June 13, 2025 |
Share on

‘ഞാന്‍ വളരെ ദേഷ്യത്തിലാണ്’; പുടിന് മുന്നറിയിപ്പ് നല്‍കി ട്രംപ്

സെലെന്‍സ്‌കിയെ മാറ്റിയിട്ട് യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാമെന്നാണ് പുടിന്‍ ഇപ്പോള്‍ പറയുന്നത്

ഡൊണാള്‍ഡ് ട്രംപ്- വ്‌ളാഡിമിര്‍ പുടിന്‍ ചങ്ങാത്തം അവസാനിക്കുന്നു? പുടിന്‍ തനിക്ക് വഴങ്ങുന്നില്ലെന്നു മനസിലായതോടെയാണ് ട്രംപ് കളം മാറ്റുന്നത്. യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തലിന് ക്രെംലിന്‍ തയ്യാറാകുന്നില്ല. കരാറിനോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എടുക്ക സമീപനത്തില്‍ തനിക്ക് ദേഷ്യം തോന്നുകയാണെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്. ഒപ്പം ഒരു ഭീഷണിയും മുന്നോട്ടു വച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പുടിന്‍ വെടിനിര്‍ത്തലിന് സമ്മതിക്കാത്ത പക്ഷം മോസ്‌കോയുടെ എണ്ണ കയറ്റുമതിയില്‍ തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ താക്കീത്.

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 25 മുതല്‍ 50 ശതമാനം വരെ താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിലൂടെ റഷ്യയുടെ എണ്ണ കയറ്റുമതിയും അതുവഴിയുള്ള സാമ്പത്തിക വരുമാനവും ഇടിയും എന്ന ലക്ഷ്യത്തിലുള്ള ഒരു ദ്വിതീയ ഉപരോധമാണ് ട്രംപ് കണക്കു കൂട്ടുന്നത്. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറയുന്നത്.

‘യുക്രയ്‌നിലെ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയ്ക്കും എനിക്കും ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെന്ന് ഞാന്‍ കരുതുന്നുവെങ്കില്‍, അത് അങ്ങനെയല്ലായിരിക്കാം, പക്ഷേ അത് റഷ്യയുടെ തെറ്റാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെങ്കില്‍, റഷ്യയില്‍ നിന്ന് വരുന്ന എല്ലാ എണ്ണയ്ക്കും ഞാന്‍ ദ്വിതീയ താരിഫ് ചുമത്തേണ്ടി വരും’ എന്നാണ് ട്രംപിന്റെ വാക്കുകള്‍.

ട്രംപിന്റെ ഭീഷണി ഇങ്ങനെയാണ്; റഷ്യയുടെ എണ്ണ വാങ്ങി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ബിസിനസ് ചെയ്യാന്‍ സമ്മതിക്കില്ല. ചെയ്യണമെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് മേല്‍ ചുമത്തുന്ന 25 മുതല്‍ 50 ശതമാനം വരെ താരിഫ് താങ്ങേണ്ടി വരും.

ട്രംപിന്റെ നീക്കം ദുരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് ഉണ്ടാക്കുന്നതായിരിക്കും താരിഫ് വര്‍ദ്ധനവ്. അതുപോലെ ആഗോള ഊര്‍ജ്ജ വിപണികളിലും ഇത് സാധ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കും. അതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നം, യുഎസും റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ്.

റഷ്യയ്‌ക്കെതിരേയുള്ള താരിഫ് വര്‍ദ്ധനവ് മാത്രമല്ല, ഇറാനെതിരെ ബോംബാക്രമണവും അഭിമുഖത്തിനിടയില്‍ ട്രംപ് ഉയര്‍ത്തിയ ഭീഷണിയായിരുന്നു. അതുപോലെ ഗ്രീന്‍ലാന്‍ഡില്‍ തങ്ങള്‍ ബലപ്രയോഗം നടത്തുമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നു കൂടി എന്‍ബിസിയോട് ട്രംപ് പറഞ്ഞുവയ്ക്കുന്നുണ്ട്. സാമ്പത്തിക-സൈനിക നടപടികളുമായി മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയാകാനാണ് ട്രംപ് തയ്യാറെടുക്കുന്നതെന്ന് ആശങ്കപ്പെടുത്തുന്നതായിരുന്നു അഭിമുഖം.

പുടിന്റെ അപ്രതീക്ഷിതമായ ഒരാവശ്യമാണ് കാര്യങ്ങള്‍ വഴിതിരിച്ചത്. കഴിഞ്ഞ ദിവസം റഷ്യന്‍ ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് പുടിന്‍ ആവശ്യപ്പെട്ടത്, യുക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയെ മാറ്റണമെന്നായിരുന്നു. സെലെന്‍സ്‌കിയെ മാറ്റി, ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ ഒരു താത്കാലിക ഭരണസംവിധാനം യുക്രെയ്‌നില്‍ ഒരുക്കുക. ആ താത്കാലിക ഭരണകൂടവുമായി വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാമെന്നാണ് പുടിന്‍ ഇപ്പോള്‍ പറയുന്നത്.

സെലെന്‍സ്‌കിയെ മുന്‍പ് സ്വേച്ഛാധിപതിയെന്ന് മുന്‍പ് വിളിച്ചിട്ടുള്ളയാളാണെങ്കിലും, പുടിന്റെ ആവശ്യം കേട്ടതിന് പിന്നാലെ ട്രംപ് താക്കിത് ചെയ്തത്, സെലെന്‍സ്‌കിയുടെ വിശ്വാസ്യതയിലേക്ക് കടന്നു കയറാന്‍ പുടിന്‍ നോക്കേണ്ടെന്നായിരുന്നു. ഇത്തരം കാര്യങ്ങള്‍ റഷ്യന്‍ പ്രസിഡന്റിന്റെ അടുത്ത് നിന്നുണ്ടാകുന്നത് തന്നെ ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്നിട്ട് കരാര്‍ ഉണ്ടാക്കാമെന്നു പറയുന്നത്, ഇപ്പോള്‍ അവര്‍ക്കതിന് താത്പര്യമില്ലെന്നാണെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.  Donald Trump condemns Vladimir Putin’s actions in Ukraine ceasefire, says he is  Very Angry’

Content Summary; Donald Trump condemns Vladimir Putin’s actions in Ukraine ceasefire, says he is  Very Angry’

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×