April 28, 2025 |

ഡല്‍ഹി:13 സീറ്റില്‍ ശ്രദ്ധയൂന്നി കോണ്‍ഗ്രസ്, ന്യൂനപക്ഷമേഖലയിലെ വോട്ട് പിളരുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി

കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ ആപിന്റെ പരാജയത്തിനും ബി.ജെ.പിയുടെ വിജയത്തിനും കാരണമാവുകയാണെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും.

ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ദളിത് മേഖലയിലെ 13 സീറ്റുകളില്‍ ശ്രദ്ധയൂന്നാന്‍ കോണ്‍ഗ്രസ് തീരുമാനം. അഞ്ചുവര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തിരിച്ച് വരാനുള്ള കഠിന ശ്രമത്തിലാണ്. എന്നാല്‍ ന്യൂനപക്ഷ-ദളിത് മേഖലകളില്‍ കോണ്‍ഗ്രസ് വോട്ട് പിളര്‍ത്തിയാല്‍ ആംആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പിലുള്ള മേല്‍കൈ തകര്‍ക്കാമെന്ന് ബി.ജെ.പി കണക്കു കൂട്ടുന്നു. പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ ആംആദ്മി പാര്‍ട്ടിക്കുണ്ടായിരുന്ന സ്വീകാര്യതയെ മറി കടക്കാന്‍ ബി.ജെ.പി ശ്രമിക്കുകയും നിലനിര്‍ത്താന്‍ കെജ്രിവാളും സംഘവും പ്രയത്നിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓള്‍ഡ് ഡല്‍ഹി, യമുന തീരങ്ങളിലെ ന്യൂനപക്ഷ ദളിത് മണ്ഡലങ്ങളില്‍ ചലനങ്ങളുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍.

പട്പട്ഗഞ്ച്, ഛത്തര്‍പൂര്‍, നാംഗ്ലോയ് ജാത്, ന്യൂഡല്‍ഹി, ബാദ്ലി, കസ്തൂര്‍ബ നഗര്‍, ചാന്ദ്നി ചൗക്ക്, ബല്ലി ബാരന്‍, മതിയാ മഹല്‍, മുസ്തഫാബാദ്, ബാബര്‍പുര്‍, സീംലംപുര്‍, ഓഖ്ല എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. പൂര്‍ണമായും ആംആദ്മി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ സീറ്റുകളെല്ലാം തന്നെ. എന്നാല്‍ നാളെ മുതല്‍ ആരംഭിക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അടക്കമുള്ള നേതാക്കള്‍ ഈ മേഖലയില്‍ റോഡ്ഷോയും പ്രചരണവും നടത്തും. രോഗബാധയില്‍ നിന്ന് മുക്തി നേടിയ ശേഷം നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രിഥാല മേഖലയില്‍ മലിന ജലം തെരുവിലേയ്ക്ക് ഒഴുകുന്നതിന്റെ വീഡിയോ പങ്ക് വച്ച് ‘ഡല്‍ഹി പാരീസാക്കുമെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ വാഗ്ദാനം ചെയ്തിരുന്നത്, ഇങ്ങനെയാണ് ആംആദ്മി പാര്‍ട്ടിക്ക് കീഴില്‍ ഡല്‍ഹി തിളങ്ങുന്നത്’ എന്ന് പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു.

പൂര്‍വ്വാഞ്ചല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആ മേഖലയുടെ വികസനത്തിന് പ്രത്യേക മന്ത്രി സ്ഥാനവും ബജറ്റില്‍ പ്രത്യേക പരിഗണനയും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു. ഡല്‍ഹിയിലെ മറ്റൊരു നിര്‍ണാകയ വോട്ട് ബാങ്കായ സ്ത്രീകള്‍ക്ക് വേണ്ടി മാസം 2500 രൂപയുടെ സഹായ പദ്ധതിയായ ‘പ്യാരി ദീദി യോജന’ എന്ന പദ്ധതിയും കോണ്‍ഗ്രസിന്റെ വാഗ്ദാന പട്ടികയിലുണ്ട്. എല്ലാ ഡല്‍ഹിക്കാര്‍ക്കും 25 ലക്ഷം രൂപയുടെ ജീവന്‍ രക്ഷ യോജന, തൊഴിലില്ലായ്മ വേതനം, സൗജന്യ റേഷന്‍ കിറ്റ്, 500 രൂപയ്ക്ക് പാചക വാതകം, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത് ഇത്തവണ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന ഉറപ്പിച്ചാണ് അവരുടെ പോരാട്ടം.

എന്നാല്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ ഇത് വലിയ ഉലച്ചിലുകള്‍ ഉണ്ടാക്കുമെന്ന് മറ്റ് മതേതര പാര്‍ട്ടികള്‍ക്ക് ഭയമുണ്ട്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും അല്ലാതെ രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മറ്റൊരു പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തിലില്ല. അങ്ങനെയുള്ള രണ്ട് പാര്‍ട്ടികള്‍ പരസ്പരം പരസ്യമായി പോരാടുന്നത് വലിയ ക്ഷീണമായി മാറും. ഏതെങ്കിലും കാരണവശാല്‍ കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ ആപിന്റെ പരാജയത്തിനും ബി.ജെ.പിയുടെ വിജയത്തിനും കാരണമാവുകയാണെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും.

ആംആദ്മി പാര്‍ട്ടിയേയും വ്യക്തിപരമായി അരവിന്ദ് കെജ്രിവാളിനെയും കടന്നാക്രമിച്ചുകൊണ്ട് കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് യുദ്ധം വഷളാക്കിയത്. കെജ്രിവാളിനെതിരെ കേസുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം സന്ധ്യസന്ധതയില്ലാത്ത ആളാണ് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം ആരോപിച്ചു. വഞ്ചനാത്മക സമീപങ്ങള്‍ സ്വീകരിക്കുന്ന നേതാക്കളുടെ പട്ടികയില്‍ നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയേയും ഉള്‍പ്പെടുത്തിയാണ് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഭാവി ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും.  Delhi assembly election analysis, congress and bjp’s expectations 

Content Summary; Delhi assembly election analysis, congress and bjp’s expectations

Leave a Reply

Your email address will not be published. Required fields are marked *

×