June 06, 2026 |
Share on

മെഡിക്കൽ കോളേജിലെ അപകടം; രക്ഷാപ്രവർത്തനം വൈകിയിട്ടില്ല, കോൺ​ഗ്രസിന്റെ വാദങ്ങൾ തള്ളി കളക്ടറുടെ റിപ്പോർട്ട്

തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ. . രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്ന് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആശുപത്രിയുടെ 11,14 വാർഡുകളിലെ രോഗികൾ ഉപയോഗിച്ചിരുന്ന ശുചിമുറി തകർന്നുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു. 20 പേജ് അടങ്ങുന്ന വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കോട്ടയം കളക്ടർ ജോൺ വി സാമുവേൽ ആരോഗ്യമന്ത്രിക്ക് കൈമാറിയത്. ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടിഞ്ഞു വീണ ഭാ​ഗത്തിന് അടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ബിന്ദുവിന്റെ മകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ആയിരുന്നു ബിന്ദുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് ലഭിക്കുന്നത്.

ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് രക്ഷാപ്രവർത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിലേക്ക് നയിച്ചത് എന്നതാണ്. പ്രതിഷേധം ശക്തമായതിന് ശേഷവും കോൺഗ്രസ് ഇടപെടൽ നടത്തിയതോടെയുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് വാദിക്കുന്ന തരത്തിലുള്ള വീഡിയോകളും കോൺഗ്രസ് പ്രവർത്തകർ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെ മുഴുവനായി കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ രതീഷ് തള്ളിക്കളഞ്ഞിരുന്നു

രക്ഷാപ്രവർത്തനം നടത്തി ആദ്യം പുറത്തെടുക്കുന്നത് വയനാട് സ്വദേശിയായ 14 വയസുകാരി അലീനയെ ആണ്. പിന്നീട് ആ കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അലീനയുടെ അമ്മയ്ക്കായി കെട്ടിടത്തിനടയിൽ തിരച്ചിൽ തുടരുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അമ്മ സുരക്ഷിതയായിരിക്കുവെന്ന് വിവരം ലഭിച്ചു. അപ്പോഴും രക്ഷാപ്രവർത്തനം നിർത്തിയിരുന്നില്ല. ബിന്ദുവിനെ കാണാനില്ലെന്ന വിവരവും ഈ സമയത്താണ് ലഭിക്കുന്നത്. രക്ഷാപ്രവർത്തനം വൈകിയെന്ന് പറയുന്ന വാദം പൂർണ്ണമായും തെറ്റാണ്. ബിന്ദുവിന്റെ ശരീരം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ. അപകടം നടന്ന് ഉടൻ ബിന്ദു മരണപ്പെട്ടു എന്ന് വ്യക്തമായിട്ടുണ്ടെന്നും ഡോ രതീഷ് വ്യക്തമാക്കിയിരുന്നു.

അതായത് മറ്റുള്ളവർ ആരോപിക്കുന്നത് പോലെ രക്ഷാപ്രവർത്തനം വൈകിയതിനെ തുടർന്ന് ശ്വാസം കിട്ടാതെയല്ല ബിന്ദു മരിക്കുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ഇക്കാര്യം വച്ച് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയെ ന്യായീകരിക്കുകയല്ല. ഈ ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളേജിനെയും ആരോഗ്യ മേഖലയെ മുഴുവനും മോശമായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ഡോ രതീഷ് അഴിമുഖത്തോട് പറയുകയുണ്ടായി.

content summary: District Collector’s report states no delay in rescue during Kottayam Medical College incident

Leave a Reply

Your email address will not be published. Required fields are marked *

×