2016-17 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 6.6 ശതമാനമായി ഇടിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു. നേരത്തെ 7.6 ശതമാനമായിരിക്കും വളര്‍ച്ച നിരക്കെന്ന് ഐഎംഎഫ് കണക്കാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് വളര്‍ച്ച നിരക്കില്‍ ഇടിവ് സംഭവിച്ചത്. ഐഎംഎഫിന്റ കണക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികരംഗങ്ങളില്‍ ഒന്ന് എന്ന ഇന്ത്യയുടെ സ്ഥാനം നഷ്ടമാകും.
നോട്ട് നിരോധനം മൂലം ഉപഭോഗത്തില്‍ ഉണ്ടായ ഇടിവും പണമിടപാടുകളില്‍ വന്ന മാന്ദ്യവുമാണ് ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പിന്നോക്കം വലിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ കലണ്ടര്‍ വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ധനവര്‍ഷത്തിന്റെ (ഏപ്രില്‍-മാര്‍ച്ച്) അടിസ്ഥാനത്തിലാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള സാമ്പത്തികരംഗത്ത് മാന്ദ്യം സംഭവിക്കുമ്പോഴും ഇന്ത്യയുടെ ഭാവി ശോഭനമാണെന്നായിരുന്നു ഇതുവരെയുള്ള ഐഎംഎഫിന്റെ വിലയിരുത്തല്‍. എന്നാല്‍ നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യന്‍ സാമ്പത്തികരംഗം പിന്നോട്ട് പോകുമെന്ന് ആര്‍ബിഐ ഉള്‍പ്പെടെയുള്ള നിരവധി ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച നിരക്ക് 7.6 ശതമാനം എന്ന് കണക്കാക്കിയിരുന്ന ലോക ബാങ്ക് ഇപ്പോള്‍ 7 ശതമാനമായിരിക്കും എന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. 2016-17 വര്‍ഷത്തെ ചൈനയുടെ വളര്‍ച്ച നിരക്ക് 6.7 ശതമാനമായിരിക്കും എന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍.