കാഴ്ചയായി .

ഈ ഐ.വി. ശശി പടം വൻ പ്രൊജക്റ്റുകൾ മലയാളത്തിൽ എടുക്കാൻ മറ്റ് നിർമ്മാതാക്കൾക്ക് ധൈര്യം നൽകി. അതിൻ്റെ ഫലമായി തെന്നിന്ത്യയിൽ ആദ്യമായി ഒരു ചലചിത്രം അമേരിക്കയിൽ ചിത്രീകരിച്ചു.

1979 ൽ അമേരിക്കയിൽ വെച്ച് ചിത്രീകരിച്ച ‘ ഏഴാം കടലിനക്കരെയിൽ  ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം ആദ്യമായി തൻ്റെ ചിത്രത്തിലൂടെ ഐ. വി. ശശി  മലയാളികൾക്ക് വെള്ളിത്തിരയിൽ കാണിച്ചു കൊടുത്തു.

24 സിനിമകൾക്ക് ശേഷം തിരക്കഥ ഐ.വി. ശശി – ഷെറീഫ് കൂട്ട് കെട്ട് പിരിഞ്ഞു.

1980 ൽ ബോക്സ് ഓഫീസ് വിജയം നേടിയ അങ്ങാടിയിലൂടെ  ‘ടി. ദാമോദരൻ – ഐ.വി.ശശി കൂട്ടുകെട്ട് ആരംഭിച്ചു. ഇവരുടെ കൂട്ടുകെട്ടിൽ മീൻ, തുഷാരം തുടങ്ങിയ വൻ ഹിറ്റ് പടങ്ങൾ ഐ. വി.ശശിയെ സൂപ്പർ ഡയറക്ടറാക്കി.

സംവിധാനം: ഐ. വി.. ശശി
സിനിമയിൽ നടനല്ലാത്ത   ഒരാളുടെ പേര് സിനിമാ സ്ക്രീനിൽ എഴുതി കാണിക്കുമ്പോൾ ആദ്യമായി ജനം തിയേറ്ററിൽ ആവേശപൂർവ്വം കയ്യടിച്ചു.

1982 ൽ പുറത്ത് വന്ന ഈ നാട് എന്ന ചിത്രം കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൻ്റെ നിശിതമായ വിമർശനമായിരുന്നു. ട്രേഡ് യൂണിയൻ, കാമ്പസ് രാഷ്ട്രീയം, വ്യാജ്യമദ്യദുരന്തം, രാഷ്ട്രീയക്കാരുടെ കാല് മാറ്റം തുടങ്ങിയ വിഷയങ്ങൾ ഒരൊറ്റ കഥയിൽ ഒരുക്കിയ ടി. ദാമോദരൻ്റെ തിരക്കഥയിൽ പടത്തിലെ എല്ലാവരും നായകരും വില്ലനുമായിരുന്നു.

സമകാലീന സംഭവങ്ങളെ ഇത്ര തുറന്ന്  വിമശിക്കുന്ന  ഒരു ചിത്രം ആദ്യമായാണ് പ്രേക്ഷകർ കാണുന്നത്. 8 കേന്ദ്രങ്ങളിൽ 125 ദിവസം തുടർച്ചയായി ഓടിയ പടമായി ഈ നാട് . അതിൻ്റെ തുടർച്ചയായ പടങ്ങൾ , ഇന്നല്ലെങ്കിൽ നാളെ , ഇനിയെങ്കിലും തുടങ്ങിയവ സമാന വിഷയങ്ങൾ കൈകാര്യം ചെയ്തതെങ്കിലും ഈ നാടിൻ്റെ വൻവിജയം ആവർത്തിച്ചില്ല

എം ടിയുമായി ഐ.വി. ശശി ചേർന്ന ആദ്യ ചിത്രമാണ് തൃഷ്ണ. പിന്നീട്  അക്ഷരങ്ങൾ ,അടിയൊഴുക്കുകൾ , രംഗം, ഉയരങ്ങൾ . അപ്പോഴേക്കും  ഈ ചിത്രങ്ങളിലൊക്കെ നായകവേഷം അഭിനയിച്ച മമ്മുട്ടിയും മോഹൻ ലാലും സമാന്തരമായി രണ്ട് താരങ്ങൾ അവരുടെ താരപദവിയിലേക്കുള്ള വിജയ യാത്ര ആരംഭിച്ചിരുന്നു.

1975 ൽ തുടങ്ങി നീണ്ട സിനിമ രംഗത്തെ 34 വർഷത്തെ സജീവമായി ഐ. വി. ശശിയെന്ന സൂപ്പർ സംവിധായകൻ നിറഞ്ഞു നിന്നു. തോപ്പിൽ ദാസി മുതൽ മഹേഷ് മിത്ര വരെ  ഐ. വി. ശശിക്ക് വേണ്ടി തിരക്കഥയെഴുതി.  അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാത്ത നടീനടന്മാർ മലയാളത്തിൽ ഇല്ല എന്ന് പറയാം. സിനിമയുടെ ഒരു കാലട്ടത്തിലും അദ്ദേഹം പടമില്ലാതെ വീട്ടിലിരുന്നില്ല. തൻ്റെ തലമുറയിൽപ്പെട്ടവർ എടുക്കാൻ ധൈര്യപ്പെടാത്ത 1921 പോലുള്ള ചിത്രങ്ങളൊക്കെ ഐ.വി.ശശി എന്ന സംവിധായകനിലൂടെയാണ് സാക്ഷാൽക്കരിക്കപ്പെട്ടത്.

90 കൾക്ക് ശേഷം തലവര മാറിയ പല വികാസങ്ങളും മലയാള സിനിമയിൽ കടന്നു വന്നു.  സമാന്തര സിനിമാക്കാരായ ഭരതൻ പത്മരാജൻ , മോഹൻ കെ.ജി. ജോർജ് എന്നിവർക്ക് ശേഷം വന്ന സംവിധായകർ നിലയുറപ്പിക്കും മുൻപ്  സൂപ്പർ താരങ്ങൾ രംഗം കയ്യടക്കി. സൂപ്പർ താരപദവി മലയാള ചലചിത്രത്തെ നിയന്ത്രിക്കാൻ ആരംഭിച്ചു.

അന്ന് വരെയുള്ള  ഐ.വി. ശശി  ചിത്രങ്ങളിൽ നിന്ന്  കൂടുതൽ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു അത്. നായകകഥാപാത്രം സിനിമയെക്കാൾ അറിയപ്പെട്ട പടം, ദേവാസുരം . 1993 ൽ ദേവാസുരം എന്ന ചിത്രം സംവിധാനം ചെയ്യുമ്പോൾ ഐ.വി.ശശിക്ക് തിരക്കഥയെഴുതിയത് രഞ്ജിത്ത് എന്ന താരതമ്യേന പുതിയ എഴുത്തുകാരനായിരുന്നു. ആദ്യം മടിച്ച് തുടങ്ങിയ പടമായിരുന്നു അത് . നിർമ്മാതാവ് വി.ബി.കെ മേനോൻ്റെ മുൻപത്തെ പടങ്ങളെല്ലാം പൊട്ടിയതിനാൽ സാമ്പത്തിക

നില ഭദ്രമല്ല .അനുവദിക്കുന്ന നിലയിൽ മുരളിയെ നായകനാക്കി ഈ ചെറിയ പടം ചെയ്യാനായിരുന്നു  ആദ്യം പ്ലാനിട്ടത്. പക്ഷേ, നിർമ്മാതാവ് സമ്മതിച്ചില്ല. ഒടുവിൽ മോഹൻ ലാൽ  കഥ കേട്ട പാടെ സമ്മതിക്കുകയും ചെയ്തു.

1993 ഏപ്രിലിൽ പടം റിലീസായി. പിന്നീടുള്ളത് ചരിത്രമാണ് ‘. മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻ ലാലിൻ്റെ കഥാപാത്രം അതിലെ ബാക്കി താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞു. ദേവാസുരത്തിലെ  മംഗലശ്ശേരി നീലകണ്ഠനായ മോഹൻലാലിൻ്റെ അഭിനയ മികവ് , പടത്തിൻ്റെ എല്ലാ അംശത്തിലും നിറഞ്ഞു നിന്നതോടെ ഐ. വി. ശശിയാണ് പടത്തിൻ്റെ  സംവിധായകന്നെ  വസ്തുത അപ്രസക്തമായി.  വൻവിജയം നേടിയ ദേവാസുരത്തിൻ്റെ സംവിധായകൻ ഐ.വി. ശശിയാണെന്ന് ഈ പടത്തെ പറ്റി പരാമർശിക്കുമ്പോൾ പോലും പറയാത്ത വിധം ആ  പേര് വിസ്മൃതിയിലായി.

ഐ. വി.ശശിയുടെ അവളുടെ രാവുകൾ പോലെ ഐ. വി. ശശിയുടെ ദേവാസുരം എന്ന് പറയപ്പെട്ടില്ല എന്നതായിരുന്നു ട്രാജഡി.

ദേവാസുരത്തിൻ്റെ പിൻഗാമിയായ രാവണ പ്രഭു എന്ന അടുത്ത പടം ചെയ്യാനും ഐ.വി.  ശശിക്ക് കഴിഞ്ഞില്ല. അത് രഞ്ജിത്ത് തന്നെ സംവിധാനം ചെയ്തു. അത്തരത്തിലുള്ള മീശ പിരിയൻ ഫ്യൂഡൽ നായകന്മാരുടെ പടങ്ങൾക്ക് ആരംഭം കുറിച്ച ഐ. വി. ശശിയെന്ന സൂപ്പർ  സംവിധായകനെ തേടി അത്തരത്തിലുള്ള ഒരു പടം ചെയ്യാൻ ഒരു നിർമാതാവും പിന്നീട്  വന്നില്ല. അതിന് ശേഷം ഐ.വി. ശശി ചെയ്ത അര ഡസൻ പടങ്ങളിൽ വർണ പകിട്ട് ഒഴികെ ഒന്നും തന്നെ ശ്രദ്ധിക്കപ്പെട്ടുമില്ല.

സൂപ്പർ താരങ്ങളുടെ മേൽക്കോയ്മ, പുതിയ രീതികൾ , പുതിയ ശൈലികൾ , സിനിമയിലെ മാറ്റങ്ങൾ അതിവേഗതയിൽ വരുന്നത് ഉൾക്കൊള്ളാൻ ഐ.വി. ശശിയെന്ന സംവിധായകന് കഴിയില്ലെന്ന് ചലച്ചിത്ര മേഖല മനസിലാക്കിയതാണ് അതിന്  കാരണം.

തൻ്റെ അത്ഭുത വിളക്കിൽ നിന്ന് മാന്ത്രിക വിദ്യ പുറത്തെടുക്കാൻ കഴിയാതെ ആ മാന്ത്രികൻ പതുക്കെ പിൻവാങ്ങി.

വെള്ളത്തുവൽ എന്ന ചിത്രമായിരുന്നു അവസാനം ഐ.വി. ശശി  സംവിധാനം ചെയ്തത്.  (2009) .എട്ട് വർഷത്തിന് ശേഷം, 2017 ഒക്ടോബർ 24 ന്  താൻ എത്രയോ തവണ കട്ട് പറഞ്ഞ മദ്രാസിൽ തന്നെ തൻ്റെ  അവസാന ജീവിത രംഗം പൂർത്തിയാക്കി.death anniversary of iv sasi

ആ പടങ്ങളുടേയും ഏ പടങ്ങളുടെയും സംവിധായകൻ എന്ന് ഒരിക്കൽ ഒരു സിനിമാ വാരികയിൽ ഐ. വി. ശശിയെ വിശേഷിപ്പിച്ചിരുന്നു.

അതിൽ പകുതി സത്യമായിരുന്നു. തൻ്റെ ഭൂരിഭാഗം പടങ്ങൾക്കും ശശി നിഷ്ക്കർഷയോടെ പേരിട്ടത് ഭാഷയിലെ ആദ്യ അക്ഷരമായിരുന്നു   ‘അ  ‘. ആ  കാലത്ത് മലയാള ചലച്ചിത്രത്തിൻ്റെ പട്ടികയിലെ  ആദ്യ അക്ഷരവും ഐ.വി.ശശിയായിരുന്നു. death anniversary of iv sasi

 

Content summary; death anniversary of iv sasi

×