July 08, 2026 |
Share on

‘അവര്‍ തെമ്മാടികളും വഞ്ചകരുമാണ്, സംസാരിച്ച സമയം കളയാനില്ല’; വീണ്ടും വെടി പൊട്ടിച്ച് ട്രംപ്

ഗള്‍ഫില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം, എണ്ണവില കുതിച്ചുയരുന്നു

ഇറാനുമായി ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും അവസാനിച്ചതായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇറാന്‍ ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയില്‍ ട്രംപ് ആഞ്ഞടിച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം ആ കരാര്‍ കഴിഞ്ഞു. ഇനി അവരുമായി യാതൊരു ഇടപാടിനുമില്ല. അവര്‍ വെറും തെമ്മാടികളാണ്, വഞ്ചകരും നുണയന്മാരുമായ ആ കൂട്ടരുമായി സംസാരിക്കുന്നത് സമയനഷ്ടം മാത്രമാണ്. ഞങ്ങളുടെ ചര്‍ച്ചാസംഘത്തിന് വേണമെങ്കില്‍ ചര്‍ച്ചകള്‍ തുടരാം, പക്ഷേ എന്നെ സംബന്ധിച്ച് ഇത് അവസാനിച്ചു,’ ട്രംപ് വ്യക്തമാക്കി.

ഇനി വെടിനിര്‍ത്തല്‍ കരാറിന് പ്രസക്തിയില്ലെന്നാണ് ഇറാനും അറിയിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും, നിലവിലെ കരാര്‍ ഫലശൂന്യമായി എന്നുമാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28-നാണ് ഇറാനെതിരേ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ഇറാനും തിരിച്ചടി തുടങ്ങിയതോടെ അതൊരു യുദ്ധമായി. ലോകത്തിനാകെ തന്നെ അതിന്റെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നതോടെ ഒരു താല്‍ക്കാലിക ശമനം എന്ന പേരിലാണ് ജൂണില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കയും ഇറാനും ഒപ്പിട്ടത്. ഇസ്രയേല്‍ അപ്പോഴും വിട്ടു നിന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ യുഎസിനും ഇറാനും ഇടയില്‍ പരഹരിക്കപ്പെടാതെ കിടന്നതു മൂലം നടത്തി വന്ന എല്ലാ നയതന്ത്ര നീക്കങ്ങള്‍ തടസപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോഴത് പൂര്‍ണ്ണമായും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഖത്തറിന്റെയും സൗദിയുടെയും കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ബുധനാഴ്ച ഇറാനിലെ 80-ലധികം തീരദേശ ലക്ഷ്യങ്ങളില്‍ യു.എസ് സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ, അമേരിക്കന്‍ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈന്‍, കുവൈറ്റ് എന്നിവടങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ തിരിച്ചടി നല്‍കി.

ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ ഇറാന്റെ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും വിജയകരമായി തകര്‍ത്തതായി കുവൈറ്റ് സായുധ സേന സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗള്‍ഫ് മേഖലയില്‍ യുദ്ധം വീണ്ടും കടുക്കുന്ന പശ്ചാത്തലത്തില്‍, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് നടത്താനിരുന്ന ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനം അടിയന്തിരമായി റദ്ദാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഹെഗ്‌സെത് കൂടിക്കാഴ്ച നടത്തേണ്ടതായിരുന്നു.

അതേസമയം, നാറ്റോ ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടക്കുകയാണ്. അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാത്ത നാറ്റോ സഖ്യകക്ഷികളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. പ്രത്യേകിച്ച്, അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിഷേധിച്ച സ്‌പെയിനെതിരെ ട്രംപ് കടുത്ത നിലപാടാണ് സ്വീകരിച്ചത്. ‘സ്‌പെയിനിനെ കൊണ്ട് ഇനി ഒരു ഉപകാരവുമില്ല, അവരുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കണം,’എന്നായിരുന്നു ട്രംപിന്റെ ആക്രോശം.

എന്നാല്‍ നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെ ട്രംപിനെ പുകഴ്ത്താനാണ് അവസരം വിനിയോഗിച്ചത്. കഴിഞ്ഞ രാത്രി ഇറാനില്‍ യു.എസ് നടത്തിയ ആക്രമണം തികച്ചും അനിവാര്യമായിരുന്നുവെന്നും ശക്തമായ മറുപടിയാണ് ട്രംപ് നല്‍കിയതെന്നുമായിരുന്നു റുട്ടെ പറഞ്ഞത്.

വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ ലോകം വീണ്ടും എണ്ണ പ്രതിസന്ധിയിലായിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 78 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള വിലയേക്കാള്‍ വളരെ കൂടുതലാണിത്. അതേസമയം ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് സാമ്പത്തിക മേഖലയെ ഉലയ്ക്കുന്നത്. യുദ്ധത്തിന് മുമ്പ് അന്താരാഷ്ട്ര കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതിരുന്ന ഈ മേഖലയില്‍, തങ്ങളുടെ അനുമതിയില്ലാത്ത റൂട്ടുകളിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ വരും ദിവസങ്ങളില്‍ ആഗോള എണ്ണ വിതരണം വീണ്ടും തടസ്സപ്പെടുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.

US President Donald Trump declares the Iran ceasefire agreement ‘over’ at the NATO summit, calling Iranian leaders ‘liars

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×