February 17, 2025 |

പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ വധ ഭീഷണി; യുപി ബിജെപി രാഷ്ട്രീയം കൂടുതല്‍ പുകയുന്നു

യോഗിക്കെതിരേ പരാതിയുമായി ബിജെപി എംഎല്‍എമാര്‍

ഉത്തർപ്രദേശിൽ ബിജെപിയിൽ അസ്വാരസ്യങ്ങൾ വളരുന്നതിന്റെ കൂടുതൽ സൂചനകൾ പുറത്തുവരുന്നു. ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ രാഷ്ട്രീയ കോട്ടയായ ഗോരഖ്പൂരിൽ നിന്നാണ് പ്രശ്നങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ ഉത്തർപ്രദേശിലെ ഒരു ജില്ലയിൽ നിന്നുള്ള രണ്ട് ഭരണകക്ഷി അംഗങ്ങൾക്ക് വധഭീഷണി ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരും പോലീസും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള ആദിത്യനാഥാണ് സംസ്ഥാനത്തിൻ്റെ ക്രമസമാധാനവും കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരായ വിമതനീക്കത്തിന് ഉപമുഖ്യമന്ത്രി തന്നെ ചുക്കാൻ പിടിക്കുന്ന സാഹചര്യത്തിൽ പുതിയ വിവാദങ്ങൾ യോഗിയെ വെട്ടിലാക്കാൻ പോന്നതാണ്.Disaffection Grows in Yogi’s UP

എംഎൽഎമാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് പരസ്യമായി ആശങ്ക ഉന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുണ്ട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരുന്നതിന് പിന്നാലെ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാണ്. കൂടാതെ നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉൾപാർട്ടി പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുകയാണ് രണ്ട് എംഎൽഎമാരും സർക്കാരും ഉൾപ്പെട്ട ഈ പുതിയ വിവാദം. കാംപിയർഗഞ്ചിൽ നിന്നുള്ള എംഎൽഎ ഫത്തേ ബഹാദൂർ സിംഗ് അടുത്തിടെ സുരക്ഷാ വീഴ്ച ആരോപിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. ഗോരഖ്പൂർ പോലീസ് തനിക്ക് നേരെ വന്ന വധഭീഷണിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് ആദിത്യനാഥിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സിങ് കത്തയച്ചു. വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത്.

ഏഴ് തവണ എംഎൽഎയും മുൻ മന്ത്രിയുമായ സിംഗ് മുൻ യുപി മുഖ്യമന്ത്രി വീർ ബഹാദൂർ സിങ്ങിൻ്റെ മകനാണ്. ബിജെപി ജില്ലാ കൗൺസിൽ അംഗത്തിൻ്റെ മകനായ ബജെപി പ്രവർത്തകൻ തന്നെ കൊലപ്പെടുത്താൻ കൊലയാളിയെ വാടകയ്‌ക്കെടുക്കാൻ അഞ്ച് കോടി രൂപ പിരിച്ചെടുത്തതായി സിങ് അവകാശപ്പെടുന്നുണ്ട്. തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായുള്ള ഒത്തുകളി കാരണമാണ് തൻ്റെ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തതെന്ന് സിംഗ് ആരോപിച്ചു. സിംഗ് ആരോപണം ഉയർത്തുന്നത് രാജീവ് രഞ്ജൻ ചൗധരി എന്ന വ്യക്തിയെ കുറിച്ചാണ്. ഇയാളുടെ അമ്മ സരോജ് ദേവി ഗോരഖ്പൂരിലെ വാർഡ് 15 ൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. സിംഗിൻ്റെ ആരോപണങ്ങൾ രഞ്ജൻ ചൗധരി തള്ളിക്കളഞ്ഞു, തനിക്കെതിരെ കള്ളക്കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നത് എംഎൽഎയാണെന്ന് രഞ്ജൻ തിരിച്ച് ആരോപിച്ചു.

” ആദിത്യനാഥ് ചുമതലയേൽക്കുന്നതിന് മുമ്പ്, ക്യാമ്പിയർഗഞ്ചിലെ ആയിരക്കണക്കിന് ആളുകൾക്കെതിരെ എംഎൽഎ കള്ളക്കേസുകൾ ചുമത്തും. അദ്ദേഹം ഇന്നും അത് തന്നെയാണ് ശ്രമിക്കുന്നത്, എന്നാൽ സർക്കാരും ഭരണവും കർശനമായതിനാൽ, അദ്ദേഹത്തിൻ്റെ ഇത്തരം പ്രവൃത്തികൾ വില പോകുന്നില്ല,” ചൗധരി പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്ന് ബിജെപി നേതാവ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രസ്താവനയിൽ ആദിത്യനാഥിനോട് അഭ്യർത്ഥിച്ചു. ഗൂഢാലോചനയെക്കുറിച്ചുള്ള സിങ്ങിൻ്റെ ആരോപണങ്ങൾ കെട്ടിച്ചമച്ച കഥയാണെന്ന് ചൗധരി പറയുന്നു.

സിങ്ങിൻ്റെ പരാതി ലഭിച്ചയുടനെ, വിഷയം അന്വേഷിക്കാൻ ഒന്നിലധികം പോലീസ് ഏജൻസികളുമായി ഒരു പ്രത്യേക സംഘം രൂപീകരിച്ചതായി ഗോരഖ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നതിനും സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷണത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാന പോലീസിൻ്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെപ്പോലും രംഗത്തിറക്കിയിട്ടുണ്ടെന്നും ഗ്രോവർ പറഞ്ഞു. അദ്ദേഹത്തിന് വൈ-പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിൻ്റെ സംരക്ഷണത്തിനായി 11 പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നും ഗ്രോവർ പറഞ്ഞു.

സിംഗ്-ചൗധരി തർക്കം ആരംഭിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു എംഎൽഎയായ സർവൻ കുമാർ നിഷാദും വധഭീഷണി ഉണ്ടെന്ന് കാണിച്ച് രംഗത്തെത്തിയിരുന്നു. ചൗരി ചൗരയെ പ്രതിനിധീകരിക്കുന്ന നിഷാദ്, ബിജെപിയുടെ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെ അധ്യക്ഷൻ സഞ്ജയ് നിഷാദിൻ്റെ മകനാണ്. അദ്ദേഹം പറയുന്നതനുസരിച്ച് ജയിലിൽ കഴിയുന്ന ഒരാളിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായതിനെ തുടർന്നാണ് പോലീസ് സുരക്ഷ അനുവദിച്ചത്. എന്നാൽ ഭരണകൂടം സുരക്ഷാ ജീവനക്കാരനെ ഏകപക്ഷീയമായി നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിക്കുന്നു. “നിഷാദ് സമുദായത്തിലെ നിരവധി നേതാക്കൾ ബിഹാറിലും ഇവിടെയും ആയി കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരും ഭരണകൂടവും എൻ്റെ സുരക്ഷ എടുത്തുകളയുകയും ഏകപക്ഷീയമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നത്.

ജില്ലാ ഭരണകൂടം എനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്,’ നിഷാദ് പറഞ്ഞു. ബിജെപി പ്രാദേശിക നേതാവ് ദീപക് കുമാർ ജയ്‌സ്വാളിനെ ചൗരി ചൗര പൊലീസ് മർദിച്ചതിനെയും നിഷാദ് അപലപിച്ചു. ബിജെപിയുടെ ഒബിസി മോർച്ചയുടെ സംസ്ഥാന നിർവാഹക സമിതി അംഗമാണ് ജയ്‌സ്വാൾ. ഇയാളുടെ ഭാര്യ ചൗരി ചൗരയിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്.പോലീസ് തൻ്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി തൻ്റെ സമ്മതമില്ലാതെ ഫോട്ടോയെടുക്കുകയും തന്നെ “ക്രിമിനൽ” എന്ന് വിളിക്കുകയും ചെയ്തുവെന്ന് ജയ്‌സ്വാൾ ആരോപിക്കുന്നു.

Content summary; Disaffection Grows in Yogi’s UP as Two BJP MLAs from Gorakhpur Allege Threat to Their LivesDisaffection Grows in Yogi’s UP

×