കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി.എസ്. സുജിത്തിനെതിരെ നടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് സേനയിലെ അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ ദൃശ്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധവും ക്രിമിനല്‍ സ്വഭാവമുള്ളതുമായ കുറ്റകൃത്യം ചെയ്‌തെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തി. ഇതിന് മുമ്പും ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, തെളിവ് സഹിതം ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്. പൊതുജനത്തോടുള്ള പോലീസിന്റെ പെരുമാറ്റരീതികളെ കുറിച്ചും പോലീസ് സേനയിലെ പോരായ്മകളെ കുറിച്ചും മുന്‍ എസ്.പി സുഭാഷ് ബാബു അഴിമുഖത്തോട് പ്രതികരിക്കുന്നു.
നിയമവും പോലീസും
പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലകളും പൗരാവകാശങ്ങളും പോലീസ് ആക്ടിലെ 32, 33 വകുപ്പുകള്‍ പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു വ്യക്തിയെ മര്‍ദിക്കാനോ മോശമായി പെരുമാറാനോ അധികാരമില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍, അതിനുള്ള കാരണം വ്യക്തമാക്കാന്‍ അവര്‍ക്ക് നിയമപരമായി ബാധ്യതയുണ്ട്.
കൂടാതെ, ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന സമയത്ത് അതിന്റെ ഓഡിയോ/വീഡിയോ ദൃശ്യങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാനും പോലീസിന് ചുമതലയുണ്ട്. തങ്ങളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ സ്വയം ന്യായീകരിക്കാന്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കാമെന്നും പോലീസ് ആക്ടിലെ 33-ാം വകുപ്പ് പറയുന്നു.
പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഓഡിയോ/വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ പൊതുജനങ്ങളെ തടയാന്‍ പാടില്ലെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതിനാല്‍, പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിയമപരമായി യാതൊരു തടസ്സവുമില്ല.
പോലീസ് ആക്ടിലെ 4, 29 വകുപ്പുകള്‍ പോലീസിന്റെ പെരുമാറ്റരീതികളും മനോഭാവങ്ങളും വ്യക്തമാക്കുന്നു. ഒരു കാരണവശാലും പോലീസിന്റെ ഭാഗത്ത് നിന്ന് പൗരന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടികള്‍ ഉണ്ടാകരുത്. ഒരു വ്യക്തി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാല്‍ പോലും അയാളുടെ പൗരാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറാവൂ. അല്ലാത്ത പക്ഷം അത് സ്വഭാവദൂഷ്യമായും നിയമലംഘനമായും കണക്കാക്കും.
പരാതി ലഭിച്ചാല്‍ നടപടി എടുക്കാതിരിക്കുകയോ, നടപടിയെടുത്താല്‍ പോലും പരാതിക്കാരന് വിവരം നല്‍കാതിരിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ പരിമിതികള്‍ ഓരോ പോലീസ് ഉദ്യോഗസ്ഥനും മനസ്സിലാക്കണം.
സേനയും അച്ചടക്കമില്ലായ്മയും
പോലീസ് സേനയില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്, തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ല എന്നുള്ള ധാരണ. മുന്‍കാലങ്ങളില്‍, വീഴ്ച വരുത്തുന്ന പോലീസുകാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുത്തിരുന്നു. ജില്ലാ തലത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ജില്ലാ പോലീസ് മേധാവികള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന്, ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ ന്യായമായ നടപടികള്‍ ഉണ്ടാകുന്നില്ല. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്യുന്നവരെ കണ്ണടച്ച് സഹായിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉള്‍പ്പെടെയുള്ള ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാതെ അച്ചടക്കം നിലനിര്‍ത്തേണ്ടത് സേനയുടെ ആവശ്യമാണ്. ഈ അച്ചടക്കമില്ലായ്മയാണ് പോലീസ് സേനയില്‍ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
പോലീസ് സേനയില്‍ അച്ചടക്കമില്ലായ്മ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം, വീഴ്ച വരുത്തിയാല്‍ പോലും നടപടിയുണ്ടാകില്ല എന്ന ചിന്തയാണ്. എല്ലാവരും മോശക്കാരല്ല, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പോലീസുകാരുമുണ്ട്. എന്നാല്‍, ചിലരുടെ തെറ്റുകള്‍ക്ക് സേന മൊത്തത്തില്‍ പഴികേള്‍ക്കേണ്ടി വരുന്നു. ഈ അച്ചടക്കരാഹിത്യം നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പൊതുജനങ്ങളോടുള്ള അതിക്രമങ്ങളും നിയമലംഘനങ്ങളും ഉണ്ടാകുന്നത്.
പരിഹാരമാര്‍ഗങ്ങള്‍
പോലീസ് സേനയില്‍ കര്‍ശനമായ അച്ചടക്കം നടപ്പാക്കുക, പോലീസുകാര്‍ക്കിടയിലെ കീഴ്, മേല്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക, നിലവിലെ നടപടികളില്‍ ഉണ്ടാകുന്ന അയഞ്ഞ സമീപനങ്ങളില്‍ മാറ്റം വരുത്തുക തുടങ്ങിയവയാണ് വേണ്ടത്. ഇതിനായി തങ്ങള്‍ക്ക് നിയമം കല്‍പിക്കുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്ന് ജോലി ചെയ്യുകയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.
ജനങ്ങളെ സംബന്ധിച്ച്, പോലീസിന് മേലുള്ള ആരോപണങ്ങളെ ശക്തിപ്പെടുത്താന്‍ സ്‌റ്റേഷനകത്തെ ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മതിയായ തെളിവാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും പോലീസ് അതിക്രമങ്ങള്‍ ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് തന്നെ അച്ചടക്ക നടപടികള്‍ നടപ്പാക്കാന്‍ മേലധികാരികള്‍ ബാഹ്യഇടപെടലുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മറ്റൊന്ന്, രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള ബാഹ്യഉത്തരവുകള്‍ പോലീസ് സേനയില്‍ ഉള്ളവര്‍ അനുസരിക്കേണ്ട ബാധ്യതയില്ല. പക്ഷേ, ഇപ്പോള്‍ ബാഹ്യഅനുസരണയ്ക്കായി സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ വിസ്മരിച്ച് മറ്റുള്ളവര്‍ക്ക് കീഴ്‌പ്പെടുന്ന രീതികളാണ് ഉള്ളത്. ഇതില്‍ മാറ്റംവരുത്തി മേല്‍ ഉദ്യോസ്ഥര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. Discipline is essential for the police force
Content Summary: Discipline is essential for the Kerala police force
This post was last modified on September 8, 2025 5:44 pm
Leave a Comment