April 20, 2025 |
Share on

കൈ കൊടുക്കാതെ മക്രോണ്‍ മോദിയെ ഒഴിവാക്കിയോ?

പാരീസ് ഉച്ചകോടിയിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കാതെ ഒഴിഞ്ഞു മാറിയോ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നൊരു വീഡിയോ ദൃശ്യമാണ് ഇത്തരമൊരു ചോദ്യത്തിന് കാരണം. ചൊവ്വാഴ്ച്ച പാരീസില്‍ നടന്ന എ ഐ ഉച്ചകോടിക്ക് ഇടയില്‍ നടന്ന ‘` കൈകൊടുക്കല്‍’ ആണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ഓരോരുത്തരെയായി ആതിഥേയ രാഷ്ട്രത്തിന്റെ തലവന്‍ ഹസ്തദാനം ചെയ്തു പോവുകയാണ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ മനപൂര്‍വം ഒഴിവാക്കുന്നതുപോലെയാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. ‘ എന്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മോദിക്ക് ഹസ്താദനം നടത്തിയില്ല’ എന്ന ചോദ്യമോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുമുണ്ട്.

ഫ്രഞ്ച് പ്രസിഡന്റിന് നേരേ ഇന്ത്യന്‍ പ്രധാനമന്ത്രി കൈ നീട്ടുന്നുണ്ടെങ്കിലും, അദ്ദേഹത്തെ അവഗണിക്കുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് മക്രോണ്‍ മറ്റുള്ളവരോട് ഉപചാര മര്യാദ കാണിച്ചു മുന്നോട്ടു നീങ്ങുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം മാക്രോണ്‍ സന്തോഷം പങ്കിടുന്നതും ആശംസകള്‍ കൈമാറുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? ഒരു വിഭാഗം പറയുന്നത്, രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്‌നമാണ് കണ്ടതെന്നാണ്. എന്നാല്‍ മറ്റൊരു അഭിപ്രായം, അതൊരിക്കലും മനഃപൂര്‍വമായ ഒഴിവാക്കല്‍ അല്ലെന്നാണ്.

ഈ വീഡിയോ എന്തായാലും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, അതിന് നല്‍കുന്ന വ്യാഖ്യാനങ്ങള്‍ ശരിയാതാണോ എന്നു സംശയമുണ്ട്. മോദിയും മക്രോണും നേരത്തെ തന്നെ കൂടിക്കണ്ട് ഹസ്ദാനം നടത്തിയിരുന്നുവെന്നാണ് പറയുന്നത്. അതിനുശേഷമാണ് ഇരുവരും മറ്റ് നേതാക്കള്‍ ഇരിക്കുന്ന വേദിയിലേക്ക് എത്തിയത്. മോദിയുമായി നേരത്തെ തന്നെ കൂടിക്കണ്ടതുകൊണ്ടാണ് വേദിയില്‍ വച്ച് മറ്റ് നേതാക്കളെ അഭിവാദ്യം ചെയ്യാന്‍ മക്രോണ്‍ ശ്രമിച്ചതെന്നും, അല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരുതരത്തിലും ഒഴിവാക്കിയതല്ലെന്നുമാണ് വിശദീകരണം.

തിങ്കളാഴ്ച്ച തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി ഫ്രാന്‍സില്‍ എത്തിയിരുന്നു. അതിനു ശേഷം മക്രോണുമായി ഒന്നിലധികം തവണ അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും പറയുന്നു. മോദിക്കും മറ്റ് ലോക നേതാക്കള്‍ക്കുമായി മക്രോണ്‍ ഒരു സ്വാഗത വിരുന്ന് ഒരുക്കിയിരുന്നു, ഈ സമയത്ത് ഇരുവരും തങ്ങള്‍ക്കിടയിലെ ഊഷ്മളമായ ബന്ധം പ്രകടിപ്പിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയ്യുകയും ഹൃസ്വ സംഭാഷണം നടത്തുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇരുവര്‍ക്കുമിടയില്‍ പിരിമുറുക്കം നിലനില്‍ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കാന്‍ വിരുന്നിനിടയിലെ ഇടപെടല്‍ മാത്രം മതിയെന്നും വിശദീകരണമുണ്ട്. ചൊവ്വാഴ്ച്ച വൈകുന്നേരം ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുമെന്നും വിവരമുണ്ട്. അതിനുശേഷം മോദി ഫ്രാന്‍സില്‍ നിന്നും യു എസിലേക്ക് പോകും.  French President Emmanuel Macron avoid shaking hands with PM-Modi, what is the truth?

Content Summary; French President Emmanuel Macron avoid shaking hands with PM Modi, what is the truth?

Leave a Reply

Your email address will not be published. Required fields are marked *

×