June 26, 2026 |
Share on

ചിലര്‍ ഇന്ത്യയുടെ വളര്‍ച്ച ഇഷ്ടപ്പെടുന്നില്ല, അവര്‍ തടസങ്ങള്‍ ഉണ്ടാക്കുന്നു; പുടിന്‍

എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന അമേരിക്ക ഇപ്പോഴും റഷ്യയില്‍ നിന്ന് തന്നെയാണ് ആണവ വസ്തുക്കള്‍ വാങ്ങുന്നതെന്നും പുടിന്‍

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊര്‍ജ്ജ ബന്ധങ്ങളെയും അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പങ്കിനെയും ചില ‘നിശ്ചിത ശക്തികള്‍’ എതിര്‍ക്കുന്നുണ്ടെന്നും, രാഷ്ട്രീയ കാരണങ്ങളാല്‍ ‘കൃത്രിമ തടസങ്ങള്‍’ ഉണ്ടാക്കി ഇന്ത്യയുടെ സ്വാധീനം പരിമിതപ്പെടുത്താന്‍ അവര്‍ ലക്ഷ്യമിടുന്നുണ്ടെന്നുമായിരുന്നു പുടിന്റെ വിശദീകരണം.

ഇന്ത്യ ടുഡേ ചാനലിന് വ്യാഴാഴ്ച വൈകുന്നേരം നല്‍കിയ അഭിമുഖത്തിലാണ് പുടിനില്‍ നിന്നും ഇത്തരം പ്രതികരണം വന്നത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകുന്നേരമാണ് വ്‌ളാഡിമിര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്.

റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെക്കുറിച്ചും റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്ക് അമേരിക്ക താരിഫ് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള പുടിന്റെ മറുപടിയായിരുന്നു ഇത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊര്‍ജ്ജ സഹകരണം വലിയ മാറ്റമില്ലാതെ തുടരുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.

റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികാര നടപടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, യു.എസ്. ഇപ്പോഴും റഷ്യയില്‍ നിന്ന് ആണവ വസ്തുക്കള്‍ വാങ്ങുന്നുണ്ടെന്നായിരുന്നു പുടിന്‍ ചൂണ്ടിക്കാട്ടിയത്.

‘ഇന്ത്യ റഷ്യയില്‍ നിന്ന് ഊര്‍ജ്ജ സ്രോതസ്സുകള്‍ വാങ്ങുന്നതിനെക്കുറിച്ച്… ഞാന്‍ ഇതിനുമുമ്പ് പരസ്യമായി പറഞ്ഞിട്ടുള്ള ഒരു കാര്യം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു യുഎസ് ഇപ്പോഴും അവരുടെ ആണവ നിലയങ്ങള്‍ക്കായി ഞങ്ങളില്‍ നിന്നാണ് ആണവ ഇന്ധനം വാങ്ങുന്നത്. യുഎസിന് ഞങ്ങളുടെ ഇന്ധനം വാങ്ങാന്‍ അവകാശമുണ്ടെങ്കില്‍, ഇന്ത്യക്ക് എന്തുകൊണ്ട് അതിന് സാധിക്കാത്തത്? ഈ ചോദ്യം വിശദമായ പരിശോധന അര്‍ഹിക്കുന്നു, പ്രസിഡന്റ് ട്രംപുമായി ഉള്‍പ്പെടെ ഇത് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്.’ ഇതായിരുന്നു പുടിന്റെ മറുപടി.

ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള ബന്ധത്തില്‍ വാഷിംഗ്ടണ്‍ അസ്വസ്ഥമാകേണ്ട കാര്യമില്ലെന്നാണ് പുടിന്‍ പറയുന്നത്. ഈ സഹകരണം ഒരു രാജ്യത്തിനും എതിരല്ലെന്നും അതാത് ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് പുടിന്‍ വിശദീകരിച്ചത്.

ഞാനോ പ്രധാനമന്ത്രി മോദിയോ, ഞങ്ങള്‍ക്കു നേരിടേണ്ടി വരുന്ന ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, ആര്‍ക്കെങ്കിലും എതിരായി പ്രവര്‍ത്തിക്കാന്‍ വേണ്ടി ഞങ്ങളുടെ സഹകരണത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഇപ്പോള്‍ ഒരു ബ്രിട്ടീഷ് കോളനിയല്ല, മറിച്ച് ഒരു പ്രധാന ആഗോള ശക്തിയാണെന്നായിരുന്നു പുടിന്റെ വിശേഷണം. പ്രധാനമന്ത്രി മോദി സമ്മര്‍ദ്ദങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന വ്യക്തിയല്ലെന്നും പുടിന്‍ പുകഴ്ത്തി.

പ്രകോപനം ഉണ്ടാക്കുന്നതല്ല റഷ്യയുടെ ലക്ഷ്യം, ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ്. ഇന്ത്യയും അത് തന്നെയാണ് ചെയ്യുന്നത്, പുടിന്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇരു നേതാക്കളും വ്യാഴാഴ്ച വൈകുന്നേരം സ്വകാര്യ അത്താഴത്തില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച ഇരുവരും തമ്മിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും.

Content Summary: Vladimir Putin’s India Visit. Certain actors dislike India’s growing role in international markets

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×