വെനസ്വേലന്‍ തീരത്ത് വെച്ച് ഉപരോധങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഒരു ഓയില്‍ ടാങ്കര്‍ അമേരിക്ക പിടിച്ചെടുത്തത് നിക്കോളാസ് മഡുറോ ഭരണകൂടത്തിനെതിരായ ശക്തമായ നീക്കമായി വിലയിരുത്തപ്പെടുന്നു. വെനസ്വേലന്‍ പ്രസിഡന്റിനുമേല്‍ ട്രംപ് ഭരണകൂടം ചെലുത്തുക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം കൂടുതല്‍ കടക്കുമെന്നാണ് ഈ പ്രവര്‍ത്തി വെളിപ്പെടുത്തുന്നത്.
സ്‌കിപ്പര്‍ എന്ന് പേരുള്ള ടാങ്കറാണ് വെനസ്വേലന്‍ തീരത്ത് വെച്ച് യുഎസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്, പിടിച്ചെടുത്ത കപ്പല്‍ അമേരിക്കന്‍ തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നാണ്. ടാങ്കറിലെ എണ്ണ നിയമപരമായി തന്നെ പിടിച്ചെടുക്കുമെന്നും അവര്‍ പറയുന്നുണ്ട്. ട്രംപിന്റെ ഉപരോധ നയങ്ങള്‍ നടപ്പിലാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം നിലനില്‍ക്കുന്ന കപ്പലുകള്‍ കരിഞ്ചന്തയിലെ എണ്ണയുമായി സഞ്ചരിക്കുന്നത് യുഎസ് നോക്കിനില്‍ക്കില്ലെന്നും, ഇനിയും ഇത്തരത്തില്‍ പിടിച്ചെടുക്കല്‍ ഉണ്ടാകുമെന്നും ലീവിറ്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തത് മഡുറോയ്ക്കെതിരായ യു.എസ്. സമ്മര്‍ദ്ദത്തിന്റെ ഭാഗമാണോ എന്ന ചോദ്യത്തിന്, പ്രസ് സെക്രട്ടറിയുടെ മറുപടി, എണ്ണ ടാങ്കര്‍ പിടിച്ചെടുത്തത് ഉപരോധ നയങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമാണ് എന്നായിരുന്നു. നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനു പ്രസിഡന്റ്് താല്‍പര്യപ്പെടുന്നില്ലെന്നും ലീവിറ്റ് പറഞ്ഞു.
വെനസ്വേലന്‍ തീരത്ത് കൂടുതല്‍ ഓയില്‍ ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ യു.എസ്. ഒരുങ്ങുകയാണെന്ന് അജ്ഞാത വാര്‍ത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ലീവിറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു; ‘നിയമപരമായി ഉപരോധിക്കപ്പെട്ട കപ്പലുകള്‍ കരിഞ്ചന്ത എണ്ണയുമായി കടലിലൂടെ സഞ്ചരിക്കുന്നത് ഞങ്ങള്‍ നോക്കിനില്‍ക്കില്ല. അതിന്റെ വരുമാനം ലോകമെമ്പാടുമുള്ള നിയമവിരുദ്ധവും ഭരണകൂടവിരുദ്ധവുമായ ഭീകരവാദികളെയും മയക്കുമരുന്ന് മാഫിയകളെയും പോഷിപ്പിക്കാന്‍ ഉപയോഗിക്കും.’
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ചെയ്തിക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ ഈ നീക്കത്തെ അപലപിക്കുകയാണ് ചെയ്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒരംഗവും ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്തതിനെ വിമര്‍ശിച്ചു. വെനസ്വേലയുമായുള്ള യുദ്ധത്തിലേക്ക് രാജ്യത്തെ കൊണ്ടു പോവുകയാണ് ട്രംപ് ചെയ്യുന്നതെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്.
അമേരിക്കയുടെ നടപടിക്കെതിരേ മഡുറോ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത നടപടി കടല്‍ക്കൊള്ളയാണെന്നാണ് കുറ്റപ്പെടുത്തിയത്. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും പ്രകൃതി വിഭവങ്ങളും പൂര്‍ണമായ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുമെന്നും മഡുറോ വെല്ലുവിളി നടത്തിയിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ നടപടിക്ക് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുടിന്‍ വ്യാഴാഴ്ച മഡുറോയെ വിളിച്ച് പിന്തുണ അറിയിച്ചു. സ്ഥാനമൊഴിയാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് പുറമെയും മഡുറോയ്ക്കു മേല്‍ സമ്മര്‍ദ്ദം മുറുകുമ്പോഴാണ് നിലവിലെ വെനസ്വേലന്‍ സര്‍ക്കാരിനുള്ള റഷ്യയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നത്.
വെനിസ്വേലന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കരീബിയന്‍ കടലിലില്‍ നിന്നുള്ള എണ്ണ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ഊര്‍ജ്ജ സഹകരണം കെട്ടിപ്പടുക്കുന്നത് തുടരാനുമാണ് പുടിന്‍ മഡുറോയെ വിളിച്ചതെന്നാണു ക്രെംലിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
വെനസ്വേലയുടെ അയല്‍ക്കാര്‍ മറുഡോയുടെ സ്ഥാനമൊഴിയല്‍ കൂടുതല്‍ പ്രതിസന്ധിയില്‍ നിന്നും തെക്കനമേരിക്കയെ സംരക്ഷിക്കുമെന്ന സൂചന നല്‍കുകയാണ്. വ്യാഴാഴ്ച ഒരു റേഡിയോ അഭിമുഖത്തില്‍, കൊളംബിയയുടെ വിദേശകാര്യ മന്ത്രി റോസ വില്ലാവിസെന്‍സിയോ പറഞ്ഞത്, ആവശ്യമെങ്കില്‍ മഡുറോക്ക് അഭയം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന സൂചന നല്‍കിയിരുന്നു.
കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ ബുധനാഴ്ച നടത്തിയ പരസ്യ പ്രസ്താവനയെ തുടര്‍ന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണവും. പെട്രോ പറഞ്ഞത്, എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പൊതുമാപ്പിനും ഒരു പരിവര്‍ത്തന സര്‍ക്കാരിനും സമയമായിരിക്കുന്നു എന്നായിരുന്നു. വെനസ്വേലയിലേക്കുള്ള ‘വിദേശികളുടെ കടന്നുകയറ്റത്തെ’ താന്‍ എതിര്‍ക്കുന്നു എന്നുകൂടി, യു.എസിനെ തള്ളി പെട്രോ കൂട്ടിച്ചേര്‍ത്തിരുന്നു.
ബ്രസീലിലെ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സില്‍വയുടെ ഒരു ഉന്നത ഉപദേഷ്ടാവ് സെല്‍സോ അമോറിം ഗാര്‍ഡിയനോട് സംസാരിച്ചാല്‍ നല്‍കിയ സൂചന, മഡുറോയ്ക്ക് അഭയം നല്‍കേണ്ട സാഹചര്യം വന്നാല്‍ തങ്ങള്‍ അതിന് തയ്യാറാകുമെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതലായി സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല.
നോബല്‍ സമാധാന സമ്മാനം സ്വീകരിച്ച ശേഷം വ്യാഴാഴ്ച ഓസ്ലോയില്‍ സംസാരിക്കവേ, മരിയ കൊറിന മച്ചാഡോ ആവശ്യപ്പെട്ടത്, മഡുറോ സ്ഥാനമൊഴിയണമെന്നാണ്. വെനസ്വേല വിടുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് രാജ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ മച്ചാഡോ പറയുന്നത്. മഡുറോ ഉടന്‍ തന്നെ അധികാരത്തില്‍ നിന്നും പുറത്താകുമെന്നും അവര്‍ പ്രവചിക്കുന്നു.
എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി അധികാരത്തിലിരിക്കുന്ന മഡുറോ ഒരു കീഴടങ്ങലിന് ഇപ്പോഴും താന്‍ തയ്യാറല്ലെന്നാണ് പറയുന്നത്. ബുധനാഴ്ച നടന്ന ഒരു റാലിയില്‍ അദ്ദേഹം തന്റെ അനുയായികളോട് നടത്തിയ ആഹ്വാനം, ആവശ്യമെങ്കില്‍ ‘വടക്കേ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ പല്ലുകള്‍ തകര്‍ക്കാന്‍’ തയ്യാറായിരിക്കാനാണ്. താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നു വ്യക്തമാക്കാനെന്നോണം റാലിയില്‍ ബോബി മക്‌ഫെറിന്‍ ഗാനമായ ‘ഡോണ്ട് വറി ബീ ഹാപ്പി’യുടെ താളത്തിനൊത്ത് മഡുറോ നൃത്തം ചെയ്യുകയും ചെയ്തു.
Content Summary; Diplomatic pressure grows on Nicolás Maduro after US seizes ‘dark fleet’ tanker off coast of Venezuela
This post was last modified on December 12, 2025 4:46 pm
Leave a Comment