June 04, 2026 |
Share on

‘സ്വന്തം ശരീരത്തിനും ഇനി കോപ്പി റൈറ്റ്’; ഡീപ്ഫേക്കുകൾക്ക് തടയിട്ട് ഡെൻമാർക്ക്

ലോകത്ത് ഇതാദ്യം

ഡെൻമാർക്കിൽ ഇനിമുതൽ സ്വന്തം ശരീരത്തിനും കോപ്പി റൈറ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് വ്യക്തികളുടെ ഡീപ്ഫേക്ക് വീഡിയോകളും ചിത്രങ്ങളും സൃഷ്ടിക്കുന്നത് തടയാനാണ് ഡാനിഷ് സർക്കാർ പകർപ്പവകാശ നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ ശരീരം, മുഖ സവിശേഷതകൾ, ശബ്ദം എന്നിവയ്ക്കുള്ള അവകാശം ദുരൂപയോഗം ചെയ്യപെടുന്നില്ലെന്ന് ഇതിലൂടെ ഉറപ്പാക്കും. ലോകത്ത്  ഇത്തരമൊരു നിയമം ഇതാദ്യമാണ്. ആളുകളുടെ ഐഡന്റിറ്റികളുടെ ഡിജിറ്റൽ അനുകരണങ്ങൾക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്താൻ നിയമം സഹായിക്കുമെന്ന് ഡാനിഷ് സർക്കാർ വ്യക്തമാക്കി. ക്രോസ്-പാർട്ടി കരാർ നേടിയ ശേഷം, നിലവിലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിക്കാനാണ്  സർക്കാർ പദ്ധതിയിടുന്നത്.

എല്ലാവർക്കും താൻ എങ്ങനെ കാണപ്പെടണമെന്നും എങ്ങനെ ശബ്ദിക്കണമെന്നും  തീരുമാനിക്കാനുള്ള  അവകാശമുണ്ടെന്ന ഒരു  വ്യക്തമായ സന്ദേശം  ബിൽ നൽകുമെന്ന് ഡാനിഷ് സാംസ്കാരിക മന്ത്രി ജേക്കബ് ഏംഗൽ-ഷ്മിഡ്റ്റ് പറഞ്ഞു. മനുഷ്യരെ ഡിജിറ്റൽ കോപ്പി മെഷീനിലൂടെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് എംപിമാരിൽ ഒമ്പത് പേരും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.  ഡീപ്ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇപ്പോൾ ശക്തമായ കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ച് ഡിജിറ്റലായി മുഖം/ വോയ്സ് സ്വാപ്പിങ് ചെയ്യാൻ കഴിയും.

സാങ്കൽപിക കോംപിനേഷനുകൾ സൃഷ്ടിക്കുന്നതിനായി വലിയ ഡേറ്റാബേസുകളിൽ നിന്നുള്ള മുഖ സൂചനകൾ, ചുണ്ടുകളുടെ ചലനങ്ങൾ, ടോണുകൾ, ഭാവങ്ങൾ എന്നിവ വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഒട്ടേറെ ഡീപ്ഫേക്കുകൾ സൃഷ്ടിക്കുന്നത് ജനറേറ്റീവ് അഡ്വേഴ്‌സ്റിയൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ്. രണ്ട് ന്യൂറൽ നെറ്റ്‌വർക്കുകൾ മുഖാമുഖം വരുന്നു– ഒന്ന് കെട്ടിച്ചമച്ച ചിത്രങ്ങൾ സൃഷ്ടിക്കുകയും മറ്റൊന്ന് വ്യാജങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും. ഇത് വ്യാജത്തെ, കൂടുതൽ മെച്ചപ്പെടുത്താനാണ്. ഇതിനായി ഒട്ടേറെ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.

ഡാനിഷ് പകർപ്പവകാശ നിയമത്തിലെ മാറ്റങ്ങൾ, അംഗീകരിക്കപ്പെട്ടാൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉടമസ്ഥന്റെ സമ്മതമില്ലാതെ പങ്കിടുന്ന അത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള അവസരം അത് നൽകും. ഒരു കലാകാരന്റെ സമ്മതമില്ലാതെ നടത്തുന്ന ഡിജിറ്റൽ അനുകരണങ്ങളും ഇതിൽ ഉൾപ്പെടും. നിർദ്ദിഷ്ട നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നടപടികളും പിഴയും നേരിടേണ്ടതായി വരും. പുതിയ നിയമങ്ങൾ പാരഡികളെയും ആക്ഷേപഹാസ്യങ്ങളെയും ബാധിക്കില്ലെന്നും അവ തുടർന്നും അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. ഡെൻമാർക്കിന്റെ പാത മറ്റു യൂറോപ്യൻ രാജ്യങ്ങളും മാതൃകയാക്കുമെന്നാണ് ജേക്കബ് ഏംഗൽ-ഷ്മിഡ്റ്റ് പ്രതീക്ഷിക്കുന്നത്. ഡെൻമാർക്കിന്റെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് പദ്ധതികൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. പുതിയ നിയമത്തെ വെല്ലുവിളിക്കുന്ന ടെക് പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ ബില്ല് പണിയാകുമെന്നതിൽ സംശയമില്ല.

content summary: Denmark giving people copyright to their own features

 

Leave a Reply

Your email address will not be published. Required fields are marked *

×