UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങളീ പ്രധാനമന്ത്രിയെ വിശ്വസിച്ചു; നോട്ട് നിക്ഷേപിക്കാന്‍ ‘വൈകി’യതിനെക്കുറിച്ച് യോഗേന്ദ്ര യാദവും പ്രൊഫ. രാംകുമാറും

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നിരിക്കെ ഈ മാസം 20 മുതല്‍ നിക്ഷേപം നടത്തുമ്പോള്‍ എന്തുകൊണ്ട് ഇത്ര ദിവസവും വൈകി എന്നതിന് വിശദീകരണം നല്‍കണമെന്ന റിസര്‍വ് ബാങ്ക് ഉത്തരവിട്ടിരുന്നു

                       

നിരോധിച്ച 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ 5000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിശദീകരണം നല്‍കണമെന്ന റിസര്‍വ് ബാങ്ക് ഉത്തരവിനോട് സ്വരാജ് അഭിയാന്‍ ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവിന്റെ വിശദീകരണം ഇങ്ങനെ- ഞാനീ പ്രധാനമന്ത്രിയെ വിശ്വസിച്ചു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നിരിക്കെയാണ് ഈ മാസം 20 മുതല്‍ നിക്ഷേപം നടത്തുമ്പോള്‍ എന്തുകൊണ്ട് ഇത്ര ദിവസവും വൈകി എന്നതിന് വിശദീകരണം നല്‍കണമെന്ന ഉത്തരവ് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. കേരള ആസൂത്രണ ബോര്‍ഡ് അംഗവും മുംബൈ സ്‌കൂള്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഡീനുമായ പ്രൊഫ. ആര്‍ രാംകുമാറും സമാനമായ വിശദീകരണമാണ് ഇന്നലെ ബാങ്കില്‍ നല്‍കിയത്.

ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കൂടിയായ യോഗേന്ദ്ര യാദവിനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയാണ് പഴയ നോട്ടുകളുമായി ഇന്നലെ ബാങ്കിലെത്തിയത്. “നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിനു ശേഷം താന്‍ ബാങ്കില്‍ നിക്ഷേപമൊന്നും നടത്തിയിട്ടില്ല. പഴയ നോട്ടുകള്‍ മാറ്റിക്കിട്ടാനുള്ള തിരക്ക് അവസാനിച്ച ശേഷം മാത്രം ബാങ്കിലെത്തിയാല്‍ മതിയെന്നു തീരുമാനിച്ചതു കൊണ്ടാണ് വൈകിയത്. പ്രധാനമന്ത്രിയും ധനമന്ത്രിയും റിസര്‍വ് ബാങ്കും ഇക്കാര്യം നിരവധി തവണ വ്യക്തമാക്കിയിരുന്നുവെന്നു. താന്‍ അവരെ വിശ്വസിച്ചു. ഇതല്ലാതെ മറ്റൊരു കാരണവും തനിക്ക് പറയാനില്ലെ”ന്നും യാദവ് തന്റെ വിശദീകരണത്തില്‍ വ്യക്തമാക്കി.

demonitisation4

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ക്കുള്ള ചെറിയ സമ്പാദ്യം എന്തുചെയ്യുമെന്ന് ഭാര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂട്ടേണ്ടെന്നും ഡിസംബര്‍ 30 വരെ സമയമുള്ളതിനാല്‍ സമയയമെടുത്ത് പണം നിക്ഷേപിച്ചാല്‍ മതിയെന്നുമാണ് താന്‍ അവരോട് പറഞ്ഞതെന്നും യാദവ് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി നിയമം മാറ്റുന്നതിലൂടെ ബാങ്കിംഗ് മേഖലയുടെ വിശ്വാസ്യതയാണ് തകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് ജീവനക്കാര്‍ ഇതിനകം തന്നെ ഏറെ അപമാനിക്കപ്പെട്ടു. അവര്‍ക്ക് കൂടുതല്‍ ജോലിഭാരം നല്‍കേണ്ടതില്ല എന്നതുകൊണ്ടു കൂടിയാണ് തങ്ങള്‍ വൈകിച്ചതെന്നും അദ്ദേഹം പറഞ്ഞു. 5000 രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ വിശദീകരണം വേണ്ടി വരില്ലെന്നാണ് ധനമന്ത്രി പറഞ്ഞതെങ്കിലും റിസര്‍വ് ബാങ്ക് ഉത്തരവ് അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ പ്രൊഫ. രാംകുമാറും സമാനമായ വിധത്തില്‍ വിശദീകരണം നല്‍കിയിരുന്നത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയും ധനമന്ത്രിയുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ വാക്ക് മാറ്റി. ഇതല്ലതെ തനിക്ക് മറ്റൊരു വിശദീകരണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റെന്തെങ്കിലും കാരണം വേണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടെങ്കിലും നിലപാട് മാറ്റാന്‍ പ്രൊഫ. രാംകുമാര്‍ തയാറായില്ല.

Share on

മറ്റുവാര്‍ത്തകള്‍