അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യ വര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യു.എസില്‍ ക്രിപ്റ്റോ അഴിമതി ആരോപണം ശക്തമാകുന്നു. യു.എസ് ഓഫീസ് ഓഫ് ഗവണ്‍മെന്റ് എത്തിക്സ് ചൊവ്വാഴ്ച പുറത്തുവിട്ട 927 പേജുള്ള സാമ്പത്തിക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടിലാണ് ട്രംപിന്റെയും കുടുംബത്തിന്റെയും അമ്പരപ്പിക്കുന്ന ക്രിപ്റ്റോ വരുമാന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം റിയല്‍ എസ്റ്റേറ്റ്, ഗോള്‍ഫ് റിസോര്‍ട്ടുകള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ലൈസന്‍സിംഗ് ഇടപാടുകള്‍, കോടതി വഴിയുള്ള ഒത്തുതീര്‍പ്പുകള്‍ എന്നിവയിലൂടെ ട്രംപ് മൊത്തം 220 കോടി ഡോളറിലധികം (ഏകദേശം 20,895 കോടി രൂപ) സമ്പാദിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ പകുതിയോളം തുകയും ക്രിപ്റ്റോ ഇടപാടുകളില്‍ നിന്നാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ കുടുംബവുമായി ചേര്‍ന്ന് ട്രംപ് കുടുംബം നടത്തുന്ന ‘വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍’ എന്ന സംയുക്ത സംരംഭം ‘ഗവേണന്‍സ് ടോക്കണുകളുടെ’ വില്പനയിലൂടെ മാത്രം 50 കോടി ഡോളറിലധികം നേടി. കൂടാതെ, ട്രംപിന്റെ രണ്ടാം ടേമിലെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് പുറത്തിറക്കിയ ട്രംപ് ബ്രാന്‍ഡഡ് മീം കോയിനുകളിലൂടെ സി.ഐ.സി ഡിജിറ്റല്‍ എല്‍.എല്‍.സി എന്ന മറ്റൊരു സ്ഥാപനം 60 കോടി ഡോളറിലധികം വരുമാനമുണ്ടാക്കി. ഇതോടെ ട്രംപിന്റെ കുടുംബം ആദ്യവര്‍ഷം തന്നെ ക്രിപ്റ്റോ ബിസിനസ്സില്‍ നിന്ന് 100 കോടി ഡോളറിലധികം (ഏകദേശം 9,495 കോടി രൂപ) കൈക്കലാക്കിയതായി വ്യക്തമായി. തന്റെ രണ്ടാം ഊഴത്തിന്റെ തുടക്കത്തില്‍ തന്നെ അമേരിക്കയെ ലോകത്തിന്റെ ‘ക്രിപ്റ്റോ തലസ്ഥാനം’ ആക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ നടന്ന അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് (യുഎഫ്‌സി) മത്സരത്തില്‍ പങ്കെടുത്ത ഫൈറ്റര്‍മാര്‍ക്കുള്ള ബോണസ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ സ്റ്റേബിള്‍കോയിന്‍ (യുഎസ്ഡി1) വഴി നല്‍കിയത്.
ഈ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നതോടെ ഡെമോക്രാറ്റിക് പാര്‍ട്ടി ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ‘ക്രിപ്റ്റോ അഴിമതിയാണ്’ നടത്തുന്നതെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവരും അവരുടെ കുടുംബങ്ങളും ക്രിപ്റ്റോ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് തടയാന്‍ പുതിയ നിയമനിര്‍മ്മാണം വേണമെന്നും സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയിലെ പ്രമുഖ ഡെമോക്രാറ്റ് നേതാവ് എലിസബത്ത് വാറന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ജനത അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുമ്പോള്‍ ട്രംപ് അധികാരം ഉപയോഗിച്ച് കോടികള്‍ കൊയ്യുകയാണെന്ന് ഇല്ലിനോയിസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജുലിയാന സ്ട്രാറ്റന്‍ കുറ്റപ്പെടുത്തി. സാധാരണ നിക്ഷേപകര്‍ക്ക് പണം നഷ്ടമായപ്പോള്‍ ട്രംപ് കൂടുതല്‍ സമ്പന്നനായെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ചൂണ്ടിക്കാണിച്ചപ്പോള്‍, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ് വിമര്‍ശിച്ചു.
ക്രിപ്റ്റോയ്ക്ക് പുറമെ വിദേശ രാജ്യങ്ങളുമായുള്ള ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അമേരിക്ക വിവിധ രാജ്യങ്ങളുമായി കസ്റ്റംസ് തീരുവ, സൈനിക സഹായം എന്നിവ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് ഈ രാജ്യങ്ങളിലെ ട്രംപിന്റെ സ്വത്തുക്കളില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ ലൈസന്‍സ് ഫീസായി അദ്ദേഹത്തിന്റെ കമ്പനിയിലെത്തിയത്. യു.എ.ഇ പ്രോപ്പര്‍ട്ടിയില്‍ നിന്ന് 1.04 കോടി ഡോളറും, സൗദി ഭരണകുടവുമായി അടുത്ത ബന്ധമുള്ള ഡെവലപ്പര്‍ വഴി 90 ലക്ഷം ഡോളറും ഖത്തര്‍, റൊമാനിയ എന്നീ രാജ്യങ്ങളിലെ പ്രോജക്റ്റുകളില്‍ നിന്ന് 50 ലക്ഷം ഡോളര്‍ വീതവും ട്രംപിന് ലഭിച്ചു. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് നാല് ദിവസം മുമ്പ് യു.എ.ഇ രാജകുടുംബവുമായി ബന്ധപ്പെട്ടവര്‍ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ 49 ശതമാനം ഓഹരികള്‍ 50 കോടി ഡോളറിന് വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളുടെ കയറ്റുമതി ഉള്‍പ്പെടെ യു.എ.ഇക്ക് അനുകൂലമായ 10 ഓളം തീരുമാനങ്ങള്‍ ട്രംപ് ഭരണകൂടം കൈക്കൊണ്ടത് പണം വാങ്ങി ആനുകൂല്യം നല്‍കുന്ന ‘പേ-ടു-പ്ലേ’ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി എലിസബത്ത് വാറനും മറ്റ് നാല് സെനറ്റര്‍മാരും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇറാനെതിരായ യു.എസ് ഉപരോധം ലംഘിക്കാന്‍ സഹായിച്ചെന്ന പേരില്‍ പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാന്‍സിനെതിരെ സെനറ്റര്‍ ആദം ഷിഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
മാധ്യമ കമ്പനികളുമായുള്ള നിയമപരമായ ഒത്തുതീര്‍പ്പുകളിലൂടെ 8.6 കോടി ഡോളറും ട്രംപ് ബ്രാന്‍ഡഡ് ബൈബിളുകള്‍, ഷൂസുകള്‍, വാച്ചുകള്‍ (47 ലക്ഷം ഡോളര്‍) എന്നിവയുടെ വില്പനയിലൂടെയും ട്രംപ് വലിയ തുക സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. താന്‍ പ്രസിഡന്റാകുന്നതിന് മുന്‍പ് തന്നെ വലിയ സമ്പന്നനായിരുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. തന്റെ ബിസിനസ്സുകള്‍ ഔദ്യോഗിക പദവിയില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തിയിട്ടുണ്ടെന്നും മക്കളാണ് അത് നടത്തുന്നതെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഖത്തര്‍ അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയ പുതിയ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ നോര്‍ത്ത് ഡക്കോട്ടയിലേക്ക് ട്രംപ് ആദ്യ യാത്ര നടത്തുന്നതിന് തൊട്ടുമുമ്പാണ് ഈ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.
Content Summary; Financial disclosures reveal Donald Trump and his family generated over $1 billion from cryptocurrency ventures in his first year back in the White House, sparking outrage and allegations of corruption
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.