”ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികവും സര്‍ദാര്‍ പട്ടേല്‍ ജനിച്ചതിന്റെ 150-ാം വാര്‍ഷികവും ആഘോഷിക്കുന്ന 2025 കോണ്‍ഗ്രസ്സിന്റെ പുനര്‍ജനി വര്‍ഷമായിരിക്കും”
ഇത് ദൃഢമായ ഒരു പ്രഖ്യാപനമാണ്. പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അമരക്കാരായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ഗാന്ധിയും. പാര്‍ട്ടിയുടെ അലകും പിടിയും മാറ്റുന്നതിനെക്കുറിച്ച് ഗഹനമായി ആലോചിക്കാനും ഉറച്ച തീരുമാനമെടുക്കാനുമായി ഗുജറാത്തിലെ അഹമ്മദാബാദില്‍ നടത്തിയ വിശാല എ.ഐ.സി.സി സമ്മേളനത്തിന്റെ പരിസമാപ്തിയിലായിരുന്നു ഈ പ്രഖ്യാപനം. തീര്‍ച്ചയായും കോണ്‍ഗ്രസ്സുകാര്‍ക്ക്, കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്നവര്‍ക്ക് കാതിനിമ്പമേകുന്ന പ്രഖ്യാപനം തന്നെ.decisions of the aicc meeting and the future of the congress
വെറും പ്രത്യാശാപ്രഖ്യാപനത്തില്‍ ഒതുങ്ങിയില്ല എ.ഐ.സി.സി സമ്മേളനമെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ വിശ്രമിക്കണമെന്നും ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ വിരമിക്കണമെന്നും നേതാക്കള്‍ തുറന്നടിച്ചിട്ടുണ്ട്. അതായത്, കഞ്ഞിപ്പശ മുക്കി അലക്കിത്തേച്ച തൂവെള്ള ഖദര്‍ കുപ്പായവുമായി കാലത്തേ പൊതുരംഗത്തെത്തി അതിനൊരു ചുളിവും നിറക്കേടും പറ്റാതെ രാത്രി വീടു പറ്റുന്ന നേതാവു വേഷക്കാര്‍ക്ക് ഇനി പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായില്ലെന്ന് പച്ചയ്ക്കു പറഞ്ഞിരിക്കുകയാണ്. പണിയെടുക്കാത്തവന്‍ വീട്ടിലിരിക്കണം. പാര്‍ട്ടിക്ക് വിയര്‍പ്പൊഴുക്കി പണിയെടുക്കുന്നവനെ മതി.
തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ പാര്‍ട്ടിയുടെ നട്ടെല്ലാക്കുകയെന്നതാണ്. ഇപ്പോള്‍ നാമമാത്ര കമ്മിറ്റികള്‍ മാത്രമാണ് മഹാഭൂരിപക്ഷം ഡി.സി.സികളും എന്നത് യാഥാര്‍ത്ഥ്യം. ദേശീയ, സംസ്ഥാന നേതാക്കള്‍ ജില്ലകളിലെത്തുമ്പോള്‍ അവര്‍ പങ്കെടുക്കുന്ന (മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന) പരിപാടികളില്‍ തുണക്കാരായി പോകലാണ് ഡി.സി.സി ഭാരവാഹികളില്‍ മിക്കവരുടെയും പ്രധാന കലാപരിപാടി. അവിടുന്ന് താഴോട്ടേക്കുള്ള കമ്മിറ്റികള്‍ പിന്നെ എത്രമാത്രം ഊര്‍ജസ്വലമായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പ്രസംഗിച്ചു നടക്കാനും മീറ്റിങ് ചേരാനുമൊക്കെയേ സമയമുണ്ടാകൂ എന്നാണല്ലോ പൊതുധാരണ. പാര്‍ട്ടി കെട്ടിപ്പടുക്കണമെങ്കില്‍ ജില്ലാതലം മുതല്‍ താഴോട്ടുള്ള കമ്മിറ്റികളിലുള്ളവര്‍ വിയര്‍പ്പൊഴുക്കണം. അതില്ലാത്ത ഒരൊറ്റ കാരണം കൊണ്ടാണ്, സ്വാതന്ത്യാനന്തര ഇന്ത്യയെ മൊത്തമായും സംസ്ഥാനങ്ങളെ ഒട്ടുമിക്കതിനെയും പതിറ്റാണ്ടുകളോളം അടക്കിഭരിച്ച കോണ്‍ഗ്രസ് ഇനി പഴയ പ്രതാപത്തിലേക്ക് ഭാവിയിലെപ്പോഴെങ്കിലും തിരിച്ചുവരുമോ എന്നു പ്രതീക്ഷിക്കാന്‍ പോലുമാകാത്ത വിധം തകര്‍ന്നുപോയത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു എന്നതും പണിയെടുക്കാത്തവന്‍ പടിക്കു പുറത്ത് എന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ധൈര്യമുണ്ടായതും തന്നെയാണ് അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിന്റെ ചരിത്രപരമായ പ്രാധാന്യം.
ഇനി ഈ ലേഖനത്തിന്റെ തലക്കെട്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൊടുത്ത ‘പക്ഷേ’ എന്ന സന്ദേഹത്തിന്റെ വിശദീകരണത്തിലേക്കു കടക്കാം.
എന്തിനാണ് പക്ഷേ എന്നു സന്ദേഹിക്കുന്നത്?
തീര്‍ച്ചയായും കാരണമുണ്ട്?
എ.ഐ.സി.സി സമ്മേളനം കഴിഞ്ഞതിനു തൊട്ടുപിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കണ്ടല്ലോ? അത്രയും പെട്ടെന്നൊന്നും ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കെ.പി.സി.സിയുടെ ഉന്നത കസേരകളില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍. ഖര്‍ഗെയും രാഹുലും പ്രഖ്യാപിച്ച പോലെ പണിയെടുക്കാത്തവര്‍ വീട്ടിലിരിക്കണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ സ്വമനസ്സാലെ കേള്‍ക്കുന്ന, അനുസരിക്കുന്ന എത്രപേര്‍ കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട് ?
ഇനി കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെ പുറത്താക്കാന്‍ ധൈര്യം കാണിക്കുന്നു എന്നു വയ്ക്കുക. മറുപുറത്തുനിന്ന് ഓഫര്‍ ചോദിച്ചു വാങ്ങിയാണെങ്കിലും ലോങ്ജംപിന് തയ്യാറാകാത്തവര്‍ കുറവായിരിക്കും. ചാക്കുമായി മറുപക്ഷത്ത് വേണ്ടത്ര ആളുണ്ടല്ലോ. കേരളത്തില്‍ തന്നെ കെ.വി തോമസ്, പദ്മജ, അനില്‍ ആന്റണി, ടോം വടക്കന്‍, അബുള്ളക്കുട്ടി തുടങ്ങി എത്രപേര്‍ ‘അവഗണന’യുടെ പേരു പറഞ്ഞ് മറുകണ്ടം ചാടി. കോണ്‍ഗ്രസ്സിന്റെ ആദര്‍ശങ്ങളും ആശയങ്ങളും മടുത്തും ഇതര പാര്‍ട്ടികളുടെ ആശയാദര്‍ശങ്ങളില്‍ ആകൃഷ്ടരായുമല്ല ഇവരെല്ലാം കാലുമാറിയത്. അതിന് പ്രലോഭനാത്മകമായ ‘കാരണ’ങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവണം. ശുദ്ധീകരണത്തിന് കോണ്‍ഗ്രസ് നേതൃത്വം കച്ചകെട്ടി ഇറങ്ങിയാല്‍ കുത്തൊഴുക്കിന്റെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
പറഞ്ഞുവന്നത് ഇതാണ്. അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിലെ തീരുമാനങ്ങളും നേതാക്കളുടെ പ്രഖ്യാപനങ്ങളും സമ്മോഹനങ്ങളാണ്. തട്ടുകേടു കൂടാതെ നടന്നാല്‍ കോണ്‍ഗ്രസ്സിന് പുനര്‍ജനി തന്നെയാണ്.
പക്ഷേ… അതൊരു വലിയ പക്ഷേയാണ്.decisions of the aicc meeting and the future of the congress
Content Summary: decisions of the aicc meeting and the future of the congress