കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണുണ്ടായ അപകടത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആശുപത്രിയുടെ 11,14 വാർഡുകളിലെ രോഗികൾ ഉപയോഗിച്ചിരുന്ന ശുചിമുറി തകർന്നുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടതാണ് പ്രതിഷേധങ്ങൾ ശക്തമാക്കിയത്. ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടിഞ്ഞ വീണ ഭാഗത്തിന് അടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയിരുന്നു എന്നാണ് ആദ്യം പുറത്തു വരുന്ന വാർത്ത. എന്നാൽ പിന്നീട് ബിന്ദുവിന്റെ മകൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിന്ദുവിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ നിന്ന് ലഭിക്കുന്നത്.
ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന പ്രധാന ആരോപണങ്ങളിൽ ഒന്ന് രക്ഷാപ്രവർത്തനം വൈകിയതാണ് ബിന്ദുവിന്റെ മരണത്തിലേക്ക് നയിച്ചത് എന്നതാണ്. പ്രതിഷേധം ശക്തമായതിന് ശേഷവും കോൺഗ്രസ് ഇടപെടൽ നടത്തിയതോടെയുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് വാദിക്കുന്ന തരത്തിലുള്ള വീഡിയോകളും കോൺഗ്രസ് പ്രവർത്തകർ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെ മുഴുവനായി തള്ളിക്കളയുകയാണ് കോട്ടയം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ രതീഷ്.
കെട്ടിടങ്ങളുടെ ബലക്ഷയം മുന്നിൽ കണ്ടുകൊണ്ട് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് 2019ൽ സർക്കാരിന് പ്രപ്പോസൽ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അതേ വർഷം തന്നെ ഫണ്ട് അനുവദിച്ചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം കെട്ടിടത്തിന്റെ നിർമ്മാണം വൈകി. എന്നാൽ ഈ ജൂലൈ അവസാനത്തോടെ പുതിയ കെട്ടിടത്തിലേക്ക് വാർഡുകൾ ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ് ഈ ദാരുണമായ സംഭവമുണ്ടാവുന്നത് ഡോ രതീഷ് പറഞ്ഞു.
ഈ കെട്ടിടം തകർന്നു വീഴുന്ന സമയത്ത് കെട്ടിടത്തിന് താഴെ നിലയിലുള്ള ടോയ്ലറ്റ് കോംപ്ലക്സുകൾ തുറന്നു നൽകിയിരുന്നില്ല. അപകടത്തെക്കുറിച്ച് അറിഞ്ഞയുടനെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അവർക്ക് ആ പ്രദേശത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ വീണ്ടും അടർന്ന് വീണു കൊണ്ടിരിക്കുകയായിരുന്നുവെന്ന് രതീഷ് വ്യക്തമാക്കി.
രക്ഷാപ്രവർത്തനം നടത്തി ആദ്യം പുറത്തെടുക്കുന്നത് വയനാട് സ്വദേശിയായ 14 വയസുകാരി അലീനയെ ആണ്. പിന്നീട് ആ കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അലീനയുടെ അമ്മയ്ക്കായി കെട്ടിടത്തിനടയിൽ തിരച്ചിൽ തുടരുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അമ്മ സുരക്ഷിതയായിരിക്കുവെന്ന് വിവരം ലഭിച്ചു. അപ്പോഴും രക്ഷാപ്രവർത്തനം നിർത്തിയിരുന്നില്ല. ബിന്ദുവിനെ കാണാനില്ലെന്ന വിവരവും ഈ സമയത്താണ് ലഭിക്കുന്നത്. രക്ഷാപ്രവർത്തനം വൈകിയെന്ന് പറയുന്ന വാദം പൂർണ്ണമായും തെറ്റാണ്. ബിന്ദുവിന്റെ ശരീരം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ. അപകടം നടന്ന് ഉടൻ ബിന്ദു മരണപ്പെട്ടു എന്ന് വ്യക്തമായിട്ടുണ്ടെന്ന് ഡോ രതീഷ് പറഞ്ഞു.
അതായത് മറ്റുള്ളവർ ആരോപിക്കുന്നത് പോലെ രക്ഷാപ്രവർത്തനം വൈകിയതിനെ തുടർന്ന് ശ്വാസം കിട്ടാതെയല്ല ബിന്ദു മരിക്കുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ഇക്കാര്യം വച്ച് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയെ ന്യായീകരിക്കുകയല്ല. ഈ ഒരു കാര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളേജിനെയും ആരോഗ്യ മേഖലയെ മുഴുവനും മോശമായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ അലീനയെന്ന പെൺകുട്ടിയുടെ വീട് വയനാട് ജില്ലയിലാണ് അത്ര ദൂരെ നിന്ന് പോലും ചികിത്സയിയ്ക്കായി വരുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങളെ ഈ ഒരൊറ്റ കാരണം കൊണ്ട് എങ്ങനെ റദ്ദ് ചെയ്യാൻ കഴിയും. കോവിഡിന് ശേഷം ആളുകൾ കൂടുലതായി സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. അത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നത് കൊണ്ട് ആകുമല്ലോ. ആരോപണങ്ങൾ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകാനാണ് തീരുമാനമെന്നും ഡോ രതീഷ് വ്യക്തമാക്കി.
content summary: Kottayam Medical College authorities denied the accusations regarding the building collapse and the claims linking them to Bindhu’s death