യുക്രെന്‍-യു എസ് ബന്ധം വഷളാക്കുന്ന പ്രതികരണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഒരു ഏകാധിപതിയാണെന്നാണ് ട്രംപിന്റെ ആക്ഷേപം. വേഗം തീരുമാനങ്ങള്‍ എടുക്കാത്ത പക്ഷം, സെലന്‍സിക് സ്വന്തം രാജ്യം തന്നെ നഷ്ടമാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2022 ല്‍ ആരംഭിച്ച റഷ്യയുടെ അധിനിവേശത്തിന് പ്രകോപനമായത് യുക്രെയ്ന്‍ തന്നെയാണെന്ന കുറ്റപ്പെടുത്തലും ട്രംപ് നടത്തിയിട്ടുണ്ട്.
റഷ്യയുടെ സൃഷ്ടിച്ചിരിക്കുന്ന ഒരു മിഥ്യലോകത്താണ് ട്രംപ് ഉള്ളതെന്നും, തെറ്റായ വിവരങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് പറയുന്നതെന്നും സെലന്‍സ്‌കി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതാണ് ട്രംപിന്റെ പ്രകോപിതനാക്കിയത്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താതെ സേച്ഛ്വാധിപതിയായി തുടരുകയാണ് സെലന്‍സ്‌കിയെന്നാണ് കുറ്റപ്പെടുത്തല്‍. റഷ്യന്‍-യു എസ് പ്രതിനിധികള്‍ സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയെ സെലന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു. യുക്രെയ്‌നെ പങ്കാളിയാക്കാതെ, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് ചര്‍ച്ചയാണ് റഷ്യയും യു എസും തമ്മില്‍ മാത്രമായി നടത്തുന്നതെന്നായിരുന്നു സെലന്‍സ്‌കിയുടെ ചോദ്യം. ഈ നിഷേധവും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ തീരുമാനത്തിന് അനുസരിക്കുന്നില്ലെങ്കില്‍, സെലന്‍സ്‌കിക്ക് രാജ്യം നഷ്ടപ്പെടുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത് അതുകൊണ്ടാണ്.
റഷ്യ-യുക്രെയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും റഷ്യയും ചര്‍ച്ചകള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ കടന്നാക്രമണങ്ങള്‍ യുക്രെയ്‌നുമേല്‍ ഉണ്ടാകുന്നത്. ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കഴിഞ്ഞാഴ്ച്ച ഒരു മണിക്കൂറോളം നീണ്ട ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഈ സംസാരത്തിലാണ് സൗദിയില്‍ വച്ച് ഒരു ഉന്നത തല കൂടിക്കാഴ്ച്ച നടത്താമെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. എന്നാല്‍, യുദ്ധം നിര്‍ത്താന്‍ വേണ്ടിയുള്ള ചര്‍ച്ചയില്‍ അതിന്റെ പ്രധാന ഭാഗമായ യുക്രെയ്‌നെയോ യൂറോപ്യന്‍ പ്രതിനിധികളെയോ പങ്കെടുപ്പിച്ചതുമില്ല.
2022 ല്‍ റഷ്യ ആരംഭിച്ച അധിനിവേശത്തിന് ഉത്തരവാദി യുക്രെയ്‌നാണെന്ന ട്രംപിന്റെ പ്രസ്താവന തള്ളിയാണ്, ട്രംപ് റഷ്യ ഒരുക്കിയ ‘തെറ്റായ വിവരങ്ങളുടെ കുമിളയില്‍’ കുടുങ്ങി കിടക്കുകയാണെന്നു സെലന്‍സ്‌കി തുറന്നടിച്ചത്. ട്രംപ് പറയുന്നതെല്ലാം അസത്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
മോസ്‌കോയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നിബന്ധനകള്‍ മുന്നില്‍ വച്ച് യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് യുക്രെയ്‌നോട് ആവശ്യപ്പെടുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ നിബന്ധനകള്‍ അനുസരിക്കണമെന്നാണ്, ട്രൂത്ത് സോഷ്യല്‍ ആപ്പിലൂടെ നേരിട്ടുള്ള ഭീഷണിയ്ക്ക് സമാനമായി ട്രംപ് ഇങ്ങനെ എഴുതിയത്; ”തെരഞ്ഞെടുപ്പുകളില്ലാത്ത ഒരു ഏകാധിപതി, സെലന്‍സ്‌കി വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ അദ്ദേഹത്തിന് ഒരു രാജ്യം ശേഷിക്കില്ല.”
സെലന്‌സ്‌കി ‘അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്. അയാള്‍ അമേരിക്കയുടെ സാമ്പത്തിക-സൈനിക സഹായത്തില്‍ നിന്ന് ലാഭം നേടിയെടുക്കുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാനല്ല, അത് നീട്ടിക്കൊണ്ടുപോകുന്നതിലായിരുന്നു സെലന്‍സ്‌കിക്ക് താത്പര്യം എന്നും ട്രംപ് കുറ്റപ്പെടുത്തുന്നുണ്ട്. തന്റെ കോമഡി റോളുകളില്‍ മാത്രം വിജയിച്ചിട്ടുള്ള ഒരു ഹാസ്യനടനായ സെലന്‍സ്‌കി, ഒരിക്കലും ജയിക്കാന്‍ കഴിയാത്ത, ഒരിക്കലും ആരംഭിക്കാന്‍ പാടില്ലായിരുന്ന ഒരു യുദ്ധത്തിനായി 350 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടെന്നും ട്രംപ് തന്റെ കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്. ബൈഡനെ പറഞ്ഞു പറ്റിക്കുന്നതില്‍ മാത്രമാണ് സെലന്‍സ്‌കിക്ക് ആകെ കഴിഞ്ഞതെന്നു കൂടി ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റിനെ ആക്ഷേപിക്കുന്നുണ്ട്. Donald Trump calls volodymyr zelenskyy a dictator
Content Summary; Donald Trump calls volodymyr zelenskyy a dictator