June 26, 2026 |
Share on

ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരമ്പര; രഹസ്യമൊഴി പൊലീസ് ചോർത്തിയോ?

സംരക്ഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് ശുചീകരണ തൊഴിലാളി

ഇന്ത്യയെ ഞെട്ടിച്ച ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരമ്പരയെക്കുറിച്ച് വെളിപ്പെടുത്തിയ ശുചീകരണ തൊഴിലാളിക്ക് കർണാടക പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് പരാതി. 1998നും 2014നുമിടയിൽ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ ബലാത്സം​​ഗത്തിനിരയായ നിരവധി സ്ത്രീകളുടെ മൃതദേഹം അനധികൃതമായി കുഴിച്ചിടാൻ നിർബന്ധിതനായെന്ന തന്റെ രഹസ്യമൊഴി പോലീസ് ചോർത്തിയെന്നാരോപിച്ച് ശുചീകരണ തൊഴിലാളി ചീഫ് ജസ്റ്റിസിന് കത്തയച്ചതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അന്വേഷണ സംഘത്തിന് നൽകിയ രഹസ്യമൊഴി ചോർന്നതെങ്ങനെയെന്ന് ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും കേസിൽ മാപ്പുസാക്ഷിയായ തൊഴിലാളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര, തുടങ്ങിയവർക്കാണ് മൂന്ന് പേജുള്ള കത്തിന്റെ പകർപ്പ് അയച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ജൂലൈ 14 ന് താൻ പോലീസിന് നൽകിയ രഹസ്യ പ്രസ്താവനയിലെ വിശദാംശങ്ങൾ യൂട്യൂബിൽ വന്നുവെന്നും അന്വേഷണസംഘത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് ഈ വിവരങ്ങൾ ലഭിച്ചതായി മറ്റൊരാൾ അറിയിച്ചെന്നും കത്തിൽ പരാതിക്കാരൻ പറയുന്നു.
ഇതിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോ താൻ നൽകിയ വിവരങ്ങളെക്കുറിച്ച് അറിയാവുന്ന പൊലീസിലെ മറ്റുള്ളവരോ ആണ് ഇതിന് ഉത്തരവാദികളെന്നും വിവരം ചോർന്നത് അന്വേഷണത്തിന്റെ സമഗ്രതയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, ശുചീകരണ തൊഴിലാളി നൽകിയ വിവരങ്ങളെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ 11 മണിക്കൂറിലധികം പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നിട്ടും ചോർച്ചയുടെ ഉറവിടം അന്വേഷിക്കാൻ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല, തുടക്കത്തിൽ തനിക്ക് നൽകിയിരുന്ന സംരക്ഷണം പിൻവലിക്കാനുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും തൊഴിലാളി പറഞ്ഞു.
രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനൊപ്പം തന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയതും കൂടുതൽ വിവരങ്ങൾ നൽകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുകയാണ്. ഇതിൽ ജുഡീഷ്യൽ, എക്സിക്യൂട്ടീവ് അധികാരികളുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്, പരാതിക്കാരൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയുള്ളതിനാൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരൻ കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥലം ഉടൻ വെളിപ്പെടുത്തണമെന്ന് പൊലീസ് തന്നോട് നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിയിലുണ്ട്. തന്റെയൊപ്പം പൊലീസ് വന്നാൽ സ്ഥലങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞതായി അറിച്ചിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.

1995 മുതൽ 2014 വരെ നേത്രാവതി നദിയുടെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. 1998 മുതലാണ് അവിടെ വസ്ത്രമില്ലാത്ത സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം അവർ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് വിവരം സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു. എന്നാൽ സൂപ്പർവൈസർ ഇയാളെ മർദിക്കുകയും മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തതായി യുവാവ് വെളിപ്പെടുത്തിയിരുന്നു.

Content Summary: Dharmasthala burial case; Whistleblower seeks safety in letter to Chief Justice

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×