ഗ്രാമത്തിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുല്‍ നയീം തന്റെ സമ്പാദ്യവും പിന്നെ കടം വാങ്ങിച്ചതുമായ തുകയും ചേര്‍ത്ത് ഒരു സ്‌കൂള്‍ പണിതത്. എന്നാല്‍ നയീമിന്റെ സ്വപ്നം അധികൃതര്‍ തകര്‍ത്തു. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ മതിലുകളും മുന്‍ഭാഗത്തെ ഷെഡും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി കളഞ്ഞു.
മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനായി അബ്ദുള്‍ നയീം സ്വകാര്യ സ്‌കൂള്‍ നിര്‍മിച്ചത്. ഈ സ്‌കൂള്‍ അനധികൃത മദ്രസയാണെന്ന് തെറ്റായി മുദ്രകുത്തിയാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. അധികൃതര്‍ പറയുന്ന വാദവും ഇത് മദ്രസയാണെന്നാണ്.
ഗ്രാമത്തിലെയും പരിസരത്തെ ഗോത്രവര്‍ഗ്ഗ മേഖലകളിലെയും കുട്ടികള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കാതെ പഠിക്കാന്‍ സൗകര്യമൊരുക്കുക എന്നതായിരുന്നു നയീമിന്റെ സ്വപ്നം.
തന്റെ സ്വകാര്യ ഭൂമിയില്‍ സ്‌കൂള്‍ പണിയാനായി ഭൂമി തരംമാറ്റുന്നതിനും പഞ്ചായത്തില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിനും നയീം അപേക്ഷിച്ചിരുന്നു. ഡിസംബര്‍ 30-ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് ആവശ്യമായ രേഖകളെല്ലാം സഹിതം അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
സ്‌കൂള്‍ നിര്‍മ്മാണം പുരോഗമിക്കവെയാണ് ഇത് ഒരു ‘മദ്രസ’യാണെന്ന തരത്തില്‍ പ്രദേശത്ത് കിംവദന്തികള്‍ പരന്നത്.
‘ഈ ഗ്രാമത്തില്‍ ആകെ മൂന്ന് മുസ്ലിം കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഇവിടെ ഒരു മദ്രസ എങ്ങനെ പ്രവര്‍ത്തിക്കും? കെട്ടിടം പൂര്‍ത്തിയായിട്ടുപോലുമില്ല, അവിടെ ക്ലാസുകളോ വിദ്യാര്‍ത്ഥികളോ ഉണ്ടായിരുന്നില്ല. എന്റെ ഗ്രാമം പുരോഗമിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ സ്‌കൂള്‍ പണിതത്. എന്നാല്‍ ഞങ്ങള്‍ അവിടെ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആരോപിച്ചത്.’ നയീം വേദനയോടെ പറഞ്ഞു.
മതിയായ അനുമതിയില്ലെന്ന് കാട്ടി കെട്ടിടം സ്വയം പൊളിച്ചുനീക്കാന്‍ ഗ്രാമപഞ്ചായത്ത് നയീമിന് നോട്ടീസ് നല്‍കുന്നത് ജനുവരി 11 നാണ്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ നയീം പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ അപേക്ഷ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ജനുവരി 13 ന് നയീമും ഗ്രാമവാസികളും പരാതി നല്‍കാനായി ജില്ലാ കളക്ടറെ കാണാന്‍ പോയ സമയത്താണ് വന്‍ പോലീസ് സന്നാഹത്തോടെ ഭരണകൂടം പൊളിക്കല്‍ നടപടി ആരംഭിച്ചത്. വൈകുന്നേരത്തോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ക്കപ്പെട്ടു.
നിയമലംഘനവും ഭൂമി കയ്യേറ്റവും നടന്നെന്ന ഗ്രാമപഞ്ചായത്തിന്റെ പരാതിയിലാണ് നടപടിയെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അജിത് മറാവി പറഞ്ഞത്. കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചിട്ടില്ലെന്നും നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഭാഗം മാത്രമാണ് നീക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവശ്യമായ എല്ലാ അനുമതികളും കെട്ടിടത്തിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, താന്‍ നിയമപരമായ എല്ലാ നടപടികളും പാലിച്ചിരുന്നെന്നും രേഖകളില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പിഴയടയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നെന്നും നയീം പറഞ്ഞു. ഒരു മനുഷ്യന്റെ ജീവിതസമ്പാദ്യവും നാടിന്റെ വിദ്യാഭ്യാസ സ്വപ്നവുമാണ് വ്യാജപ്രചാരണങ്ങളുടെ പേരില്‍ തകര്‍ക്കപ്പെട്ടതെന്ന് ഗ്രാമവാസികളും ചൂണ്ടിക്കാട്ടുന്നു.
Content Summary; A Muslim man built a private school for his village in Madhya Pradesh, but it was partially demolished by officials following rumors that it was a madrasa
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.