February 19, 2025 |

തീരുമാനം ചർച്ചകൾക്ക് ശേഷം; കലോത്സവത്തിൽ നിസ്സഹകരണം തുടർന്ന് ഡോക്ടർമാർ

സ്വകാര്യ പ്രാക്ടീസ് നടത്തിയതിന്റെ പേരിൽ ഡോ. ഡി നെൽസനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ എംടി നിള വേദിയിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് തിരിതെളിയുമ്പോൾ, തലസ്ഥാനത്ത് സർക്കാർ ഡോക്ടർമാർ നടത്തുന്ന നിസ്സഹകരണ സമരം ആശങ്കയായി തുടരുകയാണ്. കലോത്സവത്തിന്റെ ഭാ​ഗമായി പതിനായിരങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. ഡോക്ടർമാരുടെ സേവനം ഏത് നിമിഷവും ആവശ്യമായി വരാം എന്ന അവസ്ഥയിൽ സർക്കാർ ഡോക്ടർമാരുടെ ഈ സമര പ്രഖ്യാപനം ആരോ​ഗ്യ വകുപ്പിന് വെല്ലുവിളിയാണ്.

ആര്യനാട് സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ഡോ. ഡി നെൽസനെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന്റെ പേരിൽ 2024 സെപ്റ്റംബർ 23ന് സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് സർക്കാർ ഡോക്ടർമാരും ആരോ​ഗ്യ ഡയറക്ടറേറ്റും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ശേഷം
ഡോ. ഡി നെൽസനെ അടൂർ ജനറൽ ആശുപത്രിയിൽ നിയമിക്കുകയായിരുന്നു. തുടർന്ന് ഡോ. നെൽസനെ ആര്യനാട് തന്നെ നിയമിക്കണമെന്ന് ആവശ്യമുന്നയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ​ഗവൺമെൻ്റ് ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) നിസ്സഹകരണ സമരം പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് കലോത്സവ വേദികളിൽ ആരോ​ഗ്യ സുരക്ഷക്ക് സജ്ജമാണെന്ന് ആരോ​ഗ്യവകുപ്പ് പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് തങ്ങൾ നിസ്സഹകരണ സമരത്തിലാണെന്ന് കെജിഎംഒഎ ഭാരവാഹികൾ ഡിഎംഒയെ അറിയിച്ചത്. ആശുപത്രി ഡ്യൂട്ടിയല്ലാതെ മറ്റ് ഡ്യൂട്ടികൾ ചെയ്യില്ലെന്ന് ഡോക്ടർമാർ അധികൃതരെ അറിയിച്ചു. നിലവിൽ വിഷയവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഡയറക്ടറുമായി ചർച്ച നടക്കുകയാണെന്നും അതിന് ശേഷം മാത്രമേ തീരുമാനം അറിയിക്കാനാകൂവെന്നും കെജിഎംഒഎ ഭാരവാഹികൾ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, പ്രധാന വേദികളിൽ അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും മെഡിക്കൽ സംഘത്തെ നിയമിക്കാൻ ആരോ​ഗ്യ വകുപ്പ് ശ്രമം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരും ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ തുടങ്ങിയവരാകും ഉൾപ്പെടുക. വൈദ്യസഹായം, ആംബുലൻസ്, ജീവനക്കാർ എന്നിവ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ ഇത്തരത്തിൽ ഡോക്ടർമാരെ മാറ്റിനിയമിക്കുന്നതിലൂടെ ആശുപത്രികളുടെ സ്ഥിതി മോശമാകുമെന്നാണ് റിപ്പോർട്ട്.

ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് 10 കിടക്കകൾ വീതം സജ്ജമാക്കിയെന്നും മെഡിക്കൽ കോളേജിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വേദികളിലും കുട്ടികൾ താമസിക്കുന്നയിടങ്ങളിലും പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ ടീം, ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content summary: Decision after discussion; doctors countinue their strike in school festival

keralaschoolkalolsavam doctors strike governmenthospitals kgmoa 

×