June 26, 2026 |

കോഴി വളർത്തൽ പ്രതിസന്ധിയിൽ; സ്വയംപര്യാപ്തതാ സ്വപ്നങ്ങൾക്ക് തടയിട്ട് നിയമക്കുരുക്കുകൾ

കോഴി വളർത്തലിനെ കൃഷി വകുപ്പിനു കീഴിൽ ഉൾപ്പെടുത്താത്തതാണ് പ്രധാന പ്രശ്നം

രണ്ടര മൂന്ന് വർഷമായി കോഴി വളർത്തൽ മേഖലയിൽ സജീവമാണ് കണ്ണൂർ ജില്ലയിലെ അനീഷ്. ദിവസത്തിന്റെ ഭൂരിഭാഗവും ചെലവിടുന്നത് കോഴിഫാമിൽ തന്നെ. 4000 കോഴികളുമായി തുടങ്ങിയ ഫാം വിപുലീകരിച്ച് ഇന്ന് 10,000 കോഴികളെ ഉൾക്കൊള്ളുന്ന ഒരു വലിയ ഫാം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

“സ്വന്തമായി കോഴികളെ വളർത്തി വിൽക്കുന്നതാണ് എൻ്റെ പ്രധാന വരുമാനം,” അനീഷ് പറഞ്ഞു തുടങ്ങി…

“ഒരു കോഴിക്ക് 8 രൂപയാണ് എനിക്ക് ലഭിക്കുന്നത്. നിലവിൽ ഒരു കിലോ കോഴിക്ക് 110 രൂപയാണ് ഫാം റേറ്റ്, അതുകൊണ്ട് തരക്കേടില്ലാത്ത ലാഭം കിട്ടുന്നുണ്ട്. പക്ഷേ വലിയ ലാഭം എന്നൊന്നും പറയാൻ സാധിക്കില്ല.”

സ്വന്തമായി കോഴികളെ വളർത്തുന്ന കർഷകർക്ക് കോഴിവില 100 രൂപയിൽ താഴെ പോയാൽ വലിയ നഷ്ടമാണ്. കാരണം, ഒരു കിലോ കോഴിക്ക് ഏകദേശം 100 രൂപയോളം ഉൽപ്പാദനച്ചെലവ് വരും. അതുകൊണ്ട് വില 100 രൂപയിൽ താഴെ പോയാൽ അത് കർഷകന് വലിയ നഷ്ടമുണ്ടാക്കും.

അനീഷിനെ പോലെ ഇന്ന് കോഴി വളർത്തൽ മേഖലയിൽ സജീവമായ നിരവധി കർഷകരുടെ ആവേശം കെടുത്തുന്ന വലിയ പ്രശ്നം കോഴിഫാമുകൾക്ക് ലൈസൻസും പെർമിറ്റുകളും ലഭിക്കുന്നതിലെ നൂലാമാലകളുമാണ്.

അനുമതികളുടെ ഭാരം

പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ അനുമതി നിർബന്ധമാണെങ്കിലും, യഥാർത്ഥ പ്രതിസന്ധി ബിൽഡിംഗ് പെർമിറ്റിന്റെ കാര്യത്തിലാണെന്ന് അനീഷ് പറയുന്നു. “സാധാരണ ടൗണിലുള്ള ഒരു വലിയ കെട്ടിടത്തിന് വാങ്ങുന്ന നികുതിയാണ് ഒരു കോഴിഫാമിനും ഈടാക്കുന്നത്. സ്ക്വയർഫീറ്റിന് 100 രൂപ വെച്ച് പഞ്ചായത്തിൽ അടയ്ക്കണം.” 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തൻ്റെ പുതിയ ഫാമിന്, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ബിൽഡിംഗ് പെർമിറ്റ് ഇനത്തിൽ മാത്രം പഞ്ചായത്തിൽ അടയ്‌ക്കേണ്ടി വരുന്നത്. “പെർമിറ്റ് എടുക്കാതെ ഫാം നിർമ്മിച്ചാൽ സ്ക്വയർഫീറ്റിന് 200 രൂപ പിഴ വരും,” അനീഷ് ആശങ്കയോടെ പറയുന്നു.

“പല കോഴി കർഷകർക്കും ഇതിനകം പിഴ അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അപ്പോൾ അടയ്‌ക്കേണ്ട തുകയുടെ ഇരട്ടിയാണ് കൊടുക്കേണ്ടി വരിക.” പൈപ്പ് തൂണുകളും കമ്പിയും പ്ലാസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ ഷെഡുകൾക്ക് പോലും ഇത്രയും വലിയ തുക പെർമിറ്റിനായി അടയ്‌ക്കേണ്ടി വരുന്നത് കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

പെർമിറ്റിന്റെ കടമ്പ കഴിഞ്ഞാൽ പിന്നെ ലൈസൻസിനായുള്ള കഠിനമായ പ്രയാണമാണ്. “ലൈസൻസ് കിട്ടാൻ ബാത്റൂം നിർബന്ധമാണെന്നാണ് അധികൃതർ പറയുന്നത്,” അത് പറയുമ്പോൾ ഒരു നിസ്സഹായത നിറഞ്ഞ ചിരി ആ മുഖത്ത് കാണാമായിരുന്നു. “സ്ക്വയർഫീറ്റ് കണക്കനുസരിച്ചായിരിക്കും ബാത്റൂമിൻ്റെ നിർമ്മാണവും വരുന്നത്. ഈ നിബന്ധനകളെല്ലാം കേരളത്തിലെ കോഴി കർഷകർക്ക് ഒരു ബാധ്യതയാണ്.

” മറ്റ് സംസ്ഥാനങ്ങളിൽ കോഴിഫാം തുടങ്ങാൻ സർക്കാർ പലവിധ സഹായങ്ങളും നൽകുമ്പോൾ, കേരളത്തിൽ നേരെ തിരിച്ചാണ് സ്ഥിതി. “അതുകൊണ്ട് അവിടങ്ങളിൽ കോഴിഫാമുകൾ ധാരാളമായി വളരുന്നു. ഇവിടെ ഞങ്ങൾക്ക് ഫാമുകൾ അടച്ചുപോകേണ്ട അവസ്ഥയാണ്, അനീഷ് കൂട്ടിച്ചേർത്തു. കോഴി വളർത്തലുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിരവധി വിധികൾ അടുത്തിടെ കർണാടക ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു”. ബാങ്ക് വായ്പയുടെ കാര്യത്തിലും അനീഷിന് സമാനമായ അനുഭവമാണ് പങ്കിടാനുണ്ടായിരുന്നത്.

“പശു ഫാമുകൾക്ക് ലോൺ നൽകാൻ ബാങ്കുകൾക്ക് താൽപ്പര്യമുണ്ട്, പക്ഷേ കോഴിഫാമിന് ലോൺ ലഭിക്കില്ല,” അനീഷ് പറയുന്നു. “കോഴികളെ ഇൻഷുർ ചെയ്യാൻ സാധിക്കില്ല എന്നതാണ് അവർ പറയുന്ന പ്രധാന കാരണം. അതുകൊണ്ട് ലോൺ തരാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നു.” നിലവിൽ സ്ഥലത്തിൻ്റെയും വീടിൻ്റെയുമെല്ലാം രേഖകൾ ബാങ്കിൽ പണയം വെച്ച് സി.സി.എൽ. ലോണുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്.

“കെ.എസ്.ഇ.ബി. അധികൃതർ വന്ന് ഫാം ആണെന്ന് ബോധ്യപ്പെട്ടാൽ F5B എന്ന കണക്ഷൻ തരും,” അനീഷ് പറയുന്നു. “അതിന് താരിഫ് കുറവാണ്, കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്ന് സഹായമുണ്ട്.” എന്നാൽ കെ.എസ്.ഇ.ബി.യുടെ ആനുകൂല്യം ലഭിക്കണമെങ്കിൽ പോലും ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങളാണ് പ്രധാനമായും വരുന്നത്. പഞ്ചായത്ത് ഫീസും പൊല്യൂഷൻ കൺട്രോൾ ബോർഡ് ഫീസും അടയ്ക്കുന്നതാണ് ഇപ്പോഴും വലിയ വെല്ലുവിളി. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് കത്തുകൾ അയച്ചിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. “ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാകുകയാണെങ്കിൽ അത് ഒരുപാട് കോഴി കർഷകർക്ക് ഗുണകരമാകുമായിരുന്നു,”

കേരളത്തിലെ കോഴി വളർത്തൽ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോഴി വളർത്തലിനെ കൃഷി വകുപ്പിനു കീഴിൽ ഉൾപ്പെടുത്താത്തതാണ് പ്രധാന പ്രശ്നം. ഇത് ചെറുകിട കർഷകർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതകളും നിയമപരമായ നൂലാമാലകളും സൃഷ്ടിക്കുന്നു.

കോഴി വളർത്തുന്ന ഷെഡുകളെ കെട്ടിട നികുതിയുടെ പരിധിയിൽ കൊണ്ടുവരികയും ചിലപ്പോൾ ആഡംബര നികുതി പോലും ചുമത്തുകയും ചെയ്യുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഷെഡുകൾക്ക് പ്രത്യേക വിഭാഗം ഇല്ലാത്തതുകൊണ്ട് അവയെ കെട്ടിട നികുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 500 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള ഷെഡുകൾക്കെല്ലാം വൺടൈം നികുതി നൽകണം. ഇത് ചെറുകിട കർഷകർക്ക് വലിയ തിരിച്ചടിയാണ്.

‘പടക്ക നിർമ്മാണ ശാലകൾക്ക് എന്തൊക്കെയാണോ നിയമം അനുശാസിക്കുന്നത്, അതേ മാനദണ്ഡങ്ങൾ ഒരു കോഴി ഫാമിനും ബാധകമാണ്. ഫയർ എൻജിന് പോകാനുള്ള സംവിധാനം വേണമെന്ന വ്യവസ്ഥ പലർക്കും ലൈസൻസ് എടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫയർ & സേഫ്റ്റി, ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി ലഭിച്ചാലേ ലൈസൻസ് എടുക്കാൻ സാധിക്കുകയുള്ളു. ഈ അനുമതികളെല്ലാം ഏക ജാലക സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ലൈസൻസില്ലാത്ത ഫാമുകൾക്ക് പതിനായിരം രൂപ പിഴ ചുമത്തുന്നുണ്ട്’ കേരളത്തിലെ പൗൾട്രി മേഖലയിലെ കണക്കെടുപ്പിനായി സർക്കാർ നിയോഗിച്ച കമ്മിറ്റി അംഗം കൂടിയാണ് കേരള പൗൾട്രി ഫാർമേഴ്‌സ്‌ അസോസിയേഷൻ ജനൽ സെക്രട്ടറി കാദറലി വറ്റലൂർ പറയുന്നു. വകുപ്പ് തല മന്ത്രിമാരെയും ഉന്നതരെയുമടക്കം നേരിട്ട് കണ്ട് നിവേദനം നൽകിയതായും കാദറലി കൂട്ടിച്ചേർത്തു.

കോഴി വളർത്തൽ സാധ്യതകളെ തടയിടുന്ന സർക്കാർ നിയമ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. അതേ സമയം, അത്തരമൊരു അപേക്ഷയും തങ്ങൾക്ക് മുന്നിൽ എത്തിയിട്ടില്ലെന്നാണ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അഴിമുഖത്തോട് പ്രതികരിച്ചത്.

”നിലവിൽ കോഴി വളർത്തൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് ഉള്ളത്. അതിന്റെ വകുപ്പ് മന്ത്രി ചിഞ്ചു റാണിയാണ്. അത്തരമൊരു അപേക്ഷ നിലവിൽ ഞങ്ങൾക്ക് മുൻപിൽ എത്തിയിട്ടില്ല. അടുത്ത കാലത്ത് ആരെങ്കിലും നിവേദനം നല്കിയിരുന്നോ എന്ന് അറിവില്ല. നിർദേശങ്ങൾ പലയിടത്തും വന്നിട്ടുണ്ടാകും സർക്കാർ ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല” എന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഇത്തരം സംവിധാനങ്ങളുടെ ലൈസൻസ് നൽകുന്നതിന്റെ ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ വകുപ്പിന്റേതാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി പറയുന്നത്.

കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോഴി വളർത്തലിനെ കൃഷി വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര സർക്കാരും ഇത് കൃഷി വകുപ്പിൻ്റെ കീഴിലാണ് കൊണ്ടുവന്നിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിലെ സർക്കാരുകൾ കോഴി കർഷകർക്ക് നിരവധി വായ്പാ ആനുകൂല്യങ്ങളും മറ്റ് സഹായങ്ങളും നൽകുന്നുണ്ട്. ഇത് അവിടങ്ങളിൽ കോഴി ഫാമുകൾ ധാരാളമായി വളരാൻ കാരണമാകുന്നു. എന്നാൽ കേരളത്തിൽ കോഴി വളർത്തലിനെ കൃഷി വകുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. ഷെഡ് നിർമ്മാണം വ്യവസായ വകുപ്പിൻ്റെ കീഴിലും, കോഴി വളർത്തൽ മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം കർഷകർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

“എട്ട് വർഷം മുൻപ് ഏകദേശം മൂന്ന് ലക്ഷത്തോളം ഫാമുകൾ കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പിൽ അതിൽ ഏകദേശം ഒരു ലക്ഷത്തോളം ഫാമുകൾ അടഞ്ഞുകിടക്കുകയാണ്,” അദ്ദേഹം പറയുന്നു. കോഴിഫാം നടത്തുന്നവർക്ക് വ്യക്തിപരമായി വിദ്വേഷം ഉണ്ടായാൽ പോലും ആളുകൾ പരാതി നൽകുകയും, കൃഷി വകുപ്പിന്റെ കീഴിലല്ലാത്തതുകൊണ്ട് വ്യവസായ വകുപ്പ് ഇടപെട്ട് പെട്ടെന്ന് പൂട്ടിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

വകുപ്പ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അടക്കം കണ്ടിട്ടും കാര്യങ്ങൾ “പരിശോധിക്കുന്നുണ്ട്” എന്ന മറുപടിയിൽ കവിഞ്ഞ് ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാദറലി വറ്റലൂർ പറയുന്നു. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് മാർച്ചുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കർഷകരെന്നും അദ്ദേഹം വ്യക്തമാക്കി.

content summary: Poultry farming in crisis, as legal complications obstruct dreams of self-sufficiency

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×