മലയാള സിനിമാ മേഖലയിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ വേരുകള്‍ തേടി പോയാല്‍ കുറെ പുറകോട്ട് സഞ്ചരിക്കേണ്ടി വരും. 80കളില്‍ തന്നെ വന്ന പദ്മരാജന്റെ ‘ഒരു കരിയിലക്കാറ്റു പോലെ’ കെജി ജോര്‍ജിന്റെ ‘യവനിക’ ഒക്കെ ഇഷ്ടപ്പെട്ട മുന്‍ഗാമികളാണ്. പോപ്പുലര്‍ ആയ ‘ഒരു സിബിഐ ഡയറിക്കുറുപ്പ്’ സീരീസ് അതിനു പുതിയ മുഖം കൊണ്ടുവന്നിരിക്കാം. പക്ഷേ സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുമ്പോള്‍ എല്ലാത്തിനും ഒരേ മുഖമാണോ, അതോ ഒരു മുഖത്തിന്റെ പല ആംഗിളുകള്‍ ആണോ എന്ന് സംശയം കൂടിക്കൂടി വരുന്നു.do not lose the ‘thrill’ of Malayalam cinema
2013-ല്‍ ഇറങ്ങിയ ദൃശ്യം 1 ജിത്തു ജോസഫിന്റെ സിനിമാജാതകം തിരുത്തിയപ്പോള്‍, കൊലപാതകം പഴുതുകള്‍ ഇല്ലാതെ അടച്ച് പുറമെ അക്ഷോഭ്യനായി നടക്കാനുള്ള ജോര്‍ജിന്റെ കഴിവിനെ പ്രേക്ഷകര്‍ ആദരവോടെയാണ് കണ്ടത്. അതായത് നിയമവ്യവസ്ഥ വഴി കിട്ടാന്‍ ഇടയില്ലാത്ത നീതി സ്വയം നേടിയെടുത്ത ഒരു കുടുംബം റോള്‍ മോഡല്‍ ആവുന്നു. ഒരു സിനിമയിലെ നെഗറ്റീവ് മോറല്‍ പോസിറ്റീവ് ആയി സ്വീകരിക്കപ്പെടുന്നത് ഇതാദ്യമല്ല. അത് ക്രൈം സ്റ്റോറികളുടെ സിനിമാറ്റിക് ജസ്റ്റിസ് ആണ്. അല്ലെങ്കില്‍ അവയ്ക്ക് നിലനില്പില്ല. കാലഘട്ടങ്ങള്‍ ഇത്തരം തീമുകളെ സ്വാധീനിക്കാറുണ്ട്. കാരണം, പ്രേക്ഷകരാണ്. അവര്‍ക്ക് ഇഷ്ടപെട്ടില്ലെങ്കില്‍ നല്ല പ്രമേയങ്ങളും മൂക്കും കുത്തി വീഴും. കളക്ഷന് കുറവൊന്നും ഇല്ലെങ്കിലും, ദൃശ്യം 2, 1ന്റെ ജനപ്രീതിയെ മറികടന്നില്ല. 2023-ന്റെ അവസാനം ഇറങ്ങിയ ‘നേര്” വിജയമാവുന്നത് ജിത്തു ജോസഫ് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുന്നതു കൊണ്ടാണ്. മലയാളത്തിന്റെ മഹാനടന് ജനപ്രീതിയുള്ള കഥാപാത്രങ്ങള്‍ കൊടുത്ത് അടുത്തകാലത്തു വിജയം വരിച്ച ഒരു സംവിധായകന്‍ ജിത്തുവാണെന്ന് വേണമെങ്കില്‍ പറയാം. പൃഥ്വിരാജിന്റെ ലൂസിഫെറിലെ സ്റ്റീഫനും, ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടിയും ഇതിന്റെ സോഫ്റ്റ് വേര്‍ഷന്‍സ് ആണ്.
ഇനി വിഷയത്തിലേക്ക് വരാം. അതായത് നേരത്തെ പറഞ്ഞ, ഓരോരോ കാലഘട്ടത്തിലെ വിജയ ഫോര്‍മുല. ഒരു ചൈനക്കാരന്‍ വൈറസ് ചരിത്രം മാറ്റിക്കുറിച്ച 2020. ‘അഞ്ചാം പാതിര’ ഹിറ്റ് ആയ വര്‍ഷം. മലയാള സിനിമയ്ക്ക് അതെങ്ങനെ മറക്കാന്‍ പറ്റും? 2025-ന്റെ തുടക്കത്തിലും നമ്മള്‍ അതിന്റെ ഹാങ്ങ് ഓവറില്‍ ആണ്. അത്രയ്ക്ക് തലയ്ക്ക് പിടിച്ച ഒരു വിജയം. മിഥുന്‍ മാനുവല്‍ ജോസ് എന്ന യുവസംവിധായകന്‍ തുടക്കമിട്ട ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിപ്ലവം. പ്ലോട്ടില്‍ കേരളത്തെ ഞെട്ടിച്ച റിപ്പറും, കൂട്ടകൊലപാതകവും, ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. അന്നത് ഒരു പുതുമ ഉണ്ടായിരുന്ന മേക്കിങ് ആയിരുന്നു.
ചിലപ്പോള്‍ ഒരു കൊലപാതകം, അല്ലെങ്കില്‍ സീരീസ് കില്ലിങ്‌സ്. പിന്നെ സ്വാഭാവികമായും ഇന്‍വെസ്റ്റിഗേഷന്റെ നാള്‍വഴികള്‍. തിരിച്ചും മറിച്ചും പോലീസിനെ കുഴപ്പിച്ചു കൊണ്ട് ഒരു വെബ് പോലെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കണക്ട് ആവുന്ന പാറ്റേണ്‍. സിനിമയുടെ അവസാന ശ്വാസം വരെ യഥാര്‍ത്ഥ കുറ്റവാളി മറഞ്ഞിരിക്കണം. നമുക്കറിയാം ഇത്. എന്നാലും ആകാംഷ തീരുന്നില്ല. ക്ഷമ കൂടുന്നു. കുത്തിയിരുന്ന് കാണുന്നു. കുറ്റം ചെയ്തവരുടെയും, അത് തെളിയിക്കാന്‍ നടക്കുന്നവരുടെയും എല്ലാ വികാരവിക്ഷോഭങ്ങളുടെയും ഭാഗമാവുന്നു. ക്രൈം ത്രില്ലര്‍ വിഭാഗം മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുന്നു. 2020 മുതല്‍ 2025 വരെയുള്ള ഇതേ സ്വഭാവമുള്ള സിനിമകളുടെ ലിസ്റ്റ് ഒന്നെടുത്തു നോക്കി. ഇവിടെ ഒതുക്കാന്‍ പറ്റില്ല. ക്ഷമിക്കണം, അതൊരു അക്ഷയപാത്രമാണ്.
നമ്മള്‍ അറിയുന്ന യുവസംവിധായകര്‍ക്കെല്ലാം ക്രൈം ത്രില്ലറിന്റെയോ, ആലങ്കാരികമായി പറഞ്ഞാല്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെയോ അസ്‌കിത ഉണ്ട്. ആ ത്രില്‍ അങ്ങോട്ട് തീരുന്നില്ല. ഒരു ചക്കരക്കുടത്തില്‍ കൈയ്യിട്ട അവസ്ഥയുള്ള അവരെ മാത്രം എന്തിന് കുറ്റം പറയണം. എന്തുകൊണ്ടാണ് ഇത് കാണികള്‍ക്ക് മടുക്കാത്തത് എന്ന ചോദ്യത്തിന് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍സ് കണ്ട എനിക്ക് പോലും ഉത്തരമില്ല.
വലിയ ജനപ്രീതി കിട്ടിയ ‘സൂക്ഷ്മദര്‍ശിനിയുടെ’ പകുതി ഭാഗവും നസ്രിയ പ്രിയദര്‍ശിനിയായി ബുദ്ധിമുട്ടുന്നുണ്ട്. കാരണം ചെയ്യാന്‍ ഒന്നുമില്ല. അടുത്ത വീട്ടിലേക്കുള്ള ഒളിഞ്ഞുനോട്ടം മാത്രം. ഈ സിനിമയുടെ അവസാനത്തെ പഞ്ച് ആണ് പഞ്ച്. ‘അടിച്ചു മോനെ’ എന്ന അവസ്ഥ. ‘ബേസില്‍ വേറെ ലെവല്‍. നസ്രിയ 2024 തൂക്കി’. സോഷ്യല്‍ മീഡിയ ലാംഗ്വേജ് എങ്ങനെയൊക്കെയാണ് സിനിമകളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നത്. ശ്രദ്ധയില്‍പെട്ട മറ്റൊരു കാര്യം കേരളത്തിന് പുറത്ത് മലയാള സിനിമകള്‍ റിവ്യൂ ചെയ്യുന്ന യൂട്യൂബേര്‍സ് ആണ്. വാനോളം പുകഴ്ത്തി നമ്മുടെ സിനിമകളെ ലോകോത്തരമാക്കുന്നു. അവര്‍ക്ക് പലതും മനസ്സിലാവുന്നില്ല. കള്‍ച്ചറല്‍ ഡിഫറെന്‍സ് ഒരു അദൃശ്യ മതിലാണ്. വിന്നിങ് ട്രെന്‍ഡ്സിന് അപ്പുറത്തേക്ക് ഒരു വിശകലനം വരണമെങ്കില്‍, അവര്‍ കുറച്ചുകൂടി ആഴത്തില്‍ നമ്മുടെ സിനിമകളെ കാണേണ്ടതുണ്ട്. കുറച്ച് ചരിത്രബോധവും ഗവേഷണവും അഭികാമ്യം.
പണ്ട് നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ പത്രത്തില്‍ വാര്‍ത്ത വന്ന ഒരാളെ ഇന്ത്യന്‍ മിലിറ്ററി എടുക്കുമോ എന്ന് ഒരു സുഹൃത്ത് ‘കിഷ്‌കിന്ദാകാണ്ഡം’ കണ്ട് ചോദിച്ചിരുന്നു. ‘ഐ ആം കാതലന്‍’ ഹാക്കിങ്ങില്‍ കൈവെക്കുമ്പോള്‍ അത് വല്ലാതെയങ്ങ് എളുപ്പമുള്ള ഒരു പ്രമേയമാവുന്നു. ഒരു ചെറിയ ഇട്ടാവട്ടത്തില്‍ ഒതുക്കി ചെയ്ത കഥയില്‍ ഹാക്കറെ പുഷ്പം പോലെയാണ് എത്തിക്കല്‍ ഹാക്കര്‍ ആയ ലിജോമോള്‍ കണ്ടുപിടിക്കുന്നത്. ‘പഞ്ച്’ ഇല്ലേ ഇല്ല. ‘ആനന്ദ് ശ്രീബാല’യിലേക്ക് വരുമ്പോള്‍ കഥ വളഞ്ഞും പുളഞ്ഞും ഒരുപാട് സഞ്ചരിക്കുന്നുണ്ട്. മരിച്ചവര്‍ വഴികാട്ടുന്നുണ്ട്. ഇതില്‍ സംഗീതയെ വീണ്ടും ഇറക്കിയിരിക്കുന്നത് ഒരു നൊസ്റ്റുവിന് വേണ്ടി മാത്രം. അവസാനം ട്വിസ്റ്റിനു മേലെ പിന്നേം ട്വിസ്റ്റ് ഉണ്ട്. സിനിമ മോശം എന്നല്ല. പല വഴികളിലൂടെ ഓടിയാലും ഈ നദികളുടെയൊക്കെ ലക്ഷ്യസ്ഥാനം ‘ഒരേ കടല്‍’ തന്നെയല്ലേ എന്ന നിതാന്തസത്യമാണ് പ്രശ്‌നം. ആഷിഖ് അബു റൈഫിള്‍ ക്ലബ്ബില്‍ പുതിയ ഒരു മേക്കിങ് ശ്രമിച്ചു എന്നല്ലാതെ അതില്‍ ബാക്കിയാവുന്നത് വെറും വെടിയുണ്ടകള്‍ മാത്രമാണ്. ശ്യാം പുഷ്‌ക്കരന്റെ തിരക്കഥ ഏതാണ്ട് അനുരാഗ് കശ്യപിനെ പോലെ ഒരു ചലനവും സൃഷ്ടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതിലെ സ്ത്രീകള്‍…പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ സൂപ്പര്‍ഫിഷ്യല്‍ സെക്‌സി ഡയലോഗുകള്‍ ആര്‍ക്കും മടുക്കുന്നില്ലേ?
ഈ വര്‍ഷത്തിന്റെ തുടക്കവും വിജയക്കൊടി പാറിച്ചു നില്ക്കുന്നത് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ചെറുതായി ഉപയോഗിച്ച് രണ്ട് കാലങ്ങളെ മികവോടെ തുന്നികെട്ടിയ ‘രേഖാചിത്രം’ ആണ്. ഈ സിനിമയും എന്‍ഗേജിങ് ആയിരുന്നു. whodunit മാറ്റി കൊല്ലപ്പെട്ട പെണ്‍കുട്ടിയിലേക്ക് തിരിയുന്ന ക്യാമറ. വഴികള്‍ എല്ലാം പഴയതല്ല. പക്ഷേ പേടിയാവുന്നു. ഇത് അടുത്ത ട്രെന്‍ഡ്‌സെറ്റെര്‍ ആവുമോ?!
അത്രക്കൊന്നും നമ്മള്‍ ഭാവി പ്രവചിക്കരുത്. ജഡ്ജ്‌മെന്റല്‍ ആകരുത്. മോശം. 2025ലെ മലയാള സിനിമ എന്തൊക്കെയാണ് ഒരുക്കുന്നത് എന്നറിയില്ല. അണിയറയില്‍ പല പ്രമേയങ്ങളും ഒരുങ്ങുന്നുണ്ടാവാം. പോസ്റ്റ് പ്രൊഡക്ഷനിലും പല സിനിമകള്‍ ഉണ്ടാവും. എങ്കിലും യുവസംവിധായകരോട് പറയാനുള്ളത് ഒരു സങ്കടമാണ്. ഈ മാധ്യമത്തോടുള്ള അപാരമായ പ്രണയത്തിന്റെ പുറത്ത് മാത്രം. കുറെ ഓടികിതച്ചുപോയ ത്രില്ലറുകള്‍ ഇനിയല്പം വിശ്രമിക്കട്ടെ. നിങ്ങളുടെ ക്രിയേറ്റീവ് ബ്രൈന്‍സ് ഒന്ന് റിഫ്രഷ് ചെയ്യേണ്ട സമയമായി. ഒന്ന് മനസ്സിലാക്കണം, കളക്ഷന്‍ മാത്രമല്ല കലയുടെ മാനദണ്ഡം. ഒരേ വിന്നിങ് ഫോര്‍മുലയുടെ ചുറ്റും തിരിഞ്ഞു കളിക്കുന്നതും അല്ല. ആസിഫ് അലിയെ വീണ്ടും വീണ്ടും പോലീസ് ആക്കുന്നതും അല്ല. നസ്ലെനെ ഇപ്പോഴും നിരാശാകാമുകന്‍ ആക്കുന്നതും അല്ല. പഴയ കാലത്തിലേക്ക് അനശ്വര രാജന്‍ ഫിറ്റ് ആണ്. പക്ഷേ ദുരുപയോഗം ചെയ്യരുത്.
ഒരു സംശയം. മലയാളികള്‍ പ്രേമിക്കാറില്ലേ? അല്ല. നമുക്കിവിടെ ഇനിയും ഒരു ‘മോഡേണ്‍ ലവ് സ്റ്റോറി’ ഇല്ല. എന്ത് മനോഹരമായിട്ടാണ് ഇന്ത്യന്‍ സിനിമ അത് ആഘോഷിച്ചത്. നമ്മളൊഴിച്ച്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും ഒരു കാലഘട്ടമാണ്. ഫുള്‍സ്റ്റോപ് അല്ല. തലമുറ മാറുന്നതിന് അനുസരിച്ച് മാറുന്ന പ്രണയസങ്കല്പങ്ങള്‍, എന്തിന് വികാരങ്ങളുടെ DNA പോലും. നമുക്കും ഒരു വെബ്സീരീസ് ഇതില്‍ ആവാം. അങ്ങനെ എത്രയെത്ര തീമുകള്‍ വെളിച്ചം കാണാതെ കിടക്കുന്നു. യൂട്യൂബ് ലൈവും, വോട്ടിങ്ങും, ചാനല്‍ ചര്‍ച്ചകളും പോലുള്ള പഴയ ഫോര്‍മാറ്റുകള്‍ ഉപേക്ഷിക്കൂ. ‘ഒപ്പെന്‍ഹെയ്മീര്‍’ന്റെ സ്‌ക്രിപ്റ്റ് ശ്രദ്ധിച്ചോ. ഒരു രക്ഷയും ഇല്ല. ‘ഇന്‍സ്റ്റന്റ്’ അല്ല അത്. ക്രിസ്റ്റഫര്‍ നോളന്റെ ഹാര്‍ഡ്വര്‍ക് ആണ്. ഈയിടെ വിജയിച്ച, പല മലയാളസിനിമകളും അര്‍ദ്ധരാത്രിയില്‍ നിവര്‍ത്തിയ കുടകള്‍ പോലെ തോന്നി. ബിസിനസ്സും, ഡിജിറ്റല്‍ മീഡിയ റീച്ചും വളരുന്നുണ്ട്. ഒപ്പം ആവര്‍ത്തനവിരസതയും, കാതലില്ലായ്മയും.
ഈ വര്‍ഷം, മലയാള സിനിമയില്‍, പുതിയ തീമുകളും, നല്ല കാമ്പുള്ള തിരക്കഥകളും, കഥാപാത്രങ്ങളും, പുതിയ കലാകാരന്മാരും, സംവിധായകരും വരട്ടെ. കളത്തില്‍ ഉള്ളവര്‍ പുതിയ കളികള്‍ പരീക്ഷിക്കട്ടെ. എല്ലാ ആശംസകളും.do not lose the ‘thrill’ of Malayalam cinema
Content Summary: do not lose the ‘thrill’ of Malayalam cinema